ഭുപനേശ്വര്‍: പ്രൈമറി സ്‌കൂളുകളില്‍ 4,439 വിദ്യാര്‍ത്ഥികളുടെ വ്യാജ എന്റോള്‍മെന്റുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ജഗത്സിംഗ്പൂരിലാണ് സംഭവം. ജഗത്സിംഗ്പൂര്‍ ബ്ലോക്കില്‍ നിന്ന് മാത്രം 799 വ്യാജ എന്റോള്‍മെന്റുകളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ടിര്‍ട്ടോളില്‍ നിന്ന് 605, ബലികുഡയില്‍ നിന്ന് 492, നൗഗാവില്‍ നിന്ന് 387, ബിരിഡിയില്‍ 222, എറാസമയില്‍ 284, കുജാങ്ങില്‍ 378 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
ഉച്ചഭക്ഷണം, വസ്ത്രം, പഠനോപകരണം, എന്നിവയ്ക്കായി ലഭിക്കുന്ന വസ്തുക്കള്‍ കൂടുതലായി ലഭിക്കാന്‍ വേണ്ടിയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ കണക്കില്‍ കൃത്രിമം കാണിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലയിലെ 1,556 പ്രൈമറി സ്‌കൂളുകളില്‍ 486 ഓളം സ്‌കൂളുകളിലും ഇത്തരം ‘വ്യാജ’ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലിലെ (എം.ഐ.എസ്) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കണക്കുകള്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലാത്തവരും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ജീവിച്ചിരിപ്പില്ലാത്തവരും വിദ്യാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റ് നാടുകളില്‍ പഠനം തുടരുന്നവരും സംസ്ഥാനത്തിന്റെ പട്ടികയിലുണ്ട്.
അതേസമയം വ്യാജ രേഖകളുണ്ടാക്കി ഉച്ചഭക്ഷണത്തിലുള്‍പ്പെടെ കൃത്രിമം കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവര്‍ക്ക് മറ്റേതെങ്കിലും സ്വകാര്യ റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വ്യാജ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സമഗ്ര ശിക്ഷയുടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോജക്ട് ഓഫീസറുമായ നിരഞ്ജന്‍ ബെഹ്റ പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും (ബി.ഇ.ഒ) നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വ്യാജ വിദ്യാര്‍ത്ഥികളെ ലിസ്റ്റില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.
Content Highlight: From those out of school to the dead; Fake enrollment of 4,439 students in primary schools in Odisha