ഫുക്കുഷിമ ആണവദുരന്തം; ഇന്ത്യ പാഠം പഠിക്കുമോ?
Opinion
ഫുക്കുഷിമ ആണവദുരന്തം; ഇന്ത്യ പാഠം പഠിക്കുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2011, 4:29 pm

ജപ്പാനിലെ ഫുക്കുഷിമ ആണവകേന്ദ്രത്തിലുണ്ടായ ദുരന്തം ഏവരെയും വിഷമിപ്പിക്കുന്നതാണ്. പതിനായിരക്കണക്കിന് ആളുകളെ നേരിട്ടും ലക്ഷക്കണക്കിന് ആളുകളെ അല്ലാതെയും ആണവദുരന്തത്തിന്റെ ഫലമായുണ്ടായ വികിരണം ബാധിച്ചിരിക്കുന്നു. ഡെയ്ച്ചി ആണവ നിലയത്തില്‍ നിന്നുള്ള വികിരണത്തിന്റെ തോത് ഏഴിനും മുകളിലായിരിക്കുന്നു.

ചെര്‍ണോബില്‍ ആണവദുരന്തത്തിന് സമാനമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുള്ളത്. ഈ അവസരത്തില്‍ ഇന്ത്യയിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും ഏറെ ആശങ്കകളുയരുന്നു. 20 ഓളം ആണവ നിലയങ്ങളാണ് ഇന്ത്യയിലുള്ളത്. വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടിയാണ് പ്രധാനമായും ആണവ നിലയങ്ങളെ ആശ്രയിക്കുന്നത്.[]

ആധുനിക സുരക്ഷാസംവിധാനങ്ങളെല്ലാമുപയോഗിച്ചിട്ടും ജപ്പാനിലുണ്ടായ വിനാശം ജനങ്ങളുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആണവ നിലയങ്ങള്‍ അതീവസുരക്ഷിതമാണെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ മറ്റേതെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന പെടാപ്പാട് നമ്മള്‍ക്കറിയാം. മികച്ച ദുരന്തനിവാരണ സംവിധാനങ്ങളില്ലാതെ പ്രകൃതിദുരന്തങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനിന്ന ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന അധികൃതരുടെ അവകാശവാദം വിശ്വസിക്കാനാവില്ല.

ജൈതാപൂരും ഉയരുന്ന ആശങ്കകളും
jaitapurഅപൂര്‍വ്വയിനം സസ്യങ്ങളുടേയും ജന്തുക്കളുടേയും ആവാസവ്യവസ്ഥിതി ഉള്‍ക്കൊള്ളുന്ന, പശ്ചിമഘട്ടത്തില്‍ പെടുന്ന മഹാരാഷട്രയിലെ ജൈതാപൂരില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ആണവകേന്ദ്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ആണവ കേന്ദ്രം സ്ഥാപിക്കുന്നതുമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധങ്ങള്‍ നാള്‍തോറും വര്‍ധിക്കുന്നു.

ജനങ്ങളുമായി ചര്‍ച്ച നടത്തി അവരെ ബോധ്യപ്പെടുത്തിയിട്ടല്ലാതെ ആണവകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഏതുനീക്കവും അപലപനീയമാണ്. അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ. ജൈതാപൂരില്‍ നടക്കുന്നതും അതാണ്്. സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്റിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്ക് ഏറെ ആശങ്കകളുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ പരിഹരിക്കാനോ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനോ മഹാരാഷ്ട്ര സര്‍ക്കാറോ ആണവ സുരക്ഷാ ഏജന്‍സിയോ തയ്യാറായിട്ടില്ല.

ആണവ മേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ കടന്നുവരുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഇന്ത്യയിലും ഇതാണ് നടക്കാന്‍ പോകുന്നത്. ഫ്രഞ്ച് ഭീമനായ അരിവയുമായി സഹകരിച്ചാണ് ജൈതാപൂരിലെ ആണപ്ലാന്റ് നിര്‍മ്മിക്കുക. ഇതിന്റെ പ്രവര്‍ത്തനം ഏതുതരത്തിലായിരിക്കുമെന്നോ, സുരക്ഷയുടെ മാനദണ്ഡമെന്തായിരിക്കുമെന്നോ, ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരത്തുക ഏതുരീതിയില്‍ ഈടാക്കുമെന്നോ എന്നതിനെക്കുറിച്ചൊന്നും ആര്‍ക്കും വ്യക്തതയില്ല.

പ്രത്യേകിച്ചും ഭോപ്പാല്‍ ദുരന്തം ഇന്നും ഇന്ത്യന്‍ മനസാക്ഷിയുടെ മുന്നിലുണ്ട്. നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത കമ്പനി പോറല്‍ പോലുമേല്‍ക്കാതെയാണ് രാജ്യത്തുനിന്നും കടന്നുകളഞ്ഞത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ. വിശദമായ ചര്‍ച്ചകളും സംവാദങ്ങളും ഇനിയും നടക്കേണ്ടതുണ്ട്. ജപ്പാന്‍ ആണവദുരന്തം ഇന്ത്യക്കൊരു പാഠമാണ്. ഫുക്കുഷിമ ദുരന്തത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കുമോ ഇല്ലയോ എന്നതാണ് ഇനിയറിയേണ്ടത്.