| Friday, 25th August 2023, 11:13 am

ഫുകുഷിമ ആണവനിലയത്തിലെ മലിനജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി; സമുദ്രോത്പന്നങ്ങള്‍ നിരോധിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒകുമ: 2011ലെ സുനാമിയില്‍ തകര്‍ന്ന ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുള്ള മലിന ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. ആണവനിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് കിരണങ്ങള്‍ കലര്‍ന്ന ജലം ശുദ്ധീകരിച്ച് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്ന സംവിധാനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

ആണവ നിലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ആദ്യ ഘട്ടമാണ് ഒഴുക്കി വിടുന്നതെന്ന് ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിങ് (ടെപ്‌കോ) അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.03ഓട് കൂടിയാണ് ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങിയതെന്നും നിലവില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ടെപ്‌കോ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ് തന്നെ ജപ്പാന്‍ സര്‍ക്കാര്‍ പദ്ധതിക്ക് ഒപ്പുവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസമാണ് ഐക്യരാഷ്ട്ര സഭയുടെ ആണവനിരീക്ഷണ സംഘടനയായ ഐ.എ.ഇ.എ അനുമതി നല്‍കിയത്.

അതേസമയം ജപ്പാനില്‍ നിന്ന് സമുദ്രോല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ചൈന നിരോധനമേര്‍പ്പെടുത്തി. റേഡിയോ ആക്ടീവ് കിരണങ്ങള്‍ കലര്‍ന്ന ജപ്പാനിലെ ഭക്ഷണത്തിനെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കുറിച്ച് ആശങ്കയുണ്ടെന്ന് ചൈനയുടെ കസ്റ്റംസ് അറിയിച്ചു. ജലം ഒഴിക്കുവിടുന്നത് സുരക്ഷിതമാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചൈന പറയുന്നു.

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജപ്പാന്‍ സ്വന്തം ജനങ്ങള്‍ക്കും ലോക ജനതയ്ക്കും ദോഷം വരുത്തരുതെന്നും ചൈനയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചൈന ഉന്നയിക്കുന്നതെന്നും ജപ്പാനും പറഞ്ഞു.

2022ല്‍ 600 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സമുദ്രോത്പന്നങ്ങളാണ് ചൈന ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇത് ഹോങ്കോങ്ങിന് ശേഷമുള്ള ജപ്പാന്റെ ഏറ്റവും വലിയ വിപണിയായാണ് കണക്കാക്കുന്നത്.

എന്നാല്‍ ചൈനയെ കൂടാതെ ഹോങ്കോങ്ങും മക്കാവുവും വ്യാഴാഴ്ച മുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ കുറയുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്ന് സൗത്ത് കൊറിയയും അറിയിച്ചു.

ജലം ഒഴുക്കി വിടുന്നതില്‍ ജപ്പാനിലെ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ വികിരണം കലര്‍ന്ന ജലം പ്രത്യേകമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് തുറന്നു വിടുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ടെപ്‌കോ അധികൃതരും ജപ്പാന്‍ സര്‍ക്കാറും പറയുന്നത്.

content highlights: Fukushima nuclear power plant’s wastewater began to flow into the sea; China bans seafood

We use cookies to give you the best possible experience. Learn more