ചെന്നൈ: തന്റെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നല്കുന്നില്ലെന്ന് പറഞ്ഞ് ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്.
ജെ. മുരളി കൃഷ്‌ണനാണ് മദ്യലഹരിയിൽ ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് നേരെ ബോംബെറിഞ്ഞത്. ഇയാളെ സംഭവസ്ഥലത്ത് നിന്ന് കൊത്തവൽ ചാവടി പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിൽ കുപ്പി പോലൊരു വസ്തുവുമായി കയറി വന്ന ഇയാൾ ലൈറ്റർ കൊണ്ട് അത് കത്തിച്ച് പ്രതിഷ്ഠക്ക് നേരെ എറിയുകയായിരുന്നു എന്ന് ക്ഷേത്ര പുരോഹിതൻ പറഞ്ഞു.
‘ഞങ്ങൾ പുറത്തിരിക്കുകയായിരുന്നു. അപ്പോൾ വള്ളിചെരുപ്പ് ധരിച്ച് ഒരാൾ അകത്ത് കയറുകയും ഗർഭഗൃഹത്തിന് സമീപം ചെന്ന് ദൈവം അയാളുടെ പ്രാർത്ഥന കേൾക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു.
എന്നിട്ട് അയാൾ കുപ്പിയെറിഞ്ഞു. ഞങ്ങൾ പ്രതിഷ്ഠക്ക് സമീപം അല്ലാതിരുന്നത് കൊണ്ട് പരിക്ക് പറ്റിയില്ല. ദൈവത്തിനർപ്പിച്ച പൂക്കൾ കരിഞ്ഞുപോയി. അപ്പോൾ അവിടെ ഞങ്ങൾ നാല് പേരുണ്ടായിരുന്നു. ശബ്ദം കെട്ട് ഓടി വന്ന എല്ലാവരും തീയണക്കാൻ വെള്ളമൊഴിക്കാൻ തുടങ്ങി,’ പുരോഹിതൻ പറഞ്ഞു.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുരളി കൃഷ്ണനെതിരെ സ്ഫോടക വസ്തു ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഡ്രൈ ഫ്രൂട്ട്സിന്റെ മൊത്തക്കച്ചവട വ്യാപാരിയായ ഇയാൾ കച്ചവടത്തിൽ വലിയ നഷ്ടം നേരിട്ടിരുന്നു. ഇതിൽ നിന്ന് ഇതുവരെ കരകയറാൻ സാധിച്ചില്ല.
മാസ്ക് ധരിച്ച ഇയാൾ ഒരു ചായക്കടയിൽ കയറി ബിയർ കുപ്പിയിൽ പെട്രോൾ ഒഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അമിതമായി മദ്യപിച്ച ഇയാൾ മനോനില തെറ്റി ചെയ്തതാണ് കൃത്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Content Highlight: Frustrated At Deity For Not Answering Prayers, Chennai Man Throws Bomb At Temple