| Wednesday, 21st June 2017, 7:11 pm

മരക്കാനയില്‍ നിന്ന് മോസ്‌കോയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിലെ മരക്കാനയില്‍ നിന്ന് റഷ്യയിലെ മോസ്‌കോയിലേക്കുള്ള യാത്രയില്‍ ആണ് ഫുട്‌ബോള്‍ ആരാധകര്‍ ഇന്ന്. മരക്കാനയില്‍, ബ്രസീലില്‍ നഷ്ടപ്പെട്ട മാണിക്യത്തെ വീണ്ടെടുക്കാന്‍, പച്ചപ്പുല്‍ മൈതാനികളില്‍ വീണ കണ്ണീര്‍ത്തുള്ളികള്‍ക്ക് പകരം ചോദിക്കാന്‍ അവര്‍ റഷ്യയിലേക്ക് കുടിയേറുകയാണ്. 2013-ലെ കോണ്‍ഫെഡെറേഷന്‍ കപ്പും 2014-ലെ ലോകകപ്പും ചരിത്രത്താളുകളിലേക്ക് വലിച്ചെറിഞ്ഞ് 2017 കോണ്‍ഫെഡെറേഷന്‍ കപ്പിനും 2018 ലോകകപ്പിനും കാത്തിരിക്കുകയാണ് അവര്‍ ഇന്ന്.

കോണ്‍ഫെഡെറേഷന്‍ കപ്പ് ഇന്നൊരു പരീക്ഷണമാണ്. തൃശ്ശൂര്‍ പൂരത്തിന് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നത് പോലെ ലോകകപ്പിന് മുന്‍പുള്ള “സാമ്പിള്‍ വെടിക്കെട്ട്”. ഭൂഖണ്ഡജേതാക്കള്‍ ഏറ്റുമുട്ടുകയാണെങ്കിലും ഇന്ന് വരെ ലോകകപ്പിനോളമോ അല്ലെങ്കില്‍ ഭൂഖണ്ഡങ്ങളില്‍ നടക്കുന്ന കോപ്പ-യൂറോ പോലെ അത്ര പ്രാധാന്യം ലഭിച്ചിട്ടുമില്ല. ബ്രസീല്‍ കോണ്‍ഫെഡെറേഷന്‍ കപ്പില്‍ നിന്ന് റഷ്യന്‍ കോണ്‍ഫെഡെറേഷന്‍ കപ്പിലേക്ക് എത്തുമ്പോള്‍ ആരാധക പിന്തുണ നന്നേ കുറവായിരിക്കും.

കാരണം കഴിഞ്ഞ തവണ സ്‌പെയ്ന്‍, ബ്രസീല്‍, ഉറുഗ്വായ്, ഇറ്റലി പോലുള്ള ഗ്ലാമര്‍ ടീമുകളുണ്ടായിരുന്നു. ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന താരപുരുഷന്റെ കിരീട ധാരണം ഉണ്ടായിരുന്നു. സാവിയും ഇനിയേസ്റ്റയും സുവാരസും ബഫണും പിര്‍ലോയും ബലോട്ടല്ലിയും ടോറസും ഉണ്ടായിരുന്നു. ബ്രസീല്‍-സ്‌പെയ്ന്‍ എന്ന സ്വപ്ന ഫൈനല്‍ ബ്രസീല്‍ കോണ്‍ഫെഡെറേഷന്‍ നമുക്ക് കാണിച്ചു തന്നു. പക്ഷേ റഷ്യ?


Also Read: ‘കോഹ്‌ലിക്കെതിരെ വിരല്‍ ചൂണ്ടി ഇന്ത്യന്‍ കായിക ലോകം’; ‘പരിശീലകര്‍ ഗുരുവും വഴികാട്ടിയുമെന്ന് ബിന്ദ്ര


യുവതാരങ്ങളുടെ ഉദയത്തിലുപരി ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ താരവും വിദാല്‍-സാഞ്ചസ് സഖ്യവും ഒഴിച്ചാല്‍ ഗ്ലാമര്‍ പരിവേഷം നല്‍കുന്ന ടീമുകളില്ല. ഇതിഹാസ മാനേജര്‍ ജോക്കിം ലോ ഇത്തവണ യുവതാരങ്ങളെ ഉള്‍പെടുത്തി ടീം പ്രഖ്യാപിച്ചപ്പോള്‍ ആരുമൊന്നു ഞെട്ടിക്കാണും. പക്ഷേ അയാള്‍ ചിന്തിച്ചത് തന്നെ ആണ് അയാളിന്ന് റഷ്യയില്‍ നടപ്പിലാക്കുന്നത്. ലോകകപ്പിന് മുന്‍പേ യുവതാരങ്ങളെ സജ്ജരാക്കുക, ടീം കെട്ടി ഉയര്‍ത്തുക, വിരമിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ വാര്‍ത്തെടുക്കുക. അറ്റാക്കിംങ്ങില്‍ അയാളുടെ തീരുമാനം വിജയിച്ചിട്ടുണ്ടെന്ന് ആദ്യ കളി കണ്ടാല്‍ മനസിലാകും.

ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ താരത്തിന്റെ പോര്‍ച്ചുഗല്‍ അയാളുടെ ചുമലിലേറിയാണ് വരുന്നത്. റയല്‍ മാഡ്രിഡിനെ പോലെയുള്ള ആഡംബര ടീമുകളിലെ സഹതാരങ്ങളെ തനിക്ക് കിട്ടില്ലെന്നറിഞ്ഞിട്ടും പോര്‍ച്ചുഗല്‍ ആദ്യമായി യോഗ്യത നേടിയെങ്കില്‍ അതയാളുടെ അര്‍പണ ബോധം കൊണ്ട് മാത്രമാണ്. യൂറോകപ്പിലെ മാന്ത്രികം കോണ്‍ഫെഡെറേഷന്‍ കപ്പിലും കാണിക്കുമെന്ന് കരുതുന്നു . ഇല്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ ശോഭ കെടും.

മെസിയും ക്രിസ്റ്റ്യാനോയും ഇല്ലാത്ത ടൂര്‍ണമെന്റുകള്‍ക്ക് ഭംഗി കെടാന്‍ സാധ്യത കൂടുതലാണല്ലോ. സാംപോളി കെട്ടിയുര്‍ത്തിയ ചിലിയില്‍ പിസ്സി കോണ്‍ഫെഡെറേഷന്‍ കപ്പു നേടാനുറച്ചാണ് റഷ്യയില്‍ വിമാനം ഇറങ്ങിയിട്ടുള്ളത്. വിദാലും സാഞ്ചസും വര്‍ഗാസും അടങ്ങുന്ന കോംബോ കിരീടം നേടാന്‍ കഴിവുള്ളതാണ്.


Don”t Miss: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


ലോകം കീഴടക്കിയിരുന്ന സോവിയറ്റ് യൂണിയന്റെ പിന്‍ഗാമികള്‍ക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു മാമാങ്കത്തിന് ആതിത്ഥ്യമരുളാന്‍ അവസരം ലഭിച്ചപ്പോള്‍ ഏവരും ഉറ്റുനോക്കിയത് അവരുടെ ഫുട്‌ബോള്‍ ടീമിനെ ആണ്. ന്യൂസിലന്‍ഡുമായി ഉദ്ഘാടന മത്സരത്തില്‍ സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ റഷ്യ ഇറങ്ങുമ്പോള്‍ പുതിയ പ്രതീക്ഷകളായിരുന്നു.

നിരന്തരം ന്യൂസിലന്‍ഡ് ഗോള്‍ മുഖത്ത് ആക്രമണം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ മുഴച്ചു നിന്നു. ആദ്യ ഗോള്‍ നേടി ഗ്ലൂഷകോവ് (ബക്‌സിന്റ്റെ പേരില്‍ ഔണ്‍ ഗോളായി) റഷ്യന്‍ പ്രതീക്ഷകളെ തുറന്നു വെച്ചു. ചുരുക്കം ചില നീക്കങ്ങള്‍ നടത്തി എന്നതൊഴിചാല്‍ ന്യൂസിലന്‍ഡ് കളിയില്‍ താത്പര്യം ജനിപ്പിച്ചിട്ടില്ല. ഒരിക്കല്‍ കൂടി റഷ്യ സ്മലോവിലൂടെ ഗോള്‍ നേടി പോര്‍ച്ചഗലും മെക്‌സിക്കോയും ഉള്‍പെട്ട ഗ്രൂപ്പിലെ പോയന്റ്റ് ടേബിളിനു മുകളിലേക്ക് കുതിച്ചു.

ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഏറ്റുമുട്ടുന്നു എന്നതു തന്നെയായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്കാളും ആനന്ദിപ്പിച്ചത്. വടക്കേ അമേരിക്കയുടെ പ്രതിനിധിയായി മെക്‌സിക്കോയും യൂറോപ്പിന്റെ പ്രതിനിധി ആയി പോര്‍ച്ചഗലും, അതിലുപരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇത്തവണ വീഡിയോ റഫറിയിങ് വന്നത് മത്സരത്തിന്റെ ഭംഗിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഓഫ് സൈഡ് ഗോളുകള്‍ വളരെ കുറവായിട്ടുണ്ട്.


Also Read: യോഗദിനത്തില്‍ ശവാസനവുമായി മധ്യപ്രദേശിലെ കര്‍ഷകര്‍; സര്‍ക്കാര്‍ നിലപാടിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്ന് സംഘപരിവാര്‍ സംഘടനയും


മെക്‌സിക്കോയും പോര്‍ച്ചുഗലും ആക്രമണത്തിലൂന്നി കളിച്ചതോടെ മികച്ച മത്സരമാണ് കണ്ടത്. ആദ്യ ഗോള്‍ നിഷേധിക്കപ്പെട്ടെങ്കിലും ക്രിസ്റ്റിയാന്യോ പ്രതിരോധ നിരക്കാരുടെ ഇടയിലൂടെ നല്‍കിയ പന്ത് ആരാലും മാര്‍ക് ചെയ്യപെടാതെ നിന്ന ക്വരേസ്മ ഗോളാക്കി മാറ്റി. ലീഡെടുത്ത പോര്‍ച്ചുഗല്‍ വീണ്ടും ഗോളിനായി ശ്രമിക്കവയേയൃണ് ചിചാരിറ്റോയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്.

മെക്‌സിക്കോയെ കളിയിലേക്ക് തിരിച്ച് കൊണ്ടു വന്ന ചിചാരിറ്റോയുടെ ഹെഡറിലൂടെ കളി ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍കേ സോരേസ് പോര്‍ച്ചുഗലിനു വേണ്ടി ലക്ഷ്യം കണ്ടു. പോര്‍ച്ചുഗല്‍ ജയിച്ചു എന്ന് തോന്നിയ നിമിഷം അവസാന മിനുട്ടില്‍ മെക്‌സിക്കോ ഗോള്‍ നേടിയതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.

ഒചാവോയീലായിരുന്നെങ്കില്‍ മത്സരം പോര്‍ചുഗല്‍ കൊണ്ടുപോയേനെ. സാഞ്ചസ് വരും മുന്‍പ് ആക്രമണത്തില്‍ ഉഴപ്പിയിരുന്ന ചിലിയും സാഞ്ചസിന്റെ വരവോടെ ആക്രമണ വീര്യം കൂടിയ ചിലിയും ആയി മാറിയ മത്സരമായിരുന്നു ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം. ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ കാമറൂണും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലിയും ഏറ്റുമുട്ടിയപ്പോള്‍ കിട്ടിയ അവസരങ്ങളൊന്നും കാമറൂണിന് മുതലാക്കാന്‍ കഴിഞ്ഞില്ല.


Never Miss: ‘പ്രണയവും ജാതകവും ഒരുമിച്ച് നടക്കില്ല’; കാമുകിയെ ഒഴിവാക്കാന്‍ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് ജ്യോത്സ്യന്റെ കിടിലന്‍ മറുപടി; വീഡിയോ കണ്ടത് നാലര ലക്ഷം പേര്‍


രണ്ടാം പകുതിയില്‍ സാഞ്ചസ് ഇറങ്ങിയതോടെ അതുവരെ പതിയെ കളിച്ചിരുന്ന ചിലി ഗോളടിക്കാനുള്ള ആവേശം കാണിച്ചു തുടങ്ങി. തത്ഫലമായി വിദാല്‍ ഗോളടിച്ച് ചിലിക്ക് ലീഡെടുത്തു കൊടുത്തു. അവസാന മിനുട്ടില്‍ സാഞ്ചസിന്റ്റെ ആക്രമണത്തില്‍ വര്‍ഗാസ് ഗോളാക്കിയതോടെ ചിലിയന്‍ വിജയം ഇരട്ട ഗോളിലായി.

ഇത്തവണ കപ്പെടുക്കുവാന്‍ എന്തുകൊണ്ടും യോഗ്യത തങ്ങള്‍ക്കാണെന്നാണ് അവര്‍ തെളിയിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയ-ജര്‍മനി മത്സരം ജോകിം ലോയുടെ പുത്തന്‍ തലമുറയുടെ പരീക്ഷണ ഘട്ടങ്ങളിലൊന്നായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ ഗോള്‍ പോസ്റ്റില്‍ ആക്രമണം നടത്തിയരുന്ന ജര്‍മനി താരങ്ങള്‍ മൂന്നു ഗോളുകള്‍ അടിച്ചു കൂട്ടി.

പക്ഷേ പ്രതിരോധനിര പറ്റേ മോശമായിരുന്നു. ഗോളിയായിരുന്ന മാനുവല്‍ ന്യൂയറെ ജര്‍മ്മന്‍ ടീം മിസ് ചെയ്യുന്നുണ്ടെന്ന് ലെനോയുടെ പ്രവര്‍ത്തികളില്‍ കാണാമായിരുന്നു. ഓസ്‌ട്രേലിയ അടിച രണ്ട് ഗോളുകള്‍കും ഉത്തരവാദി അയാളാണ്. ഫിലിപ് ലാമിനുശേഷം പുതിയ ക്യാപ്റ്റനു കീഴില്‍ ഏതുവരെ പോകും എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

റഷ്യ പോര്‍ച്ചുഗലിനേയും മെക്‌സിക്കോ ന്യൂസിലന്‍ഡിനേയും നേരിടാനൊരുങ്ങുകയാണ്. പോര്‍ച്ചുഗലും മെക്‌സിക്കോയും വിജയിക്കുമെന്നാണ് കരുതുന്നത്. റഷ്യ പോര്‍ച്ചുഗലിനെ അട്ടിമറിചാല്‍ അത് പുതുചരിത്രമാകും. പോര്‍ച്ചുഗലിന് പുറത്തേക്ക് പോകാനുള്ള വഴിയും തെളിയും. നിലവില്‍ മൂന്നു പോയന്റ് ഉള്ളത് റഷ്യയ്ക്കാണ്. പോര്‍ച്ചുഗലിനും മെക്‌സിക്കോയ്ക്കും ഓരോ പോയിന്റ് വീതവും. ഇനി കോണ്‍ഫെഡെറേഷന്‍ കപ്പിലെ നിര്‍ണായക മത്സരങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.


ഡൂള്‍ന്യൂസും സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രചനാ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി വായിക്കാം.


We use cookies to give you the best possible experience. Learn more