| Tuesday, 28th February 2023, 6:49 pm

ഒന്നാം നമ്പറിൽ നിന്നും വട്ട പൂജ്യത്തിലേക്ക്; റൊണാൾഡോ വന്നതോടെ അൽ നസർ താരം സൈഡായെന്ന് മാധ്യമ പ്രവർത്തകൻ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് അൽ നസർ. ഒരു വേളയിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വരെ താഴ്ന്നതിന് ശേഷമായിരുന്നു അൽ നസറിന്റെ ഗംഭീരമായ തിരിച്ചു വരവ്.

നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയുടെ ക്ലബ്ബിന്റെ സ്ഥാനം.
അൽ അലാമിക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച റോണോയുടെ ചിറകിലേറിയാണ് അൽ നസറിന്റെ കുതിപ്പ്.

സൗദി ക്ലബ്ബിനായി ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. കൂടാതെ അൽ നസർ അവസാനം നേടിയ പത്ത് ഗോളുകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ റോണോക്കായി.

എന്നാലിപ്പോൾ റൊണാൾഡോ വരുന്നതിന് മുമ്പ് അൽ നസറിന്റെ പ്രധാന താരമായിരുന്ന തലിസ്ക്കക്ക് ക്ലബ്ബിലെ പ്രാമുഖ്യം കുറയുന്നെന്നും അതിൽ താരത്തിന് വലിയ അസ്വസ്ഥതയുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ അറബ് മാധ്യമ പ്രവർത്തകനായ മുഹമ്മദ്‌ അൽ ബുഖാരി.

2025 വരേയുള്ള കരാറിലാണ് അൽ നസർ ടീമിലേക്ക് റൊണാൾഡോയെത്തിയത്. ക്ലബ്ബിൽ എത്തിയ ശേഷമുള്ള ആദ്യ കളികളിൽ തിളങ്ങാൻ കഴിയാതിരുന്ന റോണോ പിന്നീട് മിന്നും ഫോമിലേക്ക് ചുവട് മാറുകയായിരുന്നു.

തുടർന്ന് താരത്തിനെ പറ്റിയുള്ള ചർച്ചകളായിരുന്നു പ്രോ ലീഗിനെ സംബന്ധിച്ച് ഉയർന്ന് വന്നിരുന്നത്. ഇതോടെയാണ് അത് വരെ അൽ നസറിന്റെ അക്രമണ നിരയുടെ കുന്തമുനയായ തലിസ്ക്കക്ക് തന്റെ പ്രാധാന്യം കുറയുന്നതിൽ ആസ്വസ്തഥയുണ്ടായതെന്നാണ് മുഹമ്മദ്‌ അൽ ബുഖാരിയുടെ വാദം.

നിലവിൽ 13 ഗോളുകളുമായി തലിസ്ക്കയാണ് സൗദി പ്രോ ലീഗിലെ ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ളത്.

“റൊണാൾഡോയുടെ വരവോടെ തലിസ്ക്ക ഒന്നാം നമ്പറിൽ നിന്നും മറവിയിലേക്ക് ആണ്ടുപോയി. അതിൽ അദ്ദേഹത്തിന് നല്ല ദേഷ്യമുണ്ട്. കൂടാതെ പി.എസ്.ജിക്കെതിരെയുള്ള റിയാദ് സ്റ്റാർസിന്റെ സ്‌ക്വാഡിലും തലിസ്ക്കയെ ഉൾപ്പെടുത്താത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല,’ അൽ ബുഖാരി ട്വീറ്റ്‌ ചെയ്തു.

കൂടാതെ അദ്ദേഹം തുർക്കി ലീഗിലേക്കുള്ള കൂടുമാറ്റത്തിന്റെ പാതയിലാണെന്നും ബുഖാരി കൂട്ടിച്ചേർത്തു.

അതേസമയം പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് മൂന്നിന് അൽ ബാത്തിനെതിരെയാണ് സൗദി ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:From No. 1 into oblivion” – Arab journalist Muhammad Al-Bukairy. said Talisca is ‘angry’ due to Cristiano Ronaldo’s prominence at club

We use cookies to give you the best possible experience. Learn more