കൊല്‍ക്കത്ത: ഗോത്രവര്‍ഗ സ്വാധീന സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടതിനു പിന്നാലെ ബംഗാളിലും ഗോത്രവര്‍ഗ പ്രതിഷേധമേല്‍ക്കേണ്ടി വന്ന് ബി.ജെ.പി. ബംഗാളിലെ ജംഗല്‍മഹല്‍ മേഖലയില്‍ സ്വാധീനമുള്ള കുര്‍മി വിഭാഗം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ റാലികള്‍ നടത്താന്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.
കുര്‍മി വിഭാഗക്കാര്‍ക്ക് എസ്.ടി പദവി നല്‍കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം നടപ്പിലായില്ലെന്നാരോപിച്ചാണ് ആദിവാസി കുര്‍മി സമാജ് സമരത്തിനിറങ്ങുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ബങ്കുര, ഝര്‍ഗ്രാം ജില്ലകളില്‍ മഹാറാലികള്‍ നടത്താനാണ് കുര്‍മി വിഭാഗം ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ കുര്‍മി സമാജ് പുരുലിയ ജില്ലയില്‍ കേന്ദ്രത്തിനെതിരെ വലിയ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. 2021-ല്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിക്ക് ഈ തിരിച്ചടി ലഭിച്ചത്.
മേയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 18 സീറ്റുകളും സംസ്ഥാനത്ത് ബി.ജെ.പി നേടിയിരുന്നു. തുടര്‍ന്നുനടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു മികച്ച നേട്ടം സ്വന്തമാക്കാനായത് കുര്‍മി വിഭാഗത്തിന്റെ വോട്ടുവിഹിതം കൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞവര്‍ഷം പുരുലിയയില്‍ കുര്‍മി വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധം
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പുരുലിയയിലും ഝര്‍ഗ്രാമിലും ബങ്കുരയിലും അവര്‍ക്കു സ്വാധീനം നഷ്ടപ്പെടുകയും ബി.ജെ.പിക്കു സ്വാധീനം കൂടുകയും ചെയ്തത് കുര്‍മികളുടെ പിന്തുണയോടെയാണ്. ഇവിടങ്ങളിലുള്ള 79 ഗ്രാമപ്പഞ്ചായത്തുകളില്‍ 28 എണ്ണം തൃണമൂലിനു നഷ്ടപ്പെട്ടിരുന്നു.
ഝര്‍ഗ്രാമില്‍ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്ത് സമിതികള്‍ ലഭിച്ചിരുന്നു. 329 സീറ്റുകളാണ് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ അവര്‍ക്കു ലഭിച്ചത്. തൃണമൂലിനാവട്ടെ, 372 സീറ്റും.
എന്നാല്‍ അതിനുശേഷം ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കുര്‍മി വിഭാഗം നടത്തുന്നത്. അതിന്റെ ഫലമായി കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന് മൂന്ന് സീറ്റും ലഭിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുര്‍മികളുടെ പിന്തുണ തൃണമൂലിനായിരുന്നു. അതുകൊണ്ടാണ് 1977 മുതല്‍ ഝര്‍ഗ്രാം മേഖല കൈയടക്കിയിരുന്ന സി.പി.ഐ.എമ്മിനെ താഴെയിറക്കി അന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി ജയിച്ചത്.
ഷിംല വിജ്ഞാപനപ്രകാരം ബ്രിട്ടീഷ് കാലത്ത് കുര്‍മികളെ എസ്.ടി വിഭാഗത്തില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1950-ല്‍ അവരെ അതില്‍ നിന്നൊഴിവാക്കി. പിന്നീടവര്‍ ഒ.ബി.സി പട്ടികയിലാണ്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് അവര്‍ നിവേദനം നല്‍കിയിരുന്നു.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളെ മണ്ടന്മാരാക്കുന്നുവെന്ന് ആദിവാസി കുര്‍മി സമാജ് പ്രസിഡന്റ് അനുപ് മഹാതോ പറഞ്ഞു. ഇത്തവണ തങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വേണമെന്നും അങ്ങനെയുണ്ടായില്ലെങ്കില്‍ 2021-ലെ തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിനിടെ കുര്‍മികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അങ്ങോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ശേഷം പുരുലിയയിലെത്താനാണ് മമതയുടെ പദ്ധതിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കുര്‍മികളെ ബി.ജെ.പി വിഡ്ഢികളാക്കിയെന്നും അവരിപ്പോള്‍ അവരുടെ തെറ്റുകള്‍ മനസ്സിലാക്കിയെന്നും ജംഗല്‍മഹലിലെ തൃണമൂല്‍ വക്താവ് റിട്ട. കേണല്‍ ദീപ്താന്‍ഷു ചൗധരി പ്രതികരിച്ചതും തൃണമൂല്‍ ഇതു രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ്.