| Friday, 27th December 2024, 4:49 pm

പ്രിൻസ് മുതൽ ചേതന വരെ; തുടരുന്ന കുഴൽക്കിണർ അപകടങ്ങളും പരിഹാരങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ 70 മണിക്കൂറിന് ശേഷവും പുറത്തെടുക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 70 മണിക്കൂറിലധികമായി 150 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ മൂന്ന് വയസുകാരി ചേതന കുടുങ്ങിക്കിടക്കുകയാണ്’ ഈ വാർത്ത കുഴൽകിണർ അപകടങ്ങളെക്കുറിച്ച് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്നു.

2006ൽ കുരുക്ഷേത്രയിൽ ആറുവയസ്സുള്ള പ്രിൻസ് തുറന്ന് കിടന്ന കുഴൽക്കിണറിൽ വീണു. 50 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പ്രിൻസിനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ആശുപത്രിയിൽ വെച്ച് കുട്ടി മരണത്തിന് കീഴടങ്ങി. നീണ്ട 18 വർഷങ്ങൾക്ക് ശേഷവും രാജ്യത്തെ തുറന്ന കുഴൽക്കിണറുകൾ മൂടേണ്ടതിൻ്റെ ആവശ്യകത പരിഹരിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്ന് ചേതനയുടെ വാർത്ത തെളിയിക്കുന്നു.

2023 ഡിസംബറിൽ മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ മാണ്ഡവി ഗ്രാമത്തിൽ 55 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 8 വയസ്സുള്ള ആൺകുട്ടി വീണിരുന്നു. ഡിസംബർ ആറിന് വൈകുന്നേരം അഞ്ച് മണിയോടെ ഫാമിൽ കളിക്കുന്നതിനിടെ തൻമയ് സാഹു കുഴൽക്കിണറിൽ വീണു. അടുത്ത മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ 65 മണിക്കൂറിലേറെ രക്ഷാപ്രവർത്തനം നടത്തിയിട്ടും സാഹുവിനെ രക്ഷിക്കാനായില്ല.

2022 ജൂണിൽ ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിലെ കുഴൽക്കിണറിൽ രാഹുൽ സാഹു എന്ന കുട്ടി വീണു. രാഹുൽ സാഹുവിനെ രക്ഷപ്പെടുത്താൻ 104 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

2019ൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ മൂന്നുവയസ്സുകാരൻ സുജിത്ത് വിൽസൺ കുഴൽക്കിണറിൽ വീണു. 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയിട്ടും മറ്റുള്ളവരുടെ അതേ വിധിയാണ് ഈ കുഞ്ഞിനും ഉണ്ടായത്.

നിർഭാഗ്യവശാൽ ഇത്തരം കേസുകൾ വർധിക്കുകയല്ലാതെ കുറയുന്നില്ല. മാത്രമല്ല അപകടത്തിൽ പെടുന്ന കുഞ്ഞുങ്ങളിൽ ഭൂരിഭാഗം പേരെയും രക്ഷിക്കാൻ കഴിയുന്നില്ല എന്നത് മറ്റൊരു ദുഖകരമായ സത്യം.

നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് 2019ൽ നൽകിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 27 ദശലക്ഷം കുഴൽക്കിണറുകളുണ്ട്. ജലക്ഷാമം, മഴക്കുറവ്, വരൾച്ച, ഭൂഗർഭജലത്തിൻ്റെ ശോഷണം എന്നിവ കാരണം വൻതോതിൽ കുഴൽക്കിണറുകൾ കുഴിക്കുന്നു. വെള്ളം വറ്റിക്കഴിയുമ്പോൾ മോട്ടറും കേസിങ് പൈപ്പും നീക്കം ചെയ്യുകയും കുഴൽക്കിണറിൻ്റെ പുറംഭാഗം ശരിയായി മൂടുകയോ സീൽ ചെയ്യുകയോ ചെയ്യുന്നില്ല.

2009 മുതൽ 40 ലധികം കുട്ടികൾ കുഴൽക്കിണറിൽ വീണതായി റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ 70 ശതമാനവും പരാജയമായിരുന്നു.

ഇത്തരം ദുരന്തങ്ങൾ തടയാൻ ലക്ഷ്യമിട്ട് 2010 ഫെബ്രുവരി 11ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾക്കിടയിലും ഈ സംഭവങ്ങൾ ആവർത്തിക്കുകയാണ്. 2009 ഫെബ്രുവരി 13ന് രാജ്യത്ത് നടന്ന ഇത്തരം അപകടത്തിന് പിന്നാലെ ലഭിച്ച ഹരജി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ സ്വീകരിച്ചതിനെ തുടർന്നാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുക, കിണറിന്റെ വായ്ഭാഗത്ത് ബോൾട്ടുകൾ ഉപയോഗിച്ച് ഉറപ്പിച്ച സ്റ്റീൽ പ്ലേറ്റ് കവർ സ്ഥാപിക്കുക എന്നിവ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ വിവിധ സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഒപ്പം കുഴൽക്കിണർ നിർമിക്കുന്നതിന് മുമ്പ് സ്ഥലത്തിൻ്റെ ഉടമ ബന്ധപ്പെട്ട അധികാരികളായ ജില്ലാ കളക്ടറെയോ, ജില്ലാ മജിസ്‌ട്രേറ്റിനെയോ, സർപഞ്ചിനെയോ അല്ലെങ്കിൽ ഭൂഗർഭ ജല, പൊതുജനാരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ രേഖാമൂലം അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

കിണറിൽ പമ്പ് അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ കുഴൽക്കിണർ മൂടാതെ പോകരുതെന്നും ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ കളിമണ്ണ്/മണൽ/കല്ലുകൾ മുതലായവ ഉപയോഗിച്ച് നികത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് അപകടങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത്.


Content Highlight: From Prince in 2006 to Shrishti in 2023: ‘Unaddressed’ borewell incidents continue to haunt India

We use cookies to give you the best possible experience. Learn more