മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.
കുറേ സ്വതന്ത്ര്യ സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച താരം ഈയിടെ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്. വിനയ് ഫോര്‍ട്ട് നായകനായി എത്തിയ അവസാന മൂന്ന് സിനിമകള്‍ ഇതില്‍ എടുത്തു പറയേണ്ടത് തന്നെയാണ്. ഫാമിലി, ആട്ടം, പെരുമാനി എന്നിവയായിരുന്നു താരത്തിന്റേതായി അവസാനമെത്തിയ മൂന്നുചിത്രങ്ങള്‍.
കുടുംബത്തിന് മറ്റെന്തിനേക്കാളും ഏറെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ ഇതേ കുടുംബത്തിനകത്ത് ആരും ഇതുവരെ പറയാത്ത അല്ലെങ്കില്‍ പറയാന്‍ പേടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് കുടുംബത്തിനകത്ത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചൂഷണങ്ങളും. മലയാള സിനിമയില്‍ കുടുംബങ്ങളെയും കുടുംബ ബന്ധങ്ങളെയും കുറിച്ച് മികച്ച സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഈ അതിക്രമങ്ങളെ തുറന്നുകാട്ടുന്ന സിനിമകള്‍ വളരെ കുറവാണ്.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ സംവിധാനം ചെയ്ത ഫാമിലി. ഒരു കുടുംബത്തില്‍ കപടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമായിരുന്നു വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം. കുടുംബമെന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനെ തുറന്ന് കാട്ടിയ ചിത്രത്തിലെ താരത്തിന്റെ അഭിനയം ഒരുപാട് പ്രശംസ അര്‍ഹിക്കുന്നതായിരുന്നു. 2023ല്‍ റോട്ടര്‍ഡാമിലെ 52ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും അതേവര്‍ഷം 14ാമത് ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഫാമിലി പ്രദര്‍ശിപ്പിച്ചിരുന്നു. വിനയ് ഫോര്‍ട്ടിന് പുറമെ ദിവ്യ പ്രഭ, അഭിജ ശിവകല, നില്‍ജ കെ. ബേബി, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഫാമിലി.
കേരള ഫിലിം ക്രിട്ടിക്‌സില്‍ 2023ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് ആട്ടം. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച ആട്ടത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 2023ലെ ഗ്രാന്‍ഡ് ജൂറി അവാര്‍ഡും ഈ ചിത്രം നേടിയിരുന്നു. ആട്ടത്തിലെ വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് എന്ന കഥാപാത്രമായാണ് താരമെത്തിയത്. ഒരു കുറ്റകൃത്യത്തെ പറ്റി പതിമൂന്നു പേരുടെ വിചാരങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥയായിരുന്നു ആട്ടം.
പന്ത്രണ്ടു നടന്മാരും അഞ്ജലിയെന്ന ഒരു നടിയുമുള്ള അരങ്ങ് എന്നൊരു തിയേറ്റര്‍ ഗ്രൂപ്പില്‍ നടക്കുന്ന കഥയായിരുന്നു ആട്ടം പറഞ്ഞത്. സിനിമയുടെ തുടക്കം മുതല്‍ക്കേ തന്നെ ഗ്രൂപ്പിലുള്ളവര്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും കാണിച്ചു കൊണ്ടായിരുന്നു ആട്ടത്തിന്റെ കഥ മുന്നോട്ടു പോയത്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ഗ്രൂപ്പിലെ ഒരു അംഗത്തില്‍ നിന്നും അഞ്ജലിക്ക് നേരിടേണ്ടി വരുന്ന ആക്രമണത്തോടെയാണ് ആട്ടം എന്ന സിനിമ മാറിമറിയുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ പ്രകടനം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പെരുമാനി. അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ വളരെ വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരുടെയും കഥയാണ് പറയുന്നത്. എണ്ണിയാല്‍ ഒതുങ്ങാത്ത ഒരുപാട് ആളുകളുടെ കഥ പറഞ്ഞ പെരുമാനി ഒരു ഫാന്റസി ഡ്രാമയാണ്. ദൃശ്യാവിഷ്‌ക്കരണ രീതി കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടും ഏറെ വേറിട്ട ചിത്രം കൂടെയാണ് പെരുമാനി.
ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളോടും ഒ.വി. വിജയന്റെ തസ്രാക്കിലെ ആളുകളോടും സാമ്യം തോന്നുന്ന കഥാപാത്രങ്ങളുള്ള പെരുമാനിയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റേത്. വിചിത്ര സ്വഭാവങ്ങളുള്ള കുറേയധികം ആളുകള്‍ക്കിടയില്‍ ഏറെ വിചിത്രമായ ഒരു കഥാപാത്രമായ നാസറായാണ് വിനയ് എത്തിയത്. വെള്ളി പല്ലുകളുള്ള ആളുകള്‍ക്കിടയില്‍ വായില്‍ അഞ്ചാറു സ്വര്‍ണപല്ലും സ്വന്തമായി ഒരു ജെ.സി.ബിയുമുള്ള ആളാണ് നാസര്‍. സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് കൊണ്ടും അഭിനയം കൊണ്ടും വിനയ് ഫോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിനിമ കാണുമ്പോള്‍ പലപ്പോഴും വിനയ്‌യുടെ നാസര്‍ എന്ന കഥാപാത്രത്തിലൂടെയാണോ പെരുമാനിയുടെ കഥ മുന്നോട്ട് പോകുന്നത് എന്ന് പോലും തോന്നിപോകാം.
ഫാമിലി, ആട്ടം എന്നീ സിനിമകളിലൂടെ വിനയ് ഫോര്‍ട്ട് വളരെ സീരിയസായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചതെങ്കില്‍ പെരുമാനിയില്‍ വളരെ നര്‍മം നിറഞ്ഞ കഥാപാത്രമാണ് നാസറിന്റേത്. പലപ്പോഴും നാസര്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ പെരുമാനി കാണുന്ന പ്രേക്ഷകര്‍ പൊട്ടിച്ചിരിയിലാകും.
ഈ ചിത്രങ്ങളിലൂടെ തന്നെ വിനയ് ഫോര്‍ട്ട് എന്ന നടന്റെ സിനിമയുടെ തെരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ അഭിനയവും എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാകും. ഫാമിലിയിലെ സോണിയും ആട്ടത്തിലെ വിനയ്‌യും പെരുമാനിയിലെ നാസറും മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത വിധം വിനയ് ഫോര്‍ട്ട് എന്ന നടന്റെ കൈകളില്‍ ഭദ്രമാണ്.
Content Highlight: From Family Movie To Perumani; Vinay Forrt’s Characters