| Friday, 14th April 2017, 12:04 pm

'സഖാവിന്' വേണ്ടി ഫ്രണ്ട് പേജ് മാറ്റിവെച്ച് ദേശാഭിമാനിയും ജനയുഗവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളുകളായ മലയാളത്തിലിറങ്ങുന്ന ചിത്രങ്ങളിലെല്ലാം ഇടതുപക്ഷം മുഖ്യ പ്രമേയമായി വരുന്നുണ്ട്. മെക്‌സിക്കന്‍ അപാരതയായിരുന്നു തുടക്കം. ദുല്‍ഖര്‍ സല്‍മാന്റെ സി.ഐ.എ വരെ എത്തി നില്‍ക്കുന്ന സിനിമയിലെ ചുവപ്പിന്റെ വിപ്ലവത്തിന് പിന്തുണയുമായി പാര്‍ട്ടിയും രംഗത്തെത്തുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. ആ ഗണത്തില്‍ പെടുന്ന ചിത്രമായ നിവിന്‍ പോളിയുടെ സഖാവിന്റെ പ്രമോഷന്‍ തന്നെ ഉദാഹരണം. ഇപ്പോഴിതാ പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിലും സഖാവ് ഇടം പിടിച്ചിരിക്കുകയാണ്.

യുവ കമ്മ്യൂണിസ്റ്റുകാരന്റെ കഥ പറയുന്ന ചിത്രം സഖാവിന് ദേശാഭിമാനി ദിനപത്രത്തില്‍ ഫ്രണ്ട് പേജ് ഫുള്‍ പരസ്യമാണ് നല്‍കിയിരിക്കുന്നത്. എല്ലാ എഡിഷനുകളിലും ചിത്രത്തിന്റെ പരസ്യം നല്‍കിയിട്ടുണ്ട്.

“കുട്ടികളുടെ ..യുവാക്കളുടെ..കുടുംബപ്രേക്ഷകരുടെ സഖാവ് നാളെയെത്തുന്നു” എന്ന പരസ്യവാചകത്തോടെയാണ് സഖാവിനെ പത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചെങ്കൊടിയേന്തി ഗൗരവത്തോടെ നില്‍ക്കുന്ന നിവിന്‍ പോളിയാണ് ഫ്രണ്ടു പേജില്‍ നിറഞ്ഞു നില്‍ക്കുന്നത്. കേരളത്തിലെ എല്ലാ റിലീസിങ്ങ് കേന്ദ്രങ്ങളുടെ ലിസ്റ്റും ഉള്‍പെടുത്തിയിട്ടുണ്ട്. വായനക്കാര്‍ക്കുള്ള വിഷു ആശംസകള്‍ മൂന്നാം പേജിലാണ് നല്‍കിയിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവിന്റെ പ്രമോഷന് വേണ്ടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ എഎന്‍ ഷംസീര്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഒന്നാം പേജില്‍ സഖാവ് പരസ്യമുണ്ട്. ഹാഫ് പേജായാണ് പരസ്യം നല്‍കിയിരിക്കുന്നത്.


Also Read: ‘ ആരാധകരെ ഞെട്ടിച്ച നരെയ്‌ന്റെ ഓപ്പണിംഗ് എന്‍ട്രി’; തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി നായകന്‍ ഗൗതം ഗംഭീര്‍


നേരത്തെ, ടൊവീനൊ തോമസ് നായകനായ ടോം ഇമ്മിട്ടി ചിത്രമായ ഒരു മെക്സിക്കന്‍ അപാരത പുറത്തിറങ്ങിയപ്പോഴും ദേശാഭിമാനിയില്‍ ഫുള്‍ ഫ്രണ്ട് പേജ് പരസ്യം വന്നിരുന്നു. ഒരു വിഭാഗം ഇടതുപക്ഷ അനുഭാവികളായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും തിയേറ്ററില്‍ എത്തിക്കുന്നതില്‍ ചിത്രത്തിന്റെ പ്രമോഷന് സാധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more