|

അമേരിക്കയുടെ അപ്പൂപ്പൻ വൈബ്

ഫാറൂഖ്

ടൈറ്റിൽ വായിച്ചു കഴിയുമ്പോൾ നിങ്ങൾ സ്വാഭാവികമായും വിചാരിച്ചിരിക്കും ഞാൻ ഡൊണാൾഡ് ട്രംപിനെ കുറിച്ചാകും സംസാരിക്കുക എന്ന്. അല്ലേയല്ല, കാരണം ട്രംപിന്റെ എന്തെങ്കിലും പോളിസിയെ പറ്റി വായിച്ചു തുടങ്ങിയാൽ ആ ആർട്ടിക്കിൾ അവസാനിക്കുന്നതിന് മുമ്പേ ട്രംപ് പോളിസി മാറ്റിയിട്ടുണ്ടാകും. ട്രംപിന് ദിവസവും എന്തെങ്കിലും റിയാലിറ്റി ഷോ കാണിക്കണം എന്നേയുള്ളൂ, അത് നോക്കിയിരുന്നു നിങ്ങളുടെ നൈമിഷികമായ ജീവിതം പാഴാക്കരുതെന്ന് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്.

ഇത് അറബികൾ ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ലോകത്തിന് സമ്മാനിച്ച ഒരു വാക്കിൽ ലോകം കറങ്ങിത്തിരിഞ്ഞ് നടക്കുന്നതിന്റെ കഥയാണ്. താരിഫ്. ( تعريف ). അത് പറഞ്ഞു തുടങ്ങാൻ അല്പം സുകുമാർ അഴീക്കോട് ഉപകരിക്കും.

‘അയാളെ മൻമോഹൻ സിങ് എന്നല്ല ധൻമോഹൻ സിങ്ങ് എന്നാണ് വിളിക്കേണ്ടത്’ സുകുമാർ അഴീക്കോട് പറയും. മൻമോഹൻ സിങ് ധനകാര്യമന്ത്രി ആയി ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ആരംഭിച്ച തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സാന്നിധ്യമായിരുന്നു സുകുമാർ അഴിക്കോട്. അഴിക്കോടിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ പതിനായിരങ്ങൾ ഓരോ നഗരങ്ങളിലും തടിച്ചു കൂടുമായിരുന്നു. അഴിക്കോട് കേരള മനസിനെ നിർവചിച്ച കാലമായിരുന്നു അത്. അഴീക്കോട് ഒറ്റക്കായിരുന്നില്ല, ഇടത്തും വലത്തും മധ്യത്തിലുമുള്ള മുഴുവൻ പാർട്ടികളും സംഘടനകളും മൻമോഹൻ സിങ്ങിന് എതിരായിരുന്നു, സി.പി.ഐ.എം മുതൽ ആർ.എസ്.എസ് വരെ, സ്വദേശി ജാഗരണ മഞ്ചു മുതൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വരെ. ഇവർക്കൊക്കെ എന്തായിരുന്നു പ്രശ്നം? അത് തന്നെ താരിഫ്. മൻമോഹൻ സിങ് താരിഫ് കുറച്ചു. അത് കൊണ്ട് ഇന്ത്യയുടെ കൃഷിയും വ്യവസായമൊക്കെ തകർന്ന് പോകുമെന്ന് ഇവരൊക്കെ പേടിച്ചു.

ഡൊണാൾഡ് ട്രംപ്

മൻമോഹൻ സിങ് വന്ന തൊണ്ണൂറ്റൊന്നിന് മുമ്പ് ഇന്ത്യ ഒരു പ്രൊട്ടെക്ഷനിസ്റ്റ് രാജ്യം ആയിരുന്നു. അതിനും മുമ്പ്, അതായത് നാല്പത്തേഴിന് മുമ്പ് ഒരു കോളനിയും. ഇന്ത്യ മാത്രമല്ല, യൂറോപ്പ് ഒഴിച്ചുള്ള മിക്ക രാജ്യങ്ങളും കോളനികളായിരുന്നു. കോളനികൾ എന്ന് പറഞ്ഞാൽ സാമ്പത്തികമായി ഇത്രയേയുള്ളൂ, അസസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ട് പോകും, അവിടുന്ന് സംസ്‌കൃത വസ്തുവായി തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ട് വന്ന് ഇന്ത്യക്കാർക്ക് വിൽക്കും. ഉദാഹരണത്തിന് ഇന്ത്യയിൽ നിന്ന് പരുത്തി കൊണ്ടുപോയി മാഞ്ചസ്റ്ററിലെ മില്ലുകളിൽ നിന്ന് വസ്ത്രങ്ങളുണ്ടാക്കി ഇന്ത്യക്കാർക്ക് വിൽക്കും, തൊഴിലും അവർക്ക് പണവും അവർക്ക്.

സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞപ്പോൾ ഇന്ത്യക്കാർക്ക് തൊഴിലും പണവും വേണമെന്ന ഉദ്ദേശത്തിൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഇന്ത്യ കനത്ത ഇറക്കുമതി ചുങ്കം ചുമത്തി. പരുത്തി ഇന്ത്യയിൽ, തുണിയുണ്ടാക്കുന്ന മില്ലും ഇന്ത്യയിൽ, അതിനാണ് ചുങ്കം ചുമത്തുന്നത്. ചുങ്കത്തിന്റെ അറബിയാണ് താരിഫ്.

ബ്രിട്ടീഷുകാരുടെ കോളനി, പിന്നീട് നെഹ്രുവിന്റെ സോഷ്യലിസം, പിന്നെ മൻമോഹൻ സിങ്ങിന്റെ ക്യാപിറ്റലിസം, അത് കഴിഞ്ഞ് വീണ്ടും മോദിയുടെ സോഷ്യലിസം, അങ്ങനെയെത്തി നിൽക്കുന്നു ഇന്ത്യയുടെ സാമ്പത്തിക യാത്ര.

മണലാരണ്യം എന്ന നാക്കുളുക്കുന്ന വാക്കിൽ നമ്മൾ വിശേഷിപ്പിക്കുന്ന അറേബ്യാ മിക്കവാറും മരുഭൂമിയാണ്, അരിയോ ഗോതമ്പോ സുഗന്ധ ദ്രവ്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന കുരുമുളക്, ഇഞ്ചി, ഏലക്ക ഒന്നും മരുഭൂമിയിലുണ്ടാകില്ല. അത് കൊണ്ട് തന്നെ കടൽ കടന്ന് കച്ചവടം ചെയ്യാൻ നിർബന്ധിതരായ വിഭാഗമായിരുന്നു അറബികൾ. അവരീ പറഞ്ഞ സാധനങ്ങൾ ഓരോ ദേശത്ത് നിന്ന് വാങ്ങി വേറൊരോ ദേശത്തു വിൽക്കും, അവരുടെ ദേശത്തും കൊണ്ട് പോകും. ആയിരക്കണക്കിന് വർഷങ്ങൾ മുമ്പേ അവർ ദേശാന്തരീയ കച്ചവടക്കാരാണ്.

മൻമോഹൻ സിങ്

അന്നൊക്കെ ലോകത്ത് മിക്കയിടത്തും നാടുവാഴി ഭരണമായിരുന്നു. നാടുവാഴികൾക്ക് കാശുണ്ടാക്കാനുള്ള എളുപ്പ വഴിയായിരുന്നു ചുങ്കം. ഇറക്കുമതി ചെയ്യുന്ന പോയിന്റിൽ വെച്ച് ചരക്ക് വാങ്ങുന്ന കച്ചവടക്കാരോട് ചുങ്കം പിരിക്കും. ടാക്സ് ഒക്കെ കിട്ടിയാൽ കിട്ടി എന്ന രീതിയിലുള്ള ഗുണ്ടാ പിരിവായിരുന്ന കാലത്ത് ഇറക്കുമതി ചുങ്കം ഒരു നല്ല വരുമാന മാർഗമായിരുന്നു നാടുവാഴികൾക്ക്, കച്ചവടം നടക്കാൻ അറബികൾക്കും. കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങൾ ഒരുപാടുണ്ടായിരുന്നത് കൊണ്ടാണ് നാട് നിറയെ ചുങ്കപ്പറമ്പ്, ചുങ്കത്തറ, ചുങ്കത്ത്, തുടങ്ങിയ പേരുകൾ ഇപ്പോഴും കാണുന്നത്.

ക്രമേണ, ഇതൊരു പ്രൊട്ടക്ഷൻ മെക്കാനിസം ആയി വളർന്നു. ഉദാഹരണത്തിന്, രണ്ട് നാട്ടുരാജ്യങ്ങൾ അരിയുണ്ടാക്കുന്നു എന്ന് വെക്കുക, ഒന്നിൽ വെള്ളം കൂടുതൽ ലഭിക്കുന്നു അല്ലെങ്കിൽ ഫലഭൂയിഷ്ടമായ മണ്ണുണ്ട്, ഇവർ കുറഞ്ഞ ചിലവിൽ അരിയുണ്ടാക്കി രണ്ടാമത്തെ നാട്ടുരാജ്യത്തിലേക്ക് അയക്കും, ഫലത്തിൽ അവിടെയുള്ള കർഷകർക്ക് പണിയില്ലാതാകും. അത് തടയാൻ നാട്ടുരാജ്യക്കാർ ചുങ്കം ഉയർത്തി വക്കും. നാട്ടു രാജ്യങ്ങൾ മാറി ഇന്ത്യ വലിയൊരു യുണിയനായിട്ടും ഇന്ത്യയിൽ ഈ പരിപാടികൾ തുടർന്ന് വന്നു. മൻമോഹൻ സിങ് വരുന്നത് വരെ. മൻമോഹൻ സിങ് താരിഫ് ചറപറാ കുറച്ച് ആര് വേണമെങ്കിലും ഇറക്കുമതി നടത്തിക്കോളൂ എന്നാക്കി. അതിലാണ് സുകുമാർ അഴിക്കോടും സി.പി.ഐ.എം ഉം ആർ.എസ്.എസുമൊക്കെ കിടുങ്ങിയത്. ഇനി നമ്മുടെ കൃഷിക്കാരും വ്യവസായികളും എങ്ങനെ ജീവിക്കും, എന്തൊരു കൊലച്ചതിയാണിത്.

സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ സമ്പന്നരായവരുടെ ടാക്സ് അതിലൂടെ തന്നെ ദരിദ്രരായവർക്ക് വിതരണം ചെയ്യുന്ന പലതരം സോഷ്യലിസ്റ്റ് സ്കീമുകളിൽ പ്രധാനമായിരുന്നു തൊഴിലുറപ്പ് പദ്ധതി

മൻമോഹൻ സിങ് ഹാർവാർഡിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന് നോട്ടിലൊക്കെ ഒപ്പിട്ട് തിരിച്ച് അമേരിക്കയിൽ പോയി ലോകബാങ്കിൽ ഉദ്യോഗത്തിലിരിക്കുമ്പോഴാണ്  ഇന്ത്യയിലെ ധനകാര്യ മന്ത്രിയാവാൻ ക്ഷണിച്ചു കൊണ്ട് വരുന്നത്. സുകുമാർ അഴിക്കോടിനെയും വിരേന്ദ്രകുമാറിനെയും ആർ.എസ്.എസിനെയും സി.പി.ഐ.എമ്മിനെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും തള്ളി മൻമോഹൻ സിങ് തന്റെ നിലപാട് പറഞ്ഞു. താരിഫ് കുറച്ചാൽ ലോകത്തുള്ള സകല സാധനങ്ങളും ഇന്ത്യയിൽ വരും, അസംസ്‌കൃത വസ്തുക്കൾ, യന്ത്രങ്ങൾ, ടെക്നോളജി, ചിപ്പുകൾ, ധാതുക്കൾ ഇങ്ങനെ ഇന്ത്യയിലില്ലാത്തതെല്ലാം. ഇതൊക്കെ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് മെച്ചപ്പെട്ട വ്യവസായം തുടങ്ങാം, കൃഷി കൂടുതൽ ലാഭത്തിലാക്കാം അങ്ങനെയങ്ങനെ. ഇങ്ങനെ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കൂട്ടാനും പട്ടിണിക്കാരെ മധ്യവർഗമാക്കാനും അവർ വീണ്ടും സാധനങ്ങൾ വാങ്ങി കൂടുതൽ വ്യവസായങ്ങളുണ്ടാക്കാനും കഴിയും.

നരസിംഹറാവു

അതൊക്കെ അങ്ങനെ തന്നെ സംഭവിച്ചു. താരിഫ് കുറച്ചു, ഇറക്കുമതി നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു, ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായി, ഗാട്ട് കരാറിൽ ഒപ്പിട്ടു, പകരം ചരിത്രത്തിൽ ഏറ്റവും വലിയ ദരിദ്ര നിർമാർജനം മൻമോഹൻസിങ്ങിന്റെ കാലത്തു നടന്നു. കോടിക്കണക്കിന് ഇന്ത്യക്കാർ പട്ടിണിയിൽ നിന്ന് പുറത്തു കടന്നു, ലോകത്തിലെ ഏറ്റവും വലിയ മധ്യ വർഗങ്ങളിലൊന്ന് ഇന്ത്യയിലുണ്ടായി, സോഫ്റ്റ്‌വെയർ, സർവീസ് രംഗങ്ങളിൽ ഇന്ത്യ കുതിച്ചു, ഇന്ത്യക്കാരുടെ ജീവിത നിലവാരം കുതിച്ചുയർന്നു.

പക്ഷെ കഥ അവിടെ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഈ പരിഷ്കാരക്കുതിപ്പിൽ നല്ലൊരു പങ്ക് ജനങ്ങൾ പിന്നിലായി പോയി. പ്രത്യേകിച്ച് ഗ്രാമീണർ, കൃഷിക്കാർ, ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞവർ ഒക്കെ. പല കൃഷികളും ലാഭത്തിലല്ലാതായി, പല വ്യവസായങ്ങളും പൂട്ടി, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊരു രാഷ്ട്രീയ പ്രശ്നമായി വളരാൻ തുടങ്ങിയതോടെ ഇന്ത്യ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ സമ്പന്നരായവരുടെ ടാക്സ് അതിലൂടെ തന്നെ ദരിദ്രരായവർക്ക് വിതരണം ചെയ്യുന്ന പലതരം സോഷ്യലിസ്റ്റ് സ്കീമുകളിൽ പ്രധാനമായിരുന്നു തൊഴിലുറപ്പ് പദ്ധതി. പിന്നീട് വന്ന സർക്കാരുകൾ പലതരം സൗജന്യങ്ങൾ കൊണ്ട് വന്നു, പലതരം യോജനകൾ, നേരിട്ട് കാശ് അക്കൗണ്ടിൽ വരുന്ന യോജനകൾ മുതൽ ബസ് ടിക്കറ്റ് സൗജന്യ യോജനകൾ വരെ. അതിനനുസരിച്ച് ടാക്സ് ചറപറ കൂടി, സ്വകാര്യവത്കരണം നിന്നു , നോട്ട് നിരോധനം നടന്നു. ടാക്സ് കൂടിക്കൊണ്ടിരിന്നത് കൊണ്ട് ഇന്ത്യയിൽ മാനുഫാക്ച്ചറിങ് പിന്നെയും ലാഭകരമല്ലാതായി. അവസാനം 2020 മെയ് 12ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തോട് ചെയ്ത ഒരു ടെലിവിഷൻ പ്രസംഗത്തിൽ പ്രഖ്യാപിച്ചു, ഇന്ത്യയുടെ പോളിസി ഇനി മുതൽ ആത്മ നിർഭർ ഭാരത് ആണ്. സ്വയം പര്യാപ്ത ഭാരതം, ബാക് ടു സ്‌ക്വയർ വൺ.

ജവഹര്‍ലാല്‍ നെഹ്‌റു

ബ്രിട്ടീഷുകാരുടെ കോളനി, പിന്നീട് നെഹ്രുവിന്റെ സോഷ്യലിസം, പിന്നെ മൻമോഹൻ സിങ്ങിന്റെ ക്യാപിറ്റലിസം, അത് കഴിഞ്ഞ് വീണ്ടും മോദിയുടെ സോഷ്യലിസം, അങ്ങനെയെത്തി നിൽക്കുന്നു ഇന്ത്യയുടെ സാമ്പത്തിക യാത്ര.

ഇതൊക്കെ ഇപ്പോൾ പറയുന്നത് എന്തിനാണെന്നല്ലേ ? ഇതൊക്കെ തന്നെയാണ് അമേരിക്കയുടെയും ചരിത്രം.

രണ്ടാം ലോക മഹായുദ്ധം വരെ വളരെ ഉയർന്ന താരിഫ് ഉള്ള രാജ്യമായിരുന്നു അമേരിക്ക, കാര്യമായി ഒന്നും ഇറക്കുമതി ചെയ്യേണ്ടി വരാത്ത പ്രകൃതിയായിരുന്നു അമേരിക്കക്ക്. ഇരുമ്പും കൽക്കരിയും ആവശ്യം പോലെ, അത് കുഴിച്ചെടുക്കാൻ അടിമകൾ, കൃഷിയിടങ്ങൾ ആവശ്യത്തിന്, അവിടെ കൃഷി നടത്താൻ കറുത്തവരും മെക്സിക്കോക്കാരും, സുഖമുള്ള ജീവിതം. അങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോൾ വ്യാവസായിക വിപ്ലവം വന്നു, മഹായുദ്ധങ്ങളും. ഉയർന്ന താരിഫ് മൂലം വ്യാവസായിക ഉല്പാദനത്തിൽ അമേരിക്ക പിറകോട്ട് പോയി. 1930 കളിൽ ഗ്രേറ്റ് ഡിപ്രെഷൻ എന്നറിയപ്പെട്ട ഭീകര സാമ്പത്തിക മാന്ദ്യം അമേരിക്കയെ ബാധിച്ചു. ജനസംഖ്യയിൽ നല്ലൊരു പങ്കിന് ജോലിയും കൂലിയും ഇല്ലാതായി.

ഗ്രേറ്റ് ഡിപ്രെഷൻ വരാൻ പ്രധാന കാരണം ഹൂവർ എന്നൊരു പ്രസിഡന്റ് താരിഫ് വീണ്ടും കുത്തനെ ഉയർത്തിയതായിരുന്നു. ട്രംപിനെക്കാളും വലിയ മണ്ടനായിരുന്നു ഹൂവർ. നമ്മുടെ പഴയ നാടുവാഴികളുടെ ലോജിക് ആയിരുന്നു ഹൂവറിന്റേത്. അതിങ്ങനെയാണ്, അമേരിക്കക്കാർക്ക് തൊഴിലില്ലാത്തത് ഇറക്കുമതി കൊണ്ടാണ്, അത് പരിഹരിക്കാൻ താരിഫ് കൂട്ടിയാൽ മതി, വിലകൂടുമ്പോൾ ആളുകൾ വിദേശ സാധനങ്ങൾ വാങ്ങുന്നത് നിർത്തി അമേരിക്കൻ സാധനങ്ങൾ വാങ്ങും, വീണ്ടും അമേരിക്കയിൽ ഫാക്ടറികൾ ഉയരും, തൊഴിലില്ലായ്മ പരിഹരിക്കപ്പെടും, സിമ്പിൾ.

ആഗോള സാമ്പത്തിക മാന്ദ്യസമയം

ഹൂവെർ താരിഫ് കൂട്ടിയപ്പോൾ അമേരിക്ക ഭീകര മാന്ദ്യത്തിലേക്ക് പോയി. അതിനെ തുടർന്ന് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് ഹൂവറിനെ തെരഞ്ഞെടുപ്പിൽ ദയനീയമായി തോൽപ്പിച്ച് താരിഫ് കുറച്ചു അമേരിക്കയെ വീണ്ടും നേരെ നിർത്തി. പിന്നീട് വന്ന പ്രസിഡന്റുമാർ വീണ്ടും വീണ്ടും താരിഫ് കുറച്ചു കുറച്ചു അമേരിക്കൻ ഇക്കോണമി ഉയർത്തി ഉയർത്തി കൊണ്ട് വന്നു. ഇതിനിടക്ക് മറ്റൊരു കാര്യം സംഭവിച്ചു. ഇന്ത്യക്ക് സംഭവിച്ച അതെ പ്രശ്നം, ഉയർന്നു പൊങ്ങുമ്പോൾ കൂടെ പൊങ്ങാനാവാതെ നിലം പതിച്ചവർ, കർഷകർ, ഗ്രാമീണർ, ചെറുകിട വ്യവസായികൾ, വിദ്യാഭ്യാസം കുറഞ്ഞവർ അവർക്ക് ട്രംപ് ഒരു വാഗ്ദാനം കൊടുത്തു. അതാണ് താരിഫ്.

മനുഷ്യർ കൃഷി ചെയ്ത കാലം മുതൽ ഭൂമിയുള്ളവരും നന്നായി കൃഷി ചെയ്യുന്നവരുമായിരുന്നു സമ്പന്നർ. പിന്നീട് വ്യാവസായിക വിപ്ലവം വന്നു. അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളുമായി രാജ്യങ്ങൾക്ക് വേണ്ടത്, അസംസ്‌കൃത വസ്തുക്കൾ പിടിച്ചെടുക്കാൻ കോളനികൾ ഉണ്ടായി, യുദ്ധങ്ങൾ ഉണ്ടായി. കൃഷി പിറകോട്ട് പോയി. പിന്നീട് സർവീസ് ഇക്കോണമി വന്നു, സോഫ്റ്റ്‌വെയർ, ആർട്, സിനിമ, ബുക്ക്, തുടങ്ങിയ ഫാക്ടറികളില്ലാതെ ഉണ്ടാക്കുന്ന, പക്ഷെ വിറ്റാൽ പണം കിട്ടുന്ന ഉത്പന്നങ്ങൾ. അതോടെ കൃഷിയിടവും ഫാക്ടറിയും പിന്നോട്ടായി. ഇന്ന് പണക്കാർ സർവീസ് ഇൻഡസ്ട്രിയിൽ ആണ്, കൃഷിക്കാരും വ്യവസായികളും പാവങ്ങളും.

ഈ ഘട്ടങ്ങളിലൊക്കെ അമേരിക്കക്കാർ പുതിയ പുതിയ പ്രശ്നങ്ങൾ നേരിട്ട്, അതിനവർ പുതിയ പരിഹാരങ്ങളും കണ്ടെത്തി. കൃഷിയുടെ കാലത്ത് നേറ്റീവ് അമേരിക്കക്കാരെക്കൊണ്ടും ആഫ്രിക്കയിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന അടിമകളെ കൊണ്ടും പണിയെടുപ്പിച്ചു. വ്യാവസായിക വിപ്ലവ കാലത്ത് ഖനികളിറങ്ങാൻ അടിമകളുണ്ടായിരുന്നു. പിന്നെ പണിയെടുക്കാൻ മെക്സിക്കോക്കാരും ലാറ്റിൻ അമേരിക്കക്കാരും വന്നു. സർവീസ് എക്കണോമികാലത്ത് ഇന്ത്യക്കാർ H1B വിസയിൽ കൂട്ടമായെത്തി അമേരിക്കക്കാരെ പരിപോഷിപ്പിച്ചു.

ഹൂവെർ

തൊണ്ണൂറുകളിൽ ലോക വ്യാപാര സംഘടന നിലവിൽ വരികയും മിക്ക രാജ്യങ്ങളും അതിൽ ഒപ്പിടുകയും ചെയ്തതിന് ശേഷം ലോക സാമ്പത്തിക ക്രമം ഇങ്ങനെയായി, ഏറ്റവും പണക്കാർ ഏറ്റവും പുതിയ രംഗം കീഴടക്കും, അതിന് തൊട്ട് മുമ്പുള്ളത് അതിലും താഴെയുള്ളവർക്ക് തട്ടും. ഉദാഹരണത്തിന്, ആദ്യം കാർ, യന്ത്രങ്ങൾ ഒക്കെ അമേരിക്കയും യൂറോപ്പും നിർമിച്ചു, ആ സമയത്ത് ജപ്പാനും തായ്‌വാനുമൊക്കെ ഇലക്ടോണിക്‌സ് സാധനങ്ങളുണ്ടാക്കി. ഇന്ത്യയും ചെനയുമൊക്കെ കൃഷി ചെയ്തും വസ്ത്രങ്ങളുണ്ടാക്കിയും ജീവിച്ചു. പാകിസ്ഥാനികൾ ലതർ വ്യവസായം നടത്തി. ക്രമേണ ജപ്പാൻ, കൊറിയയൊക്കെ കാർ നിർമിച്ച് തുടങ്ങിയപ്പോൾ അമേരിക്ക കമ്പ്യൂട്ടറിലേക്ക് നീങ്ങി. ആ സമയത്ത് ചൈന ഇലക്ട്രോണിക്‌സും ടോയ്സും ഉണ്ടാക്കി, ടെക്‌സ്‌റ്റൈൽസ് ക്രമേണ ബംഗ്ലാദേശിലേക്കും വിയറ്റ്നാമിലേക്കും നീങ്ങി. ക്രമേണ അമേരിക്ക സർവീസ് പ്രധാനമായും സോഫ്റ്റ്‌വെയറിലേക്ക് നീങ്ങിയപ്പോൾ ചൈന തായ്‌വാൻ ഒക്കെ ചിപ്പ്, ഇലക്ട്രോണിക് നിർമാണം തുടങ്ങി. അതിനിടക്ക് സോഫ്റ്റ്‌വെയർ സർവീസിലേക്ക് ഇന്ത്യയും ഫിലിപ്പീൻസുമൊക്കെ മുന്നോട്ട് വന്നു. ഇനി എ.ഐ, റോബോട്ടിക് കാലമാണ്, ഒരു പക്ഷെ അടുത്ത മുപ്പത് നാല്പത് കൊല്ലം. അമേരിക്ക അത് ലീഡ് ചെയ്യും എന്ന് കരുതിയിരുന്നപ്പോഴാണ് ചൈന അതിൽ കയറി ചെക്ക് പറയുന്നത്.

അമേരിക്കക്കാർക്കിപ്പോൾ മലയാളി അപ്പൂപ്പന്മാരുടെ നൊസ്റ്റാൾജിയയാണ്. പച്ച പിടിച്ചു നിൽക്കുന്ന പാടങ്ങൾ, അതിൽ കൊയ്ത്ത് പാട്ട് പാടി ഞാറ് നടുന്ന സ്ത്രീകൾ, പുകക്കുഴലുകളിലൂടെ കറുത്ത പുക വമിച്ചു കൊണ്ടിരിക്കുന്ന ഫാക്ടറികൾ, അതിൽ ഷിഫ്റ്റിന് ബെല്ലടിക്കുമ്പോൾ കൂട്ടംകൂട്ടമായി ജോലിക്ക് കയറുന്ന പുരുഷന്മാർ. രണ്ടായിരം കൊല്ലം മുമ്പ് അറബികൾ കണ്ടു പിടിച്ച താരിഫ് എന്ന ചുങ്കം ഏർപ്പെടുത്തിയാൽ അമേരിക്കയുടെ നഷ്ടപ്പെട്ട പോയ ആ മഹത്തായ കാലം തിരിച്ചു വരുമെന്ന് മിക്ക അമേരിക്കക്കാരും വിചാരിക്കുന്നു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ

ലോകത്തിന് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റും റൊണാൾഡ്‌ റീഗനും മാർഗരറ്റ് താച്ചറും മൻമോഹൻ സിങ്ങും വേണ്ട കാലമാണ്, കിട്ടിയതോ ഡൊണാൾഡ് ട്രംപും വിക്ടർ ഓർബനും നരേന്ദ്ര മോദിയും.

Content Highlight: Frooq wrote an article on the topic of  ‘America’s Grandpa Vibe’

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Video Stories