തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപയും 16 പൈസയുമായി വര്‍ധിച്ചു. ഡീസല്‍ വില 93 രൂപ 48 പൈസയുമായി.
കഴിഞ്ഞ ദിവസവും ഇന്ധനവില കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 29 പൈസ വീതമായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നിട്ടുണ്ട്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില വര്‍ധിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നലെയാണ് വീണ്ടും ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. ഇന്ധനവില വര്‍ധനയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുന്നുണ്ട്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.