ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുയർന്ന് ടിഫനി ബ്രാർ
ഹരികൃഷ്ണ ബി

ടിഫനി ബ്രാറിനെ നിങ്ങൾക്കറിയാം. ജനനസമയത്ത് സംഭവിച്ച ഓക്സിജൻ ഓവർഡോസ് കാരണം തന്റെ ജീവിതത്തിലെ വെളിച്ചം കെട്ടുപോയ സ്ത്രീ. പലരും ഇങ്ങനെയൊരു ജീവിതാവസ്ഥയിൽ ഇരുട്ടിലേക്ക് സ്വയം ഒതുങ്ങുകയാണ് ചെയ്യുക. എന്നാൽ ടിഫനി അതിന് തയാറായിരുന്നില്ല. പഠിക്കുന്ന സമയത്ത് തന്റെ ടീച്ചർമാരിൽ ഒരാളിൽ നിന്നും നേരിട്ട അപമാനമാണ് ടിഫനിയുടെ ജീവിതം മാറ്റി മറിച്ചത്. അവിടെ നിന്നും തുടങ്ങിയ യാത്രയിൽ ടിഫനി ഒരുപാട് പേരെ തന്റൊപ്പം കൂട്ടി. തന്റെ ആ യാത്രയെക്കുറിച്ച് ടിഫനി ഡൂൾന്യൂസിനോട് സംസാരിക്കുകയാണ്.

തന്നെപോലെ വിഷമങ്ങൾ അനുഭവിക്കുന്നവരെ വീട്ടിൽ പോയി കണ്ടും ക്ലാസുകൾ എടുത്തുകൊണ്ടുമാണ് ടിഫനി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. പിന്നീട് തിരുവനന്തപുരത്തു അമ്പലമുക്കിൽ ജ്യോതിർഗമയ എന്നൊരു സ്‌ഥാപനം തുടങ്ങി അവിടേക്ക് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. ഇപ്പോൾ അന്ധരായ നിരവധി ആളുകൾക്ക് ആത്മവിശ്വാസവും ദിശാബോധവും നൽകാൻ ടിഫനിക്ക് കഴിയുന്നു. ടെക്നോളജിയിൽ ഉണ്ടായ വളർച്ച ടിഫനിയെയും ടിഫനിയുടെ വിദ്യാർത്ഥികളെയും ഏറെ സഹായിച്ചിട്ടുണ്ട്. ഫേസ്ബുക് whatsapp മുതലായ ആപ്പുകൾ അംഗപരിമിതി ഉള്ളവർക്ക് നൽകുന്ന സൗകര്യങ്ങൾ ഇവർക്ക് പഠനവും മറ്റും എളുപ്പമാക്കുന്നു.

അധ്യാപനത്തിനും സാമൂഹിക പ്രവർത്തനത്തിനും മാത്രമല്ല വിനോദത്തിനും ടിഫനിയും കൂട്ടുകാരും സമയം കണ്ടെത്തുന്നുണ്ട്. റോപ്പ് ക്ലൈമ്പിങ്, ബില്ലിയാർഡ്സ് തുടങ്ങി സാധാരണക്കാർ പോലും ചെയ്യാൻ മടിക്കുന്ന സ്കൈ ഡൈവിംഗും ടിഫനിയുടെ വിനോദങ്ങളുടെ പട്ടികയിൽ പെടും. ഭാവിയിൽ കാഴ്ചശേഷിയില്ലാത്ത കൊച്ചു കുട്ടികൾക്ക് വേണ്ടിക്കൂടി തന്റെ വിദ്യാലയം വിപൂലീകരിക്കാനാണ് ടിഫനി പദ്ധതിയിടുന്നത്.

മാത്രമല്ല കൂടുതൽ ഇന്ററാക്ടിവ് ആയിട്ടുള്ള പഠന രീതികളും ടിഫനി ആലോചിക്കുന്നുണ്ട്. ചെറിയൊരു സ്ഥാപനമായി തുടങ്ങിയ ടിഫനിയുടെ വിദ്യാലയം ഇന്ന് അന്ധരായ നിരവധി പേർക്ക് തണലായിരിക്കുകയാണ്. ജ്യോതിർഗമയയിലൂടെ ഇനിയും നിരവധി പേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താൻ തനിക്കാവും എന്ന ആത്മവിശ്വാസത്തിലാണ് ടിഫനി ബ്രാർ.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍