‘ഒരു കുറ്റകൃത്യവും പതിമൂന്നു സത്യങ്ങളും ‘ എന്നാണ് ആട്ടം എന്ന സിനിമയുടെ പോസ്റ്ററില്‍ ഉള്ളത് . അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തും വിധം ഒരു കുറ്റകൃത്യത്തെ പറ്റി പതിമൂന്നു പേരുടെ വിചാരങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥ തന്നെയാണ് ആട്ടം.
ഒരു ക്രൈം സ്റ്റോറിയുടെയോ ഇമോഷണല്‍ ഡ്രാമയുടെയോ ഴോണറില്‍ ഒരേ സമയം ഫിറ്റ് ആവുന്ന ഒരു കഥ പറച്ചില്‍ രീതി കൊണ്ട് വരുന്നതില്‍ എഴുത്തുകാരനും സംവിധായകനും വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാന്‍ കഴിയും. അത്രക്കും അത്രയും ക്രിസ്പ് ആണ് അവതരണം.”സ്‌ക്രീനില്‍ ത്രില്ലിംഗ് സീന്‍ കാണിക്കുന്നത് അല്ല ത്രില്ലര്‍, പ്രേക്ഷകന്റെ തലക്കകത്തു ത്രില്‍ സൃഷ്ടിക്കുന്നതാണ് ത്രില്ലര്‍” എന്ന് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി തന്റെ അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു.
സിനിമയുടെ പ്ലോട്ടിലേക്ക് വരികയാണെങ്കില്‍, ‘അരങ്ങ്’ എന്നൊരു തിയേറ്റര്‍ ഗ്രൂപ്പില്‍ ആണ് കഥ നടക്കുന്നത്. പന്ത്രണ്ടു നടന്മാരും അഞ്ജലി (സറീന്‍ ഷിഹാബ് ) എന്ന ഒരു നടിയുമുള്ള ഒരു ഗ്രൂപ്പാണത്. തുടക്കം മുതല്‍ തന്നെ ഗ്രൂപ്പില്‍ ഉള്ളവര്‍ തമ്മിലെ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും കാണിച്ചു കൊണ്ട് തന്നെ കഥ മുന്നോട്ടു പോകുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്രൂപ് അംഗത്തില്‍ നിന്നും അഞ്ജലിക്ക് നേരിടേണ്ടി വരുന്ന ആക്രമണം ആണ് കഥയുടെ സുപ്രധാന പോയിന്റ് എന്ന് പറയാം. തുടര്‍ന്നങ്ങോട്ടുള്ള കഥാഗതി ഓരോ കഥാപാത്രത്തിന്റെയും വ്യക്തിത്വത്തിലൂടെയും മനോഭാവത്തിലൂടെയും കയറി ഇറങ്ങി ഉള്ള യാത്രയാണ്.
വളരെ ദീര്‍ഘമായ സീനുകളും സംഭാഷണങ്ങളും ആണ് സിനിയമയുടെ നട്ടെല്ല്.
എന്നാല്‍ പോലും സിനിമാറ്റിക് അനുഭവം ചോരാതെ ആണ് അവതരണം. എല്ലാ കഥാപാത്രങ്ങളെയും പ്രേത്യേകം എക്സ്പ്ലോര്‍ ചെയ്യാന്‍ അധികം സമയം എടുക്കാതെ തന്നെ സംവിധായകന് കഴിയുന്നുണ്ട്. അടിസ്ഥാനപരമായി മനുഷ്യന്റെ നീതി ബോധം, പക, നിലപാടുകള്‍, നിറം മാറ്റം, ലിംഗ ബോധം എന്നിവയെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒരു സൃഷ്ടി ആണ് ആട്ടം എന്ന് തോന്നി. ആ അര്‍ഥത്തില്‍ ഒരു രാഷ്ട്രീയമായ ചര്‍ച്ച ഈ സിനിമ അര്‍ഹിക്കുന്നുണ്ട്.
ഷാജോണ്‍ ,വിനയ് ഫോര്‍ട്ട് എന്നിവര്‍ ഒഴിച്ചാല്‍ ബാക്കി ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തന്നെ താരതമ്യേനെ പുതുമുഖങ്ങള്‍ ആണ്. കഥാപാത്രങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള സിനിമ ആണ് എന്നത് കൊണ്ട് തന്നെ അവരുടെ പ്രകടനം തന്നെ ആണ് ഈ സിനിമയെ മികച്ചതാക്കുന്നത് എന്ന് പറയാതെ വയ്യ. അല്പം അഹംഭാവവും റാഗിങ് സ്വഭാവവും ഉള്ള ഒരു സി സിനിമാക്കാരനായി ഷാജോണ്‍ ശരിക്കും മികച്ചു നിന്നു. നിസ്സഹായനും, കാമുകനും, അസൂയക്കാരനും, അല്പം ഉഡായിപ് ഉള്ളവനും ഒക്കെ ആയുള്ള വിനയ് ഫോര്‍ട്ടിന്റെ പ്രകടനവും ശ്രദ്ധേയം .
ഗ്രൂപ് അംഗങ്ങള്‍ ആയി വന്ന തിയേറ്റര്‍ കലാകാരന്മാര്‍ എല്ലാം പ്രേക്ഷകന് ഓര്‍ത്തിരിക്കും വിധം ശ്രദ്ധേയം ആയി തന്നെ അഭിനയിച്ചിരിക്കുന്നു.
ഏറ്റവും എടുത്തു പറയേണ്ടത് നായിക ആയ സറീന്‍ ഷിഹാബിന്റെ പ്രകടനം തന്നെ ആണ്. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ദുര്‍ബലതയും കണ്‍ഫ്യൂഷനും മുതല്‍ ഒത്തിരി ആ ഘട്ടത്തിലൂടെ കടന്നു പോയ ശേഷം പ്രകടിപ്പിക്കുന്ന ആത്മ ബലവും എല്ലാം അവരുടെ മുഖത്തും ശരീര ഭാഷയിലും പ്രകടമാണ്.
ഒരു സ്ത്രീയുടെ വീക്ഷണം ശരിക്കും അവരില്‍ വ്യക്തമാണ്. വളരെ ആധികാരികത ഉള്ള ഒരു സ്‌ക്രീന്‍ പ്രസസന്‍സ് കൂടി ഒരു താരം എന്ന നിലയില്‍ അവര്‍ക്കുണ്ട് എന്ന് രണ്ടാം പകുതിയിലെ രംഗങ്ങള്‍ തെളിയിക്കുന്നു . വളരെ ശ്രദ്ധനേടുന്ന ഒരു നടി ആയി ഭാവിയില്‍ സറീന്‍ മാറും എന്ന പ്രതീക്ഷ നല്‍കുന്നു ആട്ടം.
രാഷ്ട്രീയമായ ഒരു ചര്‍ച്ച കൂടി അര്‍ഹിക്കുന്നുണ്ട് ഈ സിനിമ എന്ന് പറഞ്ഞല്ലോ. പ്രത്യേകിച്ച് മീടൂ മൂവ്‌മെന്റ് സിനിമ ഉള്‍പ്പടെ ഉള്ള മേഖലയിലെ ലിംഗ രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്ന ഈ കാലത്തു, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഷയമാണ് ആട്ടം കൈകാര്യം ചെയ്യുന്നത്. മീ ടൂ ആരോപണങ്ങളെ പറ്റിയുള്ള വിവിധ വീക്ഷണങ്ങള്‍ പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളില്‍ കടന്നു വരുന്നുണ്ട്.
പുരുഷന്‍ / പുരുഷകൂട്ടം ഇത്തരം പ്രശ്‌നനങ്ങളെ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന ഒരു കാഴ്ചയായി ഈ സിനിമ’വിലയിരുത്തപ്പെടാന്‍ സാധ്യതയുണ്ട്. അതെ സമയം ഇത്തരം വിഷയങ്ങളിലെ ‘ഗ്രെ സ്പെയ്സ് ‘ എന്ന ഇടങ്ങളിലേക്കും വെളിച്ചം വീശുന്ന ചിലത് ഈ പടത്തില്‍ ഉണ്ട് താനും. ഓരോ പ്രേക്ഷകനും വ്യത്യസ്ത കാഴ്ചകള്‍ അനുഭവപ്പെടും വിധം അവതരിപ്പിച്ചിട്ടുണ്ട് പല രംഗങ്ങളും. എങ്കിലും, എല്ലാവര്ക്കും ഒരുമിക്കാവുന്ന ഒരു പോയിന്റ് ഈ സിനിമ മനുഷ്യന്റെ നീതി ബോധത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു എന്നത് തന്നെയാണ്.
ജെന്‍ഡര്‍ മുതല്‍ ക്ലാസ്സ് വരെ ഒരു മനുഷ്യന്റെ നീതി ബോധത്തെയും നിലപാട് മാറ്റത്തെയും സ്വാധീനിക്കും എന്ന് സഥാപിക്കുന്ന സിനിമ ആയി വായിക്കാം ഇതിനെ. അതോടപ്പം തന്നെ അതിജീവിത തന്നെ വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അതിന്റെ നീതികേടും നമുക്ക് ഈ സിനിമയില്‍ ദൃശ്യമാണ്. ഒരു പക്ഷെ അതിനു ഈ സിനിമ ‘കൊടുത്തേക്കുന്ന മുന്‍തൂക്കം ഇതിനെ ഒരു സ്ത്രീപക്ഷ സിനിമയായി കാണാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം.
‘യഥാര്‍ത്ഥ കുറ്റവാളിയെ അറിയാന്‍ താല്പര്യമില്ല, നിങ്ങള്‍ എല്ലാം ഒരു പോലെയാണ് എനിക്ക് ‘ എന്ന വാചകം വളരേ അഗ്രസ്സീവ് ആയ ഒരു സ്ത്രീപക്ഷ നിലപാട് ആയി കാണാം. അവസാനത്തോട് അടുക്കുമ്പോള്‍ ഈ സിനിമ നായികയുടെ വീക്ഷണത്തിന് കൊടുക്കുന്ന പ്രാധാന്യം അത് തന്നെ സൂചിപ്പിക്കുന്നു.
നായികയുടെ വീക്ഷണത്തില്‍ നിന്നാണ് സിനിമ കാണുന്നത് എങ്കില്‍ ‘ഗ്രെ സ്‌പെയ്‌സ്’ നെ അപ്രസക്തമാക്കുന്ന മീടൂ രാഷ്ട്രീയമാണ് ആട്ടം എന്ന് പറയാം. ആ രാഷ്ട്രീയത്തോട് നമുക്ക് യോജിക്കാം / വിയോജിക്കാം. പക്ഷെ ആ രാഷ്ട്രീയത്തിലേക്ക് എത്താന്‍ സിനിമ എന്ന മാധ്യമവും അതിന്റെ സങ്കേതങ്ങളും ഉപയോഗിച്ച രീതി ഒരു കലാസൃഷ്ടി എന്ന നിലയില്‍ ആട്ടം എന്ന സിനിമയെ കയ്യടി അര്‍ഹിക്കുന്ന ഒന്നാക്കി മാറ്റുന്നു, മികച്ച ഒരു സിനിമ അനുഭവം എന്ന് വിളിക്കാവുന്ന ഒന്നാക്കിമാറ്റുന്നു.
content highlights: From gender to class, sense of justice and change; Aataam Movie Review