| Friday, 5th July 2024, 12:56 pm

രാസവസ്തുക്കളുടെ സാന്നിധ്യം; 111 കറി പൗഡർ നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളമുള്ള 111 സുഗന്ധവ്യഞ്ജന ഉത്പാദകരുടെ നിർമാണ ലൈസൻസ് റദ്ദാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉത്പാദനം എത്രയും വേഗം നിർത്താനും ഉത്പാദകർക്ക് എഫ്.എസ്.എസ്.എ.ഐ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലൈസൻസ് റദ്ദാക്കപ്പെട്ടവരിൽ ജനപ്രിയ ബ്രാൻഡുകളായ എവറസ്റ്റ്, എം.ഡി.എച്ച്, ക്യാച്ച്, ബാദ്ഷാ എന്നിവയും ഉൾപ്പെടുന്നു.

ഈ വർഷം ഏപ്രിലിൽ എവറസ്റ്റും എം.ഡി.എച്ചും ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ എഥിലീൻ ഓക്‌സൈഡിൻ്റെ സാന്നിധ്യത്തെക്കുറിച്ച് ആരോപണം ഉയർന്നതിനെത്തുടർന്ന്, ഉപഭോക്തൃ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായി അലേർട്ടുകൾ നൽകാൻ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തീരുമാനിക്കുകയായിരുന്നു.

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഉത്പാദകരിൽ ഭൂരിഭാഗം പേരുടെയും ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കമ്പനികളും പരിശോധനയിലാണ്. ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികൾ കൂടുതലും ചെറുകിട സ്ഥാപനങ്ങളാണ്.

മഞ്ഞൾ, മുളകുപൊടി, കുരുമുളക്, കറുവപ്പട്ട, മല്ലിപ്പൊടി തുടങ്ങിയവയിലൊക്കെയും മായം കലരാൻ സാധ്യതയുണ്ട്. സുഗന്ധവ്യഞ്ജന നിർമാതാക്കൾ ഈ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനും വേണ്ടി കൃത്രിമ നിറങ്ങൾ, ചായങ്ങൾ തുടങ്ങിയവ ചേർക്കുന്നതാണ് റിപ്പോർട്ടുകൾ

സുഗന്ധവ്യഞ്ജനങ്ങൾക്കായുള്ള നിലവിലെ സാമ്പിൾ പരിശോധനയിൽ ഈർപ്പത്തിൻ്റെ അളവ്, മലിനീകരണം, അഫ്ലാറ്റോക്സിൻ, കീടനാശിനി, ജന്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ പാരാമീറ്ററുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlight: FSSAI Cancels Manufacturing Licenses of 111 Spice Producers Over Adulteration Concerns

We use cookies to give you the best possible experience. Learn more