സൗബിന്‍ നില്‍ക്കുന്ന പാറ ഒറിജിനലല്ല, പൊലീസ് സ്റ്റേഷന്‍ മുതല്‍ വാക്കി ടോക്കി വരെ നിര്‍മിച്ചു: ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്
Film News
സൗബിന്‍ നില്‍ക്കുന്ന പാറ ഒറിജിനലല്ല, പൊലീസ് സ്റ്റേഷന്‍ മുതല്‍ വാക്കി ടോക്കി വരെ നിര്‍മിച്ചു: ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st July 2022, 4:05 pm

സൗബിന്‍ ഷാഹിര്‍ നായകനായ ഇലവീഴാപൂഞ്ചിറ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇലവീഴാപൂഞ്ചിറ എന്ന ഒറ്റപ്പെട്ട സ്ഥലത്തെ പൊലീസുകാരുടെ ജീവിതമാണ് ഇലവീഴാപൂഞ്ചിറയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൂഞ്ചിറയിലെ ദുര്‍ഘടമായ കാലവസ്ഥയില്‍ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ല.

ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ മുതല്‍ വാക്കിടോക്കി വരെ നിര്‍മിച്ചെടുത്തത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് വീക്ഷണത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ കലാസംവിധായകനായിരുന്ന ദിലീപ് നാഥ്.

‘പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു തകരക്കൂടിനെ പൊലീസ് വയര്‍ലെസ് സ്റ്റേഷനാക്കിയെടുക്കുകയെന്നതായിരുന്നു ആദ്യ ദൗത്യം. രണ്ടാമത് ചെയ്തത് കാറ്റാടി യന്ത്രമാണ്. നിര്‍മാണത്തിനിടെ മൂന്ന് തവണയാണ് അതിശക്തമായ കാറ്റടിച്ച് അത് നിലംപൊത്തിയത്. ആ ഓരോ വീഴ്ചയിലും ഓരോ അപകട സാധ്യതകള്‍ ഒളിഞ്ഞു നിന്നു. ചില്ലറ പരിക്കുകള്‍ പറ്റിയെങ്കിലും ജീവഹാനി പോലെ പേടിച്ചതൊന്നും സംഭവിച്ചില്ല, ഭാഗ്യം.

മറ്റ് സിനിമകളില്‍ ചില വസ്തുക്കള്‍ ഉണ്ടാക്കുമ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍മാര്‍ ചില ചെപ്പടി വിദ്യകള്‍ കാട്ടാറുണ്ട്. പക്ഷെ, ഇവിടെ ശക്തമായ കാറ്റ് അടിക്കുന്നതിനാല്‍ ഇരുമ്പ്, തടി, കല്ല്, കോണ്‍ക്രീറ്റ്, ആംഗ്ലയറുകള്‍ എല്ലാം യഥാര്‍ത്ഥമായി തന്നെ ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും കാറ്റാടി യന്ത്രം മൂന്നുതവണ ഒടിഞ്ഞു വീണു.

വയര്‍ലെസ് സ്റ്റേഷനില്‍ കാണുന്ന എല്ലാ ഉപകരണങ്ങളും നിര്‍മിച്ചെടുത്തതാണ്. മലമുകളില്‍, മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതായിരുന്നു വേറൊരു വെല്ലുവിളി. നിര്‍മാണത്തിന് വേണ്ട ചില അത്യാവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ആരോടും വിളിച്ച് പറഞ്ഞ് എത്തിക്കാനാകില്ല. കിലോമീറ്ററുകള്‍ മലയറിങ്ങി, പട്ടണത്തിലെത്തി സാധനങ്ങള്‍ വാങ്ങുകയേ നിവൃത്തിയുള്ളൂ.

സിനിമയില്‍ സൗബിനും സുധി കോപ്പയും സി.ഐയും മൊബൈല്‍ റേഞ്ച് കിട്ടാനായി കയറി നില്‍ക്കുന്ന ഒരു പാറയുണ്ട്. അത് ഞങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ്. അവിടെ ചെറിയൊരു കല്ലുമാത്രമാണ് ഉണ്ടായിരുന്നത്. സിനിമയില്‍ ആ ഇടം വളരെ പ്രധാനപ്പെട്ടതായതിനാല്‍ അവിടെ വലിയൊരു പാറയുണ്ടാക്കി. സിനിമയില്‍ കാണുന്ന വസ്തുക്കളെല്ലാം അവിടെ ഉണ്ടായിരുന്നത് തന്നെയാണ് എന്ന് തോന്നിപ്പിക്കാനായി എന്നതാണ് ഏറെ സന്തോഷം,’ ദിലീപ് പറഞ്ഞു.

Content Highlight: From the police station in the picture to the wireless devices art director Dilip Nath is explaining how it was made in ela veezha poonjira