ന്യൂദല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുയരുമ്പോഴും ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്.
കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യത്തിനിടെയാണ് ആര്‍.ബി.ഐയും എല്‍.ഐ.സിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടിലേക്ക് 204.75 കോടി രൂപ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
കുറഞ്ഞത് ഏഴ് പൊതുമേഖലാ ബാങ്കുകളും മറ്റ് ഏഴ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ആര്‍.ബി.ഐയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 204.75 കോടി രൂപ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ജി.ഐ.സി), നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയും അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) വിഹിതത്തില്‍ നിന്നും മറ്റ് വ്യവസ്ഥകളില്‍ നിന്നും പ്രത്യേകമായി 144.5 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ 15 സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൊത്തം സംഭാവന എടുത്തുനോക്കുമ്പോള്‍ 349.25 കോടി രൂപയാണ് ഫണ്ടിലേക്ക് കൊടുത്തിരിക്കുന്നത്.
നേരത്തെ, പി.എം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്നാണ് കാരണമായി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: From RBI & govt banks to LIC, Rs 205 crore to PM Cares from salaries