| Sunday, 5th January 2025, 12:32 pm

പെട്രോളിന് നീല, ഡീസലിന് ഓറഞ്ച്; വാഹനങ്ങള്‍ക്ക് ഇന്ധന കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാഹനങ്ങളില്‍ ഇന്ധന കളര്‍ കോഡുകള്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പ്രസ്താവം.

ആര്‍ട്ടിക്കിള്‍ 142 പ്രകാരം വാഹന ഉടമകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനായി ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറമുള്ള സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനത്തിന്റെ തരം തിരിച്ചറിയാന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

രാജ്യവ്യാപകമായി ഈ പദ്ധതി പ്രായോഗികമാക്കുന്നതിന് മോട്ടോര്‍ വാഹന നിയമപ്രകാരം ചില പരിമിതികളുണ്ടെന്നും ഇത് ആര്‍ട്ടിക്കിള്‍ 142 പ്രകാരം പരിഹരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കില്‍ കോടതി അധികാരം വിനിയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി.

2018ലെ ഉത്തരവിനും 2019ലെ മോട്ടോര്‍ വാഹന ചട്ട ഭേദഗതിക്കും ഇടയില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ രജിസട്രേഷന്‍ മാര്‍ക്കിങ്ങിനായി പ്രത്യേക ഡിസ്‌പ്ലേ ഏരിയ നല്‍കിയെങ്കിലും ഹോളോഗ്രാമോ കളര്‍ കോഡോ നല്‍കിയിരുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു.

ഓര്‍ഡറുകള്‍ പാസാക്കുന്നത് കൊണ്ട് മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും കളര്‍ കോഡുകള്‍ നടപ്പിലാക്കണമെന്നും ഹോളോഗ്രാമുകള്‍ക്കും കളര്‍ കോഡിങ്ങിനും അതിന്റേതായ നേട്ടമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിലെ നടപടികള്‍ പ്രകാരം ഡീസല്‍ വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഇത് പ്രകാരം 2018ല്‍ ഇന്ധന തരങ്ങള്‍ തിരിച്ചറിയുന്നതിനും മലിനീകരണ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുമായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളര്‍ കോഡ് സിസ്റ്റം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ 2018ലെ നിര്‍ദേശം ദല്‍ഹിയില്‍ മാത്രം പ്രായോഗിക്കമാക്കേണ്ടതല്ല, രാജ്യത്താകമാനം ആ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ഓഗസ്റ്റ് മുതല്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രഷന്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്ക് കളര്‍ കോഡുള്ള സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5,500 രൂപ പിഴയും ഈടാക്കുന്നുണ്ട്.

Content Highlight: Fuel color codes should be made mandatory for all vehicles in the country: Supreme Court

We use cookies to give you the best possible experience. Learn more