| Saturday, 9th March 2019, 10:12 am

ലണ്ടന്‍ നഗരത്തിലൂടെ വിലസി നീരവ് മോദി; ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്ന് മറുപടി; വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ വ്യവസായി നീരവ് മോദി ലണ്ടനില്‍. യു.കെ ഡെയ്‌ലി ടെലഗ്രാഫാണ് ലണ്ടന്‍ നഗരമധ്യത്തിലൂടെ നടക്കുന്ന നീരവ് മോദിയുടെ വീഡിയോ പകര്‍ത്തിയത്.

ലണ്ടനില്‍ ബിനാമി പേരില്‍ നീരവ് മോദി വജ്രവ്യാപാരം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നീരവ് മോദിയോട് മാധ്യമപ്രവര്‍ത്തകന്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല.

നഗരമധ്യത്തിലൂടെ നടന്നുനീങ്ങിയ അദ്ദേഹം മാധ്യമങ്ങള്‍ പിന്തുടരുന്നെന്ന് കണ്ടതോടെ വാഹത്തിനടുത്തേക്ക് നടക്കുകയുംചെയ്തു. മുടിയും താടിയും നീട്ടി പുതിയ മേക്കോവറില്‍ എത്തിയ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കുന്നില്ല.

ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ ഒരു അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി അവിടെയാണ് നീരവ് മോദി താമസിക്കുന്നതെന്നാണ് യു.കെ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് ലണ്ടന്‍ നഗരത്തിലൂടെ സൈ്വര്യവിഹാരം നടത്തുന്ന നീരവ് മോദിയുടെ വീഡിയോകളും പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെ അലിബാഗിലുള്ള 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് ഇടിച്ചുനിരത്തിയിരുന്നു. റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു ബംഗ്ലാവ് ഇടിച്ചുനിരത്തിയത്.

കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് പടുത്തുയര്‍ത്ത ബംഗ്ലാവിന്റെ പൊളിച്ചുമാറ്റല്‍ നടപടി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.

കരുത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി തകര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ സ്വാഭാവികരീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്ന വിദഗ്ദ്ധാഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം.

നിരവ് മോദി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയതിന് ശേഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്ന ഓഴിവുകാല വസതി കൂടിയായിരുന്നു രൂപാന ബംഗ്ലാവ്.

33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ചിലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുല്യമേറിയ വസ്തുക്കള്‍ ബാങ്കുകള്‍ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു.

നീരവ് മോദിയുടെ 148 കോടി വില വരുന്ന സ്വത്തുക്കള്‍ മുംബൈയില്‍ നിന്നും സൂറത്തില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പിടിച്ചെടുത്തിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ നിലനില്‍ക്കുന്ന കുറ്റം.

വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെട്ടിരുന്നു.

എന്‍.ജി.ഒയായ ശംഭുരാജേ യുവ കാന്തി 2009 ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു ബംഗ്ലാവിനെതിരെ കോടതി നടപടിയെടുത്തത്. നിയമവിരുദ്ധമായി നിര്‍മിച്ച ബംഗ്ലാവുകള്‍ക്കെതിരെയും ഹോട്ടലുകള്‍ക്കെതിരെയും നടപടികള്‍ എടുക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more