| Wednesday, 27th November 2019, 1:26 pm

'ഞാനാണ് എന്‍.സി.പി' എന്നതില്‍ നിന്ന് 'ഞാന്‍ എന്‍.സി.പിക്കൊപ്പമാണ്'; 48 മണിക്കൂറിനുള്ളില്‍ മാറിമറിഞ്ഞത് അജിത് പവാറിന്റെ രാഷ്ട്രീയഭാവി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിനു പുറത്ത് ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ വെച്ച് ചിരിച്ചുകൊണ്ട് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയാ സുലെയെ ആശ്ലേഷിക്കുമ്പോഴും, അജിത് പവാര്‍ പറഞ്ഞുകൊണ്ടിരുന്നത് ഒരു കാര്യം മാത്രമാണ്. ‘ഞാന്‍ എന്‍.സി.പിയോടൊപ്പമാണ്, ഞാന്‍ എന്‍.സി.പിയോടൊപ്പമാണ്.’

48 മണിക്കൂര്‍ മുന്‍പ് ഒരൊറ്റ വാക്കിന്റെ വ്യത്യാസം ആ വാചകത്തിലുണ്ടായിരുന്നു. ശരദ് പവാറിനെതിരെ നിലപാടെടുത്ത് ബി.ജെ.പി പാളയത്തിലേക്കു കയറി, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, അജിത് പറഞ്ഞിരുന്നത് ‘ഞാനാണ് എന്‍.സി.പി’ എന്നാണ്.

ഈയൊരൊറ്റ വാചകം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാനും ഒരുങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി പിളര്‍ത്തി പരമാവധി എം.എല്‍.എമാരെ ബി.ജെ.പിയുടെ കൂടാരത്തിലെത്തിക്കാനും അതുവഴി അധികാരത്തില്‍ കൃത്യമായ റോള്‍ സ്വന്തമാക്കുക എന്നതുമായിരുന്നു അജിത്തിന്റെ ലക്ഷ്യം. എന്നാല്‍ ഞൊടിയിടയില്‍ എല്ലാം മാറിമറിയുകയായിരുന്നു.

തനിക്കൊപ്പം വരാതെ എം.എല്‍.എമാര്‍ ശരദ് പവാറിനൊപ്പം തന്നെ നിലയുറപ്പിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിന്‍വലിയുക എന്നല്ലാതെ മറ്റൊരു സാധ്യതയും അജിത്തിന്റെ മുന്നിലുണ്ടായിരുന്നില്ല.

ഈ എപ്പിസോഡുകള്‍ക്കു ശേഷം അജിത് പവാറിന്റെ ഭാവി എന്താണ് എന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്‍.സി.പിയിലേക്കു തിരികെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായാണ് ആദ്യ സൂചനകള്‍.

ശരദ് പവാറിനെക്കണ്ട് അജിത് കുറ്റമേറ്റു പറഞ്ഞതായി എന്‍.സി.പി നേതാവ് നവാബ് മാലിക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിലുള്ള അജിത്തിന്റെ റോള്‍ എന്താണെന്നതിനെപ്പറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മാലിക് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താനിപ്പോഴും എന്‍.സി.പി തന്നെയാണെന്നാണു ബുധനാഴ്ച എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷവും അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയെടുക്കുന്ന എന്തു തീരുമാനവും അനുസരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഒരു ഉപമുഖ്യമന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെന്ന് ദിവസങ്ങള്‍ക്കു മുന്‍പുതന്നെ വ്യക്തമായിരുന്നു. അജിത് പവാറല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്കു സങ്കല്‍പ്പിക്കാനും എന്‍.സി.പി തയ്യാറായിരുന്നില്ല.

എന്നാല്‍ ഫഡ്‌നാവിസിനു പിന്തുണ നല്‍കി രണ്ടുദിവസം മൂന്നു പാര്‍ട്ടികളെയും വെള്ളം കുടിപ്പിച്ച അജിത്തിന് ഇനിയതു ലഭിക്കുമോ എന്ന കാര്യം സംശയമാണെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലായിരിക്കും ആ സ്ഥാനത്തേക്കു വരിക.

അതേസമയം അജിത് പവാറിന് വലിയ പദവി തന്നെ നല്‍കുമെന്നും വലിയ കാര്യങ്ങള്‍ ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത് എന്നുമായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

‘സഖ്യത്തില്‍ അജിത് പവാറിന് വലിയ റോള്‍ തന്നെ ഉണ്ടാകും. അദ്ദേഹം എത്രവലിയ കാര്യം ചെയ്തിട്ടാണ് തിരിച്ച് വന്നത്” എന്നായിരുന്നു സഞ്ജയ് റാവത്ത് പ്രതികരിച്ചത്. ഇത് ഏതര്‍ഥത്തിലാണ് റാവത്ത് പറഞ്ഞത് എന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെയും രാഷ്ട്രീയവൃത്തങ്ങളിലെയും ചര്‍ച്ച.

ചിത്രത്തിന് കടപ്പാട്: പി.ടി.ഐ

We use cookies to give you the best possible experience. Learn more