| Wednesday, 19th August 2015, 5:16 pm

'എന്നെ പീഡിപ്പിച്ചു, എനിക്കും സ്വാതന്ത്ര്യമില്ലേ?': വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് എഫ്.ടി.ഐ.ഐ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഫ്.ടി.ഐ.ഐയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത പോലീസ് നടപടി ന്യായീകരിച്ച് എഫ്.ടി.ഐ.ഐ ഡയറക്ടര്‍ പ്രശാന്ത് പത്രബെ. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ തന്നെ മണിക്കൂറുകളോളം ചോദ്യംചെയ്തു പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

“എന്നെ നിയമവിരുദ്ധമായി പൂട്ടിയിട്ടു. വീണ്ടും വീണ്ടും ഒരേ ചോദ്യം ചോദിച്ചു. അവര്‍ ചീത്തവിളിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തു.” പാത്രബെ പൂനെയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാത്രബേയെ കഴിഞ്ഞദിവസം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഖരാവോ ചെയ്തിരുന്നു.

” ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദ്യാര്‍ത്ഥികളെന്നു വിളിക്കുക? കുറച്ചുകുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യമല്ല, എന്താ എന്റെ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതല്ലേ?” അദ്ദേഹം ചോദിച്ചു.

തിങ്കളാഴ്ച നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു പാത്രബേയുടെ പത്രസമ്മേളനം. തിങ്കളാഴ്ച 40 വിദ്യാര്‍ത്ഥികള്‍ തന്റെ ഓഫീസിലേക്കു കടന്നു വന്നു. പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ പ്രോ ഡാറ്റ അസസ്‌മെന്റ് എന്ന തീരുമാനവുമായ മുന്നോട്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

“അവര്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു. എനിക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സീറ്റില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നു പറഞ്ഞു.” പത്രബേ പറഞ്ഞു.

ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ സ്ഥാപനത്തെയും അതിന്റെ ഡയറക്ടറെയും മോശമായി ചിത്രീകരിക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടകമായിരുന്നു കഴിഞ്ഞദിവസം നടന്ന സംഭവങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

മോശം പെരുമാറ്റം നാലഞ്ച് മണിക്കൂര്‍ നീണ്ടശേഷമാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ മല്‍പ്പിടുത്തം നടന്നിരുന്നു. അതിനിടയില്‍ താനും തള്ളിമാറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയ്ക്കാണ് താന്‍ പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലായിരുന്നു പരാതി നല്‍കാന്‍ 24 മണിക്കൂറിലേറെ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മതിയായ യോഗ്യതയില്ലാത്ത നടന്‍ ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐയുടെ ചെയര്‍മാനായി നിയമിച്ചതുമുതലാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. എഫ്.ടി.ഐ.ഐ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിന്റെ പേരില്‍ സ്ഥാപനത്തിലെ ചില ഫാക്വല്‍ടികളും രാജിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more