| Tuesday, 27th September 2022, 6:41 pm

വിജയ് മുതല്‍ പ്രിയങ്ക ചോപ്ര വരെ പൊന്നിയിന്‍ സെല്‍വന്‍ മിസ്സായ താരങ്ങള്‍ | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയന്‍ സെല്‍വന്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എം.ജി.ആര്‍ മുതല്‍ കമല്‍ ഹാസന്‍ വരെ സിനിമയാക്കാന്‍ ശ്രമിച്ച് പിന്മാറിയ സൃഷ്ടിയാണ് പൊന്നിയന്‍ സെല്‍വന്‍.

എം.ജി.ആര്‍ മുതല്‍ പല താരങ്ങള്‍ മാറിമറിഞ്ഞാണ് ഇന്നത്തെ കാസ്റ്റിങ്ങിലേക്ക് പൊന്നിയിന്‍ സെല്‍വന്‍ എത്തപ്പെട്ടത്. പൊന്നിയിന്‍ സെല്‍വനിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങളേയും ചിത്രം നിരസിച്ച ചില താരങ്ങളേയും ഒന്ന് പരിശോധിക്കാം.

മണിരത്‌നത്തിന് മുമ്പ് പൊന്നിയന്‍ സെല്‍വന്‍ സിനിമയാക്കാന്‍ ശ്രമിച്ചത് എം.ജി.ആറാണ്. 1958ലാണ് എം.ജി.ആര്‍ പ്രോജക്റ്റ് പ്രഖ്യാപിക്കുന്നത്. 10,000 രൂപക്കാണ് അന്ന് പൊന്നിയിന്‍ സെല്‍വന്റെ റൈറ്റ്‌സ് എ.ജി.ആര്‍ വാങ്ങിയത്. ഭാരതിരാജയെ ആണ് അന്ന് സംവിധായകനായി നിശ്ചയിച്ചിരുന്നത്. എം.ജി.ആറിനൊപ്പം കമല്‍ ഹാസനേയും ശ്രീദേവിയേയുമാണ് അന്ന് മറ്റ് അഭിനേതാക്കളായി നിശ്ചയിച്ചിരുന്നത്. ആറ് മാസത്തിന് ശേഷം എംജി.ആര്‍ അമേരിക്കയിലേക്ക് പോയി. പിന്നീട് ഈ പ്രോജക്റ്റ് നടന്നില്ല.

80കളിലാണ് മണി രത്‌നം പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത്. അന്ന് രണ്ട് കോടി ബജറ്റിനാണ് പൊന്നിയന്‍ സെല്‍വന്‍ പ്ലാന്‍ ചെയ്തത്. ഇളയരാജയായിരുന്നു മ്യൂസിക് ഡയറക്ഷന്‍. കമല്‍ ഹാസനെ നായകനാക്കിയാണ് അന്ന് മണി രത്‌നം ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ ബജറ്റ് താങ്ങാനാവാതെ വന്നതോടെ ചിത്രം വീണ്ടും ഉപേക്ഷിക്കപ്പെട്ടു.

2010ലാണ് മണിരത്‌നം തന്റെ ഡ്രീം പ്രോജക്റ്റ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ഇപ്പോള്‍ ജയം രംവി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമായ അരുള്‍ മൊഴി വര്‍മന് വേണ്ടി അന്ന് കാസ്റ്റ് ചെയ്തത് മഹേഷ് ബാബു ആയിരുന്നു. വിജയ് ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രമായ വന്തിയത്തേവനെ അവതരിപ്പിക്കേണ്ടിയിരുന്നത്.

അരുള്‍മൊഴി വര്‍മ്മനാണ് കേന്ദ്രകഥാപാത്രമെങ്കിലും ചോള രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായ വല്ലവരായ വന്തിയത്തേവനും നായകന് തുല്യമെന്നോ നായകനെന്നോ ഒക്കെ വിളിക്കാവുന്ന കഥാപാത്രമാണിത്. ചിത്രത്തില്‍ കാര്‍ത്തിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ശിവാജി ഗണേശന്‍, എം.ജി.ആര്‍, കമല്‍ ഹാസന്‍, രജിനികാന്ത് എന്നീ താരങ്ങള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആര്യ, ജ്യോതിക, അനുഷ്‌ക ഷെട്ടി, പ്രിയങ്ക ചൊപ്ര അടക്കമുള്ള താരനിരയേയും ചിത്രത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പെരിയ പഴുവേട്ടരായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലര്‍, ഓഡിയോ ലോഞ്ച് സമയത്ത് രജനീകാന്തും വെളിപ്പെടുത്തിയിരുന്നു. രജിനികാന്ത് ഈ ആശയം മണിരത്നത്തോട് പറഞ്ഞപ്പോള്‍, രജനികാന്തിന്റെ ആരാധകര്‍ ഈ വേഷം അംഗീകരിക്കില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അഭിനയിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശരത് കുമാറാണ് ഇപ്പോള്‍ ആ വേഷം ചെയ്യുന്നത്.

പഴുവൂരിലെ രാജ്ഞിയായ നന്ദിനിയായി ഐശ്വര്യ റായ് ബച്ചനും കുന്ദവായി രാജകുമാരിയായി തൃഷയുമാണ് എത്തുന്നത്. ഐശ്വര്യയ്ക്ക് മുമ്പ് നന്ദിനിയായി രേഖയെ ആണ് മനസില്‍ കണ്ടതെന്നും മറ്റാരേയും ഈ റോളിലേക്ക് സങ്കല്‍പ്പിക്കാനായില്ലെന്നും മണി രത്‌നം പറഞ്ഞിരുന്നു. ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് പൊന്നിയിന്‍ സെല്‍വനിലെ നന്ദിനി.

അമല പോളിനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി മണി രത്‌നം വിളിച്ചെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവര്‍ക്ക് ജോയിന്‍ ചെയ്യാനായില്ല. കീര്‍ത്തി സുരേഷിനെയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നുവെങ്കിലും അണ്ണാത്തെ എന്ന ചിത്രത്തിനായി നടി ഇത് നിരസിക്കുകയായിരുന്നു. സത്യരാജിനേയും ചിത്രത്തിലേക്ക് വിളിച്ചുവെങ്കിലും മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകള്‍ കാരണം അദ്ദേഹത്തിനും അഭിനയിക്കാനായില്ല.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ നിലവില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരംഗമായി കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് കണക്ക് കൂട്ടലുകള്‍.

Content Highlight: From Vijay to Priyanka Chopra; stars who’s missed Ponniyan Selvan movie video story

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്