ന്യൂദല്‍ഹി: പൂനെ ഫിലിം ഇന്‍സ്്റ്റിറ്റിയൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ നാലാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതാണ് കാരണം. അഞ്ചാം ഘട്ട ചര്‍ച്ച ഒക്ടോബര്‍ 13ന് ന്യൂദല്‍ഹിയിലാണ് തീരുമാനിച്ചിരിക്കുന്നത്.
എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ഹരിശങ്കര്‍ നാച്ചിമുത്തു ഉള്‍പ്പടെ 7 വിദ്യാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തിയത്. നേരത്തെ ഒക്ടോബര്‍ ഏഴിന് നടന്ന മൂന്നാംഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രശ്‌ന പരിഹാരത്തിനായുള്ള നടപടികള്‍ തുടരണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ജൂണ്‍ 12 മുതലാണ് എഫ്.ടി.ഐയില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം 121 ദിവസം പിന്നിടുകയാണ്. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാും ആര്‍.എസ്.എസ് നേതാക്കളായ അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളാക്കിയ തീരുമാനത്തിനെതിരായാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.