പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥി നേതാവ് രാകേഷ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഗജേന്ദ്ര ചൗഹാനെതിരായി സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നീണ്ട 139 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കി സമരം അവസാനിക്കുന്നത്.
ഞങ്ങള്‍ ക്ലാസുകളിലേക്ക് മടങ്ങുകയാണ് ഗജേന്ദ്ര ചൗഹാന്റെ നിയമന കാര്യത്തില്‍ തീരുമാനമാവുന്നത് വരെ മന്ത്രാലയുമായി സഹകരിക്കില്ല. ജനാധിപത്യപരമായ മാര്‍ഗത്തിലാണ് പ്രതിഷേധിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പൂനെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 12 മുതലാണ് ഗജേന്ദ്ര ഹൗഹാന്റെയും മറ്റ് നാല് പേരുടെയും നിയമനങ്ങള്‍ക്കെതിരെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്. ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയും ആര്‍.എസ്.എസ് നേതാക്കളായ അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളാക്കിയുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.
സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പ്രതിനിധികള്‍ നിരവധി തവണ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.