തീവില; കോഴിക്കോട് ഫ്രീ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ 'പെട്രോള്‍ മോഷണ' സംഘം വിലസുന്നു
Kerala News
തീവില; കോഴിക്കോട് ഫ്രീ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ 'പെട്രോള്‍ മോഷണ' സംഘം വിലസുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 4:15 pm

കോഴിക്കോട്: നഗരങ്ങള്‍ കേന്ദ്രീകരിച്ച് പെട്രോള്‍ മോഷണ സംഘം വിലസുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് പൊലീസിന് ദിവസവും ലഭിക്കുന്നത്. പരാതിപ്പെടാത്ത കൂടുതല്‍ കേസുകള്‍ വേറെയുമുണ്ടാകാനാണ് സാധ്യത.

വാഹനങ്ങളിലെ ടാങ്കുകളില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇന്ധന മോഷണം നടത്തുന്ന വിദഗ്ധ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.

പ്രധാനമായും ബൈക്കുകളാണ് ഇത്തരം മോഷണത്തിന് ഇരയാകുന്നത്. എന്നാല്‍ ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ വരെ പെട്രോള്‍ മോഷണത്തിന് ഇരയായിതിനും പരാതികളുണ്ട്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് പരിസരങ്ങളിലും ബീച്ചിന്റെ സമീപ പ്രദേശത്തുമുള്ള ഫ്രീ പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിക്കൂറുകള്‍ പാര്‍ക്കിംഗ് ചെയ്യപ്പെടുന്ന വാഹനത്തെ കണ്ടത്തിയാണ് സംഘം മോഷണത്തിന് തയ്യാറെടുക്കുന്നത്.

ഇന്ധന വില വര്‍ധനയാണ് ഇത്തരത്തിലുള്ള മോഷണം വര്‍ധിക്കാനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്. നേരത്തെ പെട്രോളിനും ഡീസലിനും ലിറ്ററിന് ദിവസവും 80 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. കണക്കുപ്രകാരം കേരളത്തില്‍ പെട്രോളിന് 115 രൂപയും ഡീസലിന് 102 രൂപയുമാണ്.

അതേസമയം, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് മുതല്‍ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ അസംസ്‌കൃത വസ്തുക്കളുടെ(ക്രൂഡ് ഓയില്‍) വില ബാരലിന് ഏകദേശം 30 ഡോളര്‍ വര്‍ധിക്കുകയും ചെയ്തിരുന്നു.