കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ ഇടപെട്ട് ഹൈക്കോടതി. വില നിയന്ത്രിക്കാന്‍ ഇടപെടണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
ജി.എസ്.ടി. കൗണ്‍സിലിനോടും വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
കേരള കാത്തലിക് ഫെഡറേഷനാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിച്ചത്.
ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്.
ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും ഉയര്‍ന്നേനെ.
പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.
പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്നു 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചു.