നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മെഹുല്‍ ചോക്‌സി പിടിയില്‍; അറസ്റ്റിലായത് ക്യൂബയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ
national news
നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മെഹുല്‍ ചോക്‌സി പിടിയില്‍; അറസ്റ്റിലായത് ക്യൂബയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 8:27 am

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും വജ്ര വ്യാപാരിയുമായിരുന്ന മെഹുല്‍ ചോക്‌സി പിടിയില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനികയില്‍ വെച്ച് ചോക്‌സി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്‌സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്‌സി കഴിഞ്ഞിരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചോക്‌സി നടത്തിയ 14,000 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. ചോക്‌സിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു.

കേസ് അന്വേഷിക്കുന്ന സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നിയമനടപടികളും വേഗത്തിലാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് ദ്വീപില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചോക്‌സി. ഒരാഴ്ച മുന്‍പാണ് ആന്റിഗ്വയില്‍ നിന്നും ഇയാളെ കാണാതായത്.

ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്‌സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനിക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ചോക്‌സിയെ ആന്റിഗ്വയിലേക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത് ചോക്‌സിക്ക് തിരിച്ചടിയാകുമെന്നും ആന്റിഗ്വയില്‍ നിന്നും ചോക്‌സിയെ വിട്ടുകിട്ടാനായി ഇന്ത്യ നല്‍കിയ ഹരജിയെ സഹായിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Fugitive Jeweller Mehul Choksi’s Dramatic Capture After Escape By Boat