| Tuesday, 4th August 2015, 10:28 pm

മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് എഫ്.എസ്.എസ്.എ.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ് മാഗി ന്യൂഡില്‍സെന്ന കേന്ദ്ര ഫുഡ് ടെക്‌നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.എഫ്.ടി.ആര്‍.ഐ) കണ്ടെത്തല്‍ എഫ്.എസ്.എസ്.എ.ഐ അംഗീകരിക്കുകയായിരുന്നു.

ഗോവ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അയച്ചുകൊടുത്ത അഞ്ച് സാമ്പിളുകളാണ് സി.എഫ്.ടി.ആര്‍.ഐ പരിശേധനയ്ക്ക് വിധേയമാക്കിയത്. അമിതമായ അളവില്‍ ലെഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണിലായിരുന്നു മാഗി നിരോധിച്ചിരുന്നത്. അന്ന് അയച്ചുകൊടുത്ത സാമ്പിളുകളുടെ പരിശോധനാഫലത്തിലാണ് ഈ കണ്ടെത്തല്‍.

“മാഗി നൂഡില്‍സ് 2011 ലെ ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടെന്നാണ് സാമ്പിളുകളില്‍ നിന്ന് സി.എഫ്.ടി.ആര്‍.ഐ കണ്ടെത്തിയിരിക്കുന്നത്.” ഗോവ എഫ്.ഡി.എ ഡയറക്ടര്‍ സലീം എ വെല്‍ജീ പറഞ്ഞു.

മാഗി ന്യൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ് കണ്ടെത്തിയതിന് പിന്നാലെ മറ്റ് ബ്രാന്റുകളിലും പരിശോധന നടത്തിയിരുന്നു. അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡും മോണോസോഡിയം ഗ്ലൂട്ടമേറ്റും കണ്ടെത്തിയതിനെത്തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ഒന്‍പത് വകഭേതങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നെസ്ലെയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more