അബുദാബി: യു.എ.ഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവിട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതലായിരിക്കും ഇനിമുതല്‍ രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും ഇനിമുതല്‍ യു.എ.ഇയില്‍ അവധി ദിവസങ്ങളായിരിക്കും.
ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
ലോകരാജ്യങ്ങളുടെ ശരാശരി പ്രവര്‍ത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തില്‍ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറിയിരിക്കുകയാണ്.
തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും അടുത്തമാസം മുതല്‍ യു.എ.ഇയിലെ പ്രവര്‍ത്തിദിവസങ്ങള്‍.
ദിവസേന എട്ടര മണിക്കൂറാണ് സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം. രാവിലെ 7:30ന് ആരംഭിച്ച് വൈകീട്ട് 3:30ന് അവസാനിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.