വാഷിങ്ടണ്‍: 2014ന് ശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം ഇരുപതിനായിരം കടന്നതായി റിപ്പോര്‍ട്ട്. യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈ വരെ രാഷ്ട്രീയ അഭയം തേടിയവരുടെ എണ്ണം 20235 വരും.
2018ല്‍ ജൂലൈ വരെ 7,214 ഇന്ത്യയ്ക്കാരാണ് അമേരിക്കയില്‍ അഭയം തേടിയത്. ഇതില്‍ 296 പേര്‍ സ്ത്രീകളാണ്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബില്‍ നിന്നുള്ള ഇന്ത്യക്കാരുടെ സംഘടനയായ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരങ്ങള്‍ നല്‍കിയത്.
ഇതുപ്രകാരം 2014ല്‍ 2036 ഇന്ത്യക്കാരും 2015ല്‍ 96 സ്്ത്രീകളുള്‍പ്പെടെ 2971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.
2016 ആകുമ്പോഴേക്കും ഇതില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 123 സ്ത്രീകള്‍ ഉള്‍പ്പെടെ 4088 സ്ത്രീകളാണ് അഭയം ആവശ്യപ്പെട്ട് സമീപിച്ചത്. എന്നാല്‍ 2017ല്‍ നേരിയ കുറവുണ്ടായി. പക്ഷെ സ്ത്രീകളുടെ എണ്ണം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
187 സ്ത്രീകള്‍ ഉള്‍പ്പെടെ 3656 ഇന്ത്യക്കാരാണ് രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയത്. ഈ വര്‍ധനവ് ഇരട്ടിയോളമാണ്. ഇത് ആശങ്കാജനകമാണെന്ന് എന്‍.എ.പി.എ. അധ്യക്ഷന്‍ സത്‌നാം സിങ് പറയുന്നു.
കലാപം, മതവിദ്വേഷം, ദേശീയത, രാഷ്ട്രീയ അഭിപ്രായ ഭിന്നത, തുടങ്ങിയ കാര്യങ്ങളെതുടര്‍ന്ന് വേട്ടയാടപ്പെടുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ അമേരിക്കയില്‍ നിയമമുണ്ട്. ഇതാണ് ഇവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.