| Sunday, 13th September 2015, 11:49 am

എഫ്.ടി.ഐ.ഐ: നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വഷളാകുന്നുവെന്ന് കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രക്ഷിതാക്കളുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കത്തയച്ചു. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യം വഷളാവുകയാണെന്നും ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ കത്തയച്ചിരിക്കുന്നത്.

ബി.ജെ.പിക്കാരനായ ഗജേന്ദ്ര ചൗഹാനെ മഹാഭാരതം സീരിയലില്‍ അഭിനയിച്ചുവെന്ന കാരണത്താല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. നാളുകളായി നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമാണ് അവര്‍ നിരാഹാര സമരം ആരംഭിച്ചിരുന്നത്.

സര്‍ക്കാറിന് സമരത്തോടും വിദ്യാര്‍ത്ഥികളോടുമുള്ള മനോഭാവത്തെ രക്ഷിതാക്കള്‍ കത്തില്‍ വിമര്‍ശിക്കുന്നു മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിലുള്ള ആശങ്കയും അവര്‍ കത്തില്‍ പങ്കുവെച്ചു. ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് നിരാഹാര സമരം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്നുമാണ് രക്ഷിതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 12 മുതലാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more