ഫുകുഷിമ നിലയത്തില്‍ നിന്ന് അണുവികിരണമുള്ള ജലം കടലിലേക്കൊഴുകുന്നു
World
ഫുകുഷിമ നിലയത്തില്‍ നിന്ന് അണുവികിരണമുള്ള ജലം കടലിലേക്കൊഴുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2013, 8:45 am

[]ടോക്കിയോ: ##ഫുകുഷിമ ആണവനിലയത്തില്‍ നിന്നും അണുവികിരണമുള്ള ജലം കടലിലേക്കൊഴുകുന്നതായി അധികൃതര്‍ സമ്മതിച്ചു. ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

റിയാക്ടര്‍ തണുപ്പിക്കുന്നതിന് വേണ്ടി സൂക്ഷിച്ച് ജലമാണ് ചോര്‍ന്നത്. എന്നാല്‍ ഇത് ഗുരുതരമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.[]

കഴിഞ്ഞമാസമാണ് അധികൃതര്‍ ആണവനിലയത്തിലെ ഭൂഗര്‍ഭ ജലത്തില്‍ കാന്‍സറിന് കാരണമാകുന്ന സീസിയം 134 ന്റെ അളവ് നൂറ് മടങ്ങ് വര്‍ധിച്ചതായി അറിയിച്ചത്. ഇപ്പോള്‍ വെള്ളം ചോരുന്നത് കൂടി സമ്മതിച്ചതോടെ വലിയ പ്രത്യാഘാതങ്ങളാവും നേരിടേണ്ടി വരിക എന്നാണ് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

2011 ലുണ്ടായ സുനാമിക്ക് ശേഷം ഫുകുഷിമ നിലയത്തിലെ അണുവികിരണം ഇപ്പോഴും സമുദ്രത്തില്‍ തുടരുന്നതായാണ് ജപ്പാന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററി അതോറിറ്റി പറയുന്നത്.

വെള്ളം ചോരുന്നത് കണ്ടെത്താന്‍ വൈകിയതും പ്രത്യാഘാതം ഗുരുതരമാക്കാന്‍ ഇടയുണ്ട്. ജനങ്ങളുടെ ആശങ്ക വര്‍ധിച്ചതില്‍ അധികൃതര്‍ ഇപ്പോള്‍ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ്.

സമുദ്രജലത്തില്‍ അണുവികിരണം കലര്‍ന്നത് കടലിലെ ജൈവ സമ്പത്തിനേയും അതുവഴി മനുഷ്യരേയും പ്രകൃതിയെ ആകമാനവും ബാധിക്കുമെന്നത് ഉറപ്പാണ്. 2011 മാര്‍ച്ചില്‍ ഉണ്ടായ ഭൂകമ്പത്തേയും സുനാമിയേയും തുടര്‍ന്നാണ് ജപ്പാനിലെ ഫുകുഷിമ ആണവ നിലയം തകര്‍ന്നത്.