ബജറ്റല്ല, മോദി കൂട്ടാളികള്‍ നടത്തിയ പ്രസംഗം മാത്രം
Daily News
ബജറ്റല്ല, മോദി കൂട്ടാളികള്‍ നടത്തിയ പ്രസംഗം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd March 2015, 4:53 pm

മോദിയും മോദിയുടെ കൂട്ടാളികളും തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പ്രസംഗപരീക്ഷണം ഇതുവരെ നിര്‍ത്തിയിട്ടില്ല. ആരും ഇപ്പോള്‍ ബജറ്റിനെക്കുറിച്ചൊന്നും പറയുന്നില്ല. ബജറ്റ് പ്രസംഗങ്ങളെക്കുറിച്ചാണ് പറയുന്നത്. മോദിയുടെ രോഗം മന്ത്രിമാരിലേക്കും പടര്‍ന്നിരിക്കുന്നു. റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനു പകരം സുരേഷ് പ്രഭു റെയില്‍വേയെപ്പറ്റിയൊരു തട്ടുപൊളിപ്പന്‍ പ്രസംഗമാണ് നടത്തിയത്.


note-pads
ഗോപി എന്ന മഹാനടന്‍ പ്രേക്ഷകമനസ്സിലേക്ക് ആരവങ്ങളോടെ കടന്നുവരുന്നത് “കൊടിയേറ്റ”ത്തിലെ എന്തൊരു സ്പീഡ്? എന്ന ഡയലോഗിലൂടെയാണ്. വണ്ടിയുടെ സ്പീഡ് കണ്ട് അറിയാതെ അതിശയിച്ചതാണ്. ഇന്ത്യയിലെ സാധാരണ വോട്ടര്‍മാര്‍ ഇത്തരമൊരു അതിശയത്തിലാണ്. സ്പീഡിന്റെ കാര്യത്തിലല്ലെന്ന് മാത്രം. അതില്‍ അതിശയിക്കാതൊന്നുമില്ല, ഒച്ചിന്റെ വേഗത്തില്‍ ഭരണം നീങ്ങുന്നതിനെക്കുറിച്ചോര്‍ത്ത് അതിശയിക്കാം. അങ്ങനെയല്ലല്ലോ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്!

ജനം അതിശയിക്കുന്നത് അക്കാര്യത്തിലല്ല. “ഘര്‍ വാപസി”യുടെ വേഗമോ, ഫിലിം സെന്‍സര്‍ ബോര്‍ഡും ചരിത്രകൗണ്‍സിലുമൊക്കെ സംഘപരിവാരങ്ങളെക്കൊണ്ട് കുത്തിനിറച്ച് മാറ്റിയതോ ഒന്നും ജനങ്ങളെ അമ്പരപ്പിക്കുന്നില്ല. ആധാര്‍കാര്‍ഡ് അടക്കമുള്ള കാര്യത്തില്‍ സംഘപരിവാര്‍ സംഘം നടത്തിയ “യു ടേണ്‍” പോലും അതിശയിപ്പിക്കുന്നില്ല. നേരത്തെ എതിര്‍ത്തത് പലതും അധികാരത്തിലെത്തിയാല്‍ സ്വന്തമാക്കുന്നത് പതിവാണെന്ന് ജനങ്ങള്‍ക്കറിയാം. പ്രതിപക്ഷത്തിരുന്ന് കൂക്കിവിളിക്കുന്നതുപോലെയല്ല ഭരണപക്ഷത്തിലെത്തിയാല്‍. ആ ലോകന്യായം ജനങ്ങള്‍ക്കറിയാം.

മോദിയും മോദിയുടെ കൂട്ടാളികളും തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പ്രസംഗപരീക്ഷണം ഇതുവരെ നിര്‍ത്തിയിട്ടില്ല. ആരും ഇപ്പോള്‍ ബജറ്റിനെക്കുറിച്ചൊന്നും പറയുന്നില്ല. ബജറ്റ് പ്രസംഗങ്ങളെക്കുറിച്ചാണ് പറയുന്നത്. മോദിയുടെ രോഗം മന്ത്രിമാരിലേക്കും പടര്‍ന്നിരിക്കുന്നു. റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനു പകരം സുരേഷ് പ്രഭു റെയില്‍വേയെപ്പറ്റിയൊരു തട്ടുപൊളിപ്പന്‍ പ്രസംഗമാണ് നടത്തിയത്.


പാത ഇരട്ടിപ്പിക്കാനായി 96,000 കോടി രൂപ ചിലവഴിക്കുമെന്നാണ് പറയുന്നത്. പണം വരുന്ന വഴി പറയുന്നില്ല. തലങ്ങും വിലങ്ങും എടുത്തുപയോഗിച്ച വാക്ക് സ്വകാര്യ പങ്കാളിത്തമാണ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ക്കൊന്നും പണം മുടക്കാന്‍ സ്വകാര്യ സംരംഭകരെ കിട്ടിയില്ലെന്ന കാര്യം കൂടി ഇവിടെയറിയണം.


Budgetലോകസഭയുടെ ചരിത്രത്തിലാദ്യമായിരിക്കണം റെയില്‍വേ ബജറ്റ് അവതരിപ്പിക്കാതെ പോയതും പകരം ഒരു പ്രസംഗം നടത്തിയതും. അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാതെ പോവുമ്പോഴാണ് പലപ്പോഴും രാഷ്ട്രീയ നേതൃത്വം വരാന്‍ പോവുന്ന ഏതോകാലത്തെക്കുറിച്ച് വാചാലരാവുന്നതും “ഇപ്പം ശരിയാക്തിത്തരാം” എന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നതും.

256 ലക്ഷം കോടി രൂപ അഞ്ചുകൊല്ലം കൊണ്ട് റെയില്‍വേ പദ്ധതികള്‍ക്കായി ചെലവഴിക്കുമെന്നാണ് പറയപ്പെടുന്നത്. പണം എവിടെനിന്ന്? എങ്ങിനെ? എന്നൊന്നും പറയുന്നില്ല. തീവണ്ടി നിരക്ക് മാറ്റം വരുത്തിയിട്ടില്ല. പകരം ചരക്കുകൂലി വര്‍ധിപ്പിച്ചു. സാധാരണക്കാരെ രക്ഷപ്പെടുത്താനാണെന്ന് പറഞ്ഞ് എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും ചരക്കുകൂലി കൂട്ടി.

കര്‍ഷകരെ നന്നാക്കാനാണെന്ന് പറഞ്ഞ് യൂറിയ അടക്കമുള്ള വസ്തുക്കളുടെ ചരക്ക് കൂലി കൂട്ടി. കര്‍ഷക ആത്മഹത്യകളുടെ നിരക്ക് കൂട്ടുന്നതാണ് ചരക്കുകൂലിയിലെ നിരക്ക് കൂട്ടല്‍. പാത ഇരട്ടിപ്പിക്കാനായി 96,000 കോടി രൂപ ചിലവഴിക്കുമെന്നാണ് പറയുന്നത്. പണം വരുന്ന വഴി പറയുന്നില്ല. തലങ്ങും വിലങ്ങും എടുത്തുപയോഗിച്ച വാക്ക് സ്വകാര്യ പങ്കാളിത്തമാണ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ക്കൊന്നും പണം മുടക്കാന്‍ സ്വകാര്യ സംരംഭകരെ കിട്ടിയില്ലെന്ന കാര്യം കൂടി ഇവിടെയറിയണം.


പാവങ്ങള്‍ക്ക് സബ്‌സിഡി വേണ്ട. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് സബ്‌സിഡികള്‍ കൊടുത്തേ തീരൂ. മൊത്തം ജി.ഡി.പിയുടെ 8% പണമാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സബ്‌സിഡിയായി നല്‍കുന്നത്.


budget2പിന്നെ സ്വകാര്യവത്കരണത്തിന്റെ അനന്തസാധ്യതകളാണ് ബജറ്റ് തുടക്കമിട്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തമായി വണ്ടിയോടിക്കാം, സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് നാമറിയാതെ ലോകത്തിലെ ഏറ്റവും വലിയ ഈ പൊതുഉടമക്കമ്പനി അദാനിയെപ്പോലുള്ള ഏതെങ്കിലും കുത്തകകളുടെ പേരിലാവാന്‍ പോവുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് സ്റ്റേഷനുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. സ്‌റ്റേഷനുകളുടെ പേര് പോരും അവരുടെ ആഗ്രഹത്തിനനുസരിച്ചാകും എന്നാണിതിനര്‍ത്ഥം.

കോര്‍പ്പറേറ്റുകളോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന വിധേയത്വത്തിന്റെ തുടര്‍ച്ചയാണ് കേന്ദ്ര ബജറ്റ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതായിരിക്കും ഈ ബജറ്റെന്ന് നേരത്തെ അറിയാമായിരുന്നു.

എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഭക്ഷ്യവസ്തുക്കള്‍ക്കും നിത്യോപയോഗസാധനങ്ങള്‍ക്കും സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡിയാണെന്നതാണ് കോര്‍പ്പറേറ്റുകളുടെ വാദം. അരുണ്‍ ജെയ്റ്റ്‌ലിയും പറയുന്നത് അതു തന്നെയാണ്. അതുകൊണ്ട് സബ്‌സിഡികള്‍ എല്ലാം എടുത്തുകളയണം. ദരിദ്രന്മാര്‍ സര്‍ക്കാര്‍ നല്‍കുന്ന നക്കാപ്പിച്ച കൊള്ളയടിക്കുന്നു. സബ്‌സിഡികള്‍ തീര്‍ത്തും ഇല്ലാതാവുന്നതിന്റെ ആദ്യപടിയാണ് ഈ ബജറ്റിലുള്ളത്.

adaniപക്ഷേ, പാവങ്ങള്‍ക്ക് സബ്‌സിഡി വേണ്ട. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് സബ്‌സിഡികള്‍ കൊടുത്തേ തീരൂ. മൊത്തം ജി.ഡി.പിയുടെ 8% പണമാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സബ്‌സിഡിയായി നല്‍കുന്നത്. 1,75,000 കോടി രൂപയാണിത്. ഇത്രയും ഭീമമായ തുക സബ്‌സിഡിയായി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നവരാണ് അരിയ്ക്കും ഗോതമ്പിനും പാചകവാതകത്തിനും പഞ്ചസാരയ്ക്കും നല്‍കുന്ന സബ്‌സിഡിയെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നത്. പച്ചവെള്ളത്തിന് വിലകൂട്ടിയ ബജറ്റാണിത്. ഈ ബജറ്റിനെക്കുറിച്ച് ഇതിലേറെ എന്താണ് പറയാനുള്ളത്.

ജനങ്ങള്‍ പ്രസംഗം കേട്ട് വയറ് നിറയ്ക്കുന്ന കാലം കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഇങ്ങനെപറ്റി. അത് അടുത്തതില്‍ നടക്കില്ല. മുന്നറിയിപ്പ് ബി.ജെ.പിക്ക് മാത്രമുള്ളതല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ളതാണ്.

ബജറ്റ് പ്രസംഗം കേട്ട് മോദി ഡസ്‌കില്‍ ഇടവിടാതെ കൈകൊണ്ടടിയ്ക്കുന്നുണ്ടായിരുന്നു. ആദ്യം നിന്നും പിന്നെ ഇരുന്നുമൊക്കെയാണ് ജെയ്റ്റ്്‌ലി പ്രസംഗിച്ച് തീര്‍ത്തത്. ഇത്രയും സമയം പാഴാക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.

റെയില്‍വേ ബജറ്റും പൊതുബജറ്റുമൊക്കെ അടുത്ത കൊല്ലത്തെ കാര്യമല്ല പറയുന്നത്. അടുത്ത അഞ്ചുകൊല്ലം കൊണ്ട് നടത്താന്‍ പോവുന്ന കാര്യങ്ങളാണ്. അതൊരു നല്ല സൂത്രപ്പണിയാണ്. ആരും ഒരു കൊല്ലം കഴിഞ്ഞ് ഇതു നടന്നില്ലല്ലോ അത് നടന്നില്ലല്ലോ എന്ന് ചോദിക്കില്ല. പിന്നെ എന്തിനാണ് പ്ലാനിങ് ബോര്‍ഡും പഞ്ചവത്സരപദ്ധതികളുമൊക്കെ ഇല്ലാതാക്കിയത് എന്ന ചോദ്യം നിശ്ചയമായും നമുക്ക് ചോദിക്കേണ്ടിവരും.