| Sunday, 8th August 2021, 12:40 pm

മഹീന്ദ്രയുടെ വക പുത്തന്‍കാര്‍, സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ; നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ

സ്പോര്‍ട്സ് ഡെസ്‌ക്

പാനിപ്പത്ത്: ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് വാഗ്ദാനപ്പെരുമഴ. ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നീരജിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി രൂപയാണ് നീരജിന് നല്‍കുക.

ബി.സി.സി.ഐയും ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്‌സും ഓരോ കോടി രൂപ വീതം നീരജിന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ലൈനായ ഇന്‍ഡിഗോ നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തെ വിമാനയാത്ര സൗജന്യമായിരിക്കുമെന്ന് അറിയിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പുത്തന്‍ മോഡലായ എക്‌സ്.യു.വി 700 നീരജ് ചോപ്രയ്ക്ക് സമ്മാനിക്കും.

ഒളിംപിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്ലറ്റിക്സില്‍ സ്വര്‍ണ്ണം നേടുന്നത്. ഒളിംപിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണ്ണമാണിത്. ബീജിംഗ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണ്ണം നേടിയിരുന്നു.

ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: From cash awards to car: It’s pouring rewards for ‘golden boy’ Neeraj Chopra Anand Mahindra XUV 700

We use cookies to give you the best possible experience. Learn more