| Thursday, 3rd December 2020, 2:17 pm

മോദിയുടെ കണക്കുകള്‍ തെറ്റ്; ബി.ജെ.പി ഭരണത്തില്‍ ക്രൂഡ് ഓയില്‍ വില പകുതി കുറഞ്ഞിട്ടും ഇന്ധന വില കുത്തനെ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് മാഹാമാരി സൃഷ്ടിച്ച ദുരിതങ്ങളെ മറികടക്കാനാവാതെ രാജ്യത്തെ അസംഖ്യം ജനത പൊറുതിമുട്ടുന്ന ഈ ദുരന്ത കാലത്തും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറും എണ്ണക്കമ്പനികളും തങ്ങളുടെ പകല്‍ക്കൊള്ള നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ പത്തിലധികം ദിവസമായി രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പാചക വാതക വിലയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നു.

എല്ലാ ദിവസവും ഇന്ധന വിലവര്‍ധിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത് ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ അഥവാ ക്രൂഡ് ഓയിലിന്റെ വില വര്‍ധനയാണ്. എല്ലാ കാലത്തും എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാറും ഇതു തന്നെയാണ് പറയാറുള്ളത്. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില കൂടി എന്ന് പറഞ്ഞ് രാജ്യത്തെ എണ്ണ വില വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ ഒരിക്കലും ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ഇവിടെ എണ്ണവില കുറയ്ക്കാറില്ല. ഏതാണ്ട് ഒരു മാസം മുമ്പ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞപ്പോള്‍ നമ്മുടെ സര്‍ക്കാറും എണ്ണക്കമ്പനികളും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്.

എന്നാല്‍ അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ രാജ്യത്ത് എണ്ണ വില ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളായിരുന്നു അത്. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നപ്പോഴും രാജ്യത്ത് എണ്ണ വില ഉയരാതെ നോക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതായത് സര്‍ക്കാര്‍ വിചാരിച്ചാല്‍ വിലനിയന്ത്രണം സാധ്യമാണ് എന്നര്‍ത്ഥം.

യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഇന്ധനവിലവര്‍ധനവിനെതിരെ ദേശീയവ്യാപകമായി നിരവധി സമരങ്ങള്‍ നടത്തുകയും അതൊരു രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത ബി.ജെ.പി പിന്നീട് അധികാരത്തിലെത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് കൂടി നോക്കാം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിന് എതിരെയുള്ള ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇന്ധനവില വര്‍ധനവ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധന വില വര്‍ധനവെന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നത്. എന്നാല്‍ നരേന്ദ്രമോദിയുടെ കാലത്തെ ഇന്ധനവില വര്‍ധനവ് യു.പി.എ സര്‍ക്കാറിന്റെ കാലത്തേതിനേക്കാള്‍ പരിതാപകരമാണ്.

2014ല്‍ മോദി അധികാരമേല്‍ക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിനടുത്തായിരുന്നു. അന്നാകട്ടെ പെട്രോളിന്റെ ശരാശരി വില 72 രൂപയും. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഇതുവരെയുള്ള വര്‍ഷങ്ങളിലെല്ലാം ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ ഇടിവായിരുന്നു സംഭവിച്ചത്. ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് വെറും 45 ഡോളര്‍ മാത്രമാണ്. അതായത് ബി.ജെ.പി അധികാരത്തില്‍ വരുന്ന സമയത്തെ ക്രൂഡ് ഓയില്‍ വിലയുടെ പകുതിയില്‍ താഴെ മാത്രം. ക്രൂഡ് ഓയിലിന്റെ വിലയിലുള്ള കുത്തനെയുള്ള ഈ ഇടിവ് സ്വാഭിവകമായും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയരീതിയില്‍ കുറയ്ക്കണം. പക്ഷെ, വിരോധാഭാസമെന്ന് പറയാം ഒരിക്കല്‍ പോലും രാജ്യത്തെ ഇന്ധനവില ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായി കുറഞ്ഞില്ല എന്ന് മാത്രമല്ല പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ വര്‍ധനവുണ്ടാക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ പെട്രോളിന്റെ നിലവിലെ വില 82 രൂപയാണ്.

അനുദിനം കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് നമ്മളെ അത്ഭുതപ്പെടുത്താതായിട്ട് കാലങ്ങളായി. എങ്കിലും രാജ്യത്ത് ഈ വില വര്‍ധനവ് വരുന്ന സമയത്തെല്ലാം എല്ലാവരുടെയും മനസ്സില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും വില ആരാണ് നിശ്ചയിക്കുന്നത്? അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോഴെല്ലാം അതിനനുസരിച്ച് കൂടുന്ന എണ്ണ വില ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ അതിനനുസരിച്ച് കുറയാത്തതെന്തുകൊണ്ടാണ്. ഈ വിശദാശംങ്ങള്‍ പരിശോധിക്കാം.

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം. പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.

അതിനാല്‍ രാജ്യത്തെ ഇന്ധനവില ഒരു വണ്‍ വേ റോഡ് പോലെയാണ്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും. ഇത് രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന സമയത്താണെങ്കില്‍ സാധാരണക്കാരന്റെ കൈപൊള്ളുന്ന അവസ്ഥയില്‍ ആയിരിക്കും വര്‍ധനവ്. പക്ഷെ നേരെ തിരിച്ച് ക്രൂഡ് ഓയില്‍ വില കുറയുന്ന സമയത്തൊന്നും പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയില്‍ യാതൊരു മാറ്റവുമുണ്ടാകാറില്ല. ആ സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് തീരുവ അടക്കമുള്ള നികുതികള്‍ ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. പ്രധാന വരുമാന സ്രോതസ്സായ ഈ നികുതിയിനത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാരുകള്‍ ഒരു കാലത്തും ശ്രമിക്കാറില്ല. അതിനാല്‍ തികച്ചും ന്യായമായും ലഭിക്കേണ്ട വിലക്കുറവ് ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും കൂടുതല്‍ പണം നല്‍കേണ്ടിയും വരുന്നു.

പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം 2011ലാണ് സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ ഗുണം എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും എന്നു പറഞ്ഞുകൊണ്ടായിരുന്നു അന്ന് ഈ മാറ്റം വരുത്തിയത്. പക്ഷെ ഈ വാഗ്ദാനത്തിന്റെ ഗുണം ജനങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചില്ലെന്ന് മാത്രം.

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ എങ്ങിനെയായിരുന്നെന്നും ആ സമയത്ത് ഇന്ത്യയിലെ ഇന്ധനവില എത്തരത്തിലായിരുന്നെന്നും പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കുറെ കൂടെ വ്യക്തമാകും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാരലിന് 55 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്റെ വിലയെങ്കില്‍ മാര്‍ച്ചില്‍ ഇത് 20 ഡോളറിലേക്ക് വരെ ഇടിഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്തെല്ലാം എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയെ അങ്ങിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. 2014 മെയില്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിന് 258 ശതമാനവും ഡീസലിന് 819 ശതമാനവുമാണ് എക്‌സൈസ് തീരുവയില്‍ മോദി സര്‍ക്കാര്‍ വര്‍ധനവുണ്ടാക്കിയത്.

ഈ വര്‍ഷം ക്രൂഡ് ഓയില്‍ വിലയിടവിനെ തുടര്‍ന്ന് 5 മുതല്‍ 10 രൂപ വരെ റീട്ടെയ്ല്‍ വിലയില്‍ കുറവുണ്ടാകുമെന്ന് കരുതി നില്‍ക്കുന്ന സമയത്തും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് ആ വിലക്കുറവും കേന്ദ്രം ഇല്ലാതാക്കിയിരുന്നു. അസംസ്‌കൃത എണ്ണയുടെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുമ്പോഴും, ഈ എക്‌സൈസ് തീരുവ കൂടാതെ, പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വിലയടക്കം പല തവണ വര്‍ധിപ്പിച്ചിരുന്നു കേന്ദ്രം.

ഇപ്പോള്‍ കൊവിഡ് കാലത്ത് ദൈനംദിന ചിലവുകള്‍ക്ക് പോലും ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയ്ക്കാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ എണ്ണവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fuel Price in India – BJP Government

We use cookies to give you the best possible experience. Learn more