ന്യൂദല്‍ഹി: ദല്‍ഹിക്ക് പൂര്‍ണമായും സംസ്ഥാന പദവി നേടിയെടുക്കുക എന്നത് ആംആദ്മിയുടെ പ്രധാന ലക്ഷ്യമായിരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആംആദ്മിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരിക്കും അതെന്നും കെജ്രിവാള്‍ പറഞ്ഞു.
”ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുക എന്നത് ആംആദ്മിയുടെ പ്രകടനപത്രികയിലെ മുഖ്യ അജണ്ടയായിരിക്കും. ദല്‍ഹിക്ക് പൂര്‍ണമായും സംസ്ഥാനപദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിക്കും” കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ സിറ്റി സംസ്ഥാനമായി വേണം. അവര്‍ ഉചിതമായ ഒരു സര്‍ക്കാറിനെ തെരഞ്ഞെടുത്തു. ദല്‍ഹിയുടെ പൂര്‍ണ സംസ്ഥാനപദവിക്ക് വേണ്ടി ഞങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ലെ തെരഞ്ഞടുപ്പില്‍ ആംആദ്മിക്ക് 70 അംഗ നിയമ സഭയില്‍ 67 സീറ്റ് ലഭിച്ചിരുന്നു. ബി.ജെ.പിക്ക് വെറും മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ നേരത്തെ പറഞ്ഞിരുന്നു. ദല്‍ഹിയില്‍ സഖ്യത്തിന് പ്രസക്തിയില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചെന്നും സാധാരണക്കാരുടെ ഇടയില്‍ അരവിന്ദ് കെജ്‌റിവാളിന് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്‌ന ഭേദഗതി നിയമത്തിനെതിരെ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായി പ്രതികരിച്ച് കെജ്രിവാള്‍ രംഗത്തുവന്നിരുന്നു.
പൗരത്വ നിയമം ഒരേ പോലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കുമെന്നും കേന്ദ്രം ആദ്യം ഇവിടുത്തെ പൗരന്മാരുടെ കാര്യമാണ് നോക്കേണ്ടത് എന്നിട്ടാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുടേത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാകിസ്താന്‍ ഇന്ത്യയിലേക്ക് ഹിന്ദു ചാരന്മാരെ അയക്കില്ലെന്ന് പറയാന്‍ എന്ത് ഉറപ്പാണുള്ളതെന്നും കെജ്രിവാള്‍ ചോദിച്ചു.