| Friday, 13th December 2024, 6:44 pm

പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; എയര്‍ലിഫ്റ്റ് ചെയ്തതിന്റെ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ലെ പ്രളയം മുതല്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ വരെയുള്ള കേരളത്തിലെ ദുരന്തങ്ങളില്‍ എയര്‍ലിഫ്റ്റ് സേവനം ഉപയോഗപ്പെടുത്തിയതിന്റെ മുഴുവന്‍ തുകയും കേരളം തിരിച്ച് അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ആകെ ചെലവായ 132 കോടി 62 ലക്ഷം രൂപ തിരിച്ച് അടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ ആണ് കത്ത് നല്‍കിയത്.

വയനാട് ദുരന്തസമയത്ത് ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ട് പോയ മനുഷ്യരെ രക്ഷപ്പെടുത്താനാണ് സേനയുടെ എയര്‍ലിഫ്റ്റ് സംവിധാനം ഉപയോഗിച്ചത്. ദുരന്തത്തിന്റെ ആദ്യ ദിനമായ ജൂലൈ 30ന് എയര്‍ലിഫ്റ്റ് ചെയ്യാനായി ചെലവായത് 8,91,23,500 രൂപയാണ്. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനതതിന് 69,65,46,417 രൂപ ചെലവായി.

വയനാട് ദുരന്തത്തിന് പുറമെ 2019ലെ പ്രളയത്തില്‍ ചെലവായ തുകയും തിരിച്ചടക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ദുരന്തത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ എം.പി വയനാട് ദുരന്തത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇടക്കാല സഹായം പോലും അനുവദിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുണ്ടായ വീഴ്ചയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി അവതരിപ്പിച്ച പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

അതേസമയം ബില്‍ അവതരിപ്പിക്കുന്നതിനിടെ വയനാട് ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനെ കുറിച്ചും കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റോയ് ഒന്നും പറഞ്ഞിരുന്നില്ല. മറിച്ച് വയനാട് ദുരന്തത്തില്‍ കേന്ദ്രം കൃത്യമായ ഇടപെടലുകള്‍ നടത്തിയെന്നും ദുരന്തത്തിന്റെ തുടക്കം മുതല്‍ തന്നെ വയനാടിനു വേണ്ടി ഇടപെടലുകള്‍ നടത്തിയെന്നും മാത്രമാണ് മന്ത്രി ആവര്‍ത്തിച്ചത്.

Content Highlight: From flood to Wayanad disaster; Central government ask Kerala to pay back 132 crore 62 lakh rupees for airlift

We use cookies to give you the best possible experience. Learn more