സ്റ്റീവ് സ്മിത്ത്. റിക്കിപോണ്ടിങ്ങ് കഴിഞ്ഞാല്‍ ഓസീസ് ക്രിക്കറ്റിനെ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടു നയിച്ച നായകന്‍. ഓസീസിനെ 34 ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും നയിച്ച വ്യക്തി. സമ്മര്‍ദ്ദഘട്ടങ്ങളിലും തളരാതെ നിന്ന പോരാളി… വിശേഷണങ്ങളേറെയാണ് കംങ്കാരുപ്പടയുടെ ഈ നായകന്.
എന്നാല്‍ കഴിഞ്ഞദിവസം പുറത്തു വന്ന ഒരു വീഡിയോയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്മിത്തിന്റെ കരിയര്‍ തന്നെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ്. പന്തില്‍ കൃത്രിമം കാട്ടുന്ന ബാന്‍ക്രോഫ്ടിന്റെ വീഡിയോ പുറത്തുവന്നിതിനു പിന്നാലെ ഇത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കും അറിയാമായിരുന്നെന്നു സമ്മതിച്ച സ്മിത്ത് താന്‍ നായക പദവി ഒഴിയില്ലെന്നും പ്രസ്താവനയിറക്കിയിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ വിഷയത്തില്‍ സര്‍ക്കാരും ഇടപെടുകയായിരുന്നു. ബോര്‍ഡിനോട് നായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സര്‍ക്കാര്‍ രംഗത്തെത്തിയത്.
വാര്‍ത്തയോട് പ്രതികരിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ “സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതാണെന്നും” പ്രതികരിച്ചു. ഓസ്ട്രേലിയന്‍ സ്പോര്‍ട് കമ്മീഷണര്‍ ജോണ്‍ വെയ്ലി കായിക ഇനത്തിലെ ഏത് വഞ്ചനയെയും അപലപ്പിക്കുന്നതായും പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും വെയ്ലി പറഞ്ഞു.
ഇതിനു പിന്നാലെ സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും സ്ഥാനങ്ങള്‍ രാജിവെക്കുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ആജീവാനന്ത വിലക്ക് വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ന്യൂലാന്‍ഡ്സില്‍ നടന്ന സംഭവങ്ങള്‍ സ്മിത്തിന്റെ കരിയറിലെ ഒറ്റപ്പെട്ട കാര്യങ്ങളല്ലെന്ന് അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും.
ഇതാ കളത്തിലെ സ്മിത്തിന്റെ മാന്യതയില്ലായ്മയുടെ അഞ്ച് ഉദാഹരണങ്ങള്‍.
1. ഡി.ആര്‍.എസ് ബ്രെയിന്‍ ഫേഡ്
2017 മാര്‍ച്ചില്‍ ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ ഉമേഷ് യാദവിന്റെ പന്തില്‍ സ്മിത്ത് എല്‍.ബി.ഡബ്ല്യൂ ആവുകയായിരുന്നു. എന്നാല്‍ ഡി.ആര്‍.എസിന് പോകണമോ എന്ന് ഡ്രസിംഗ് റൂമിലുള്ളവരോട് സ്മിത്ത് ആംഗ്യം കാണിച്ച് ചോദിക്കുകയായിരുന്നു. സ്മിത്തിന്റെ നീക്കം കണ്ട അമ്പയര്‍ ഓടിയെത്തി ഇത് തടഞ്ഞു.
ഇതേ തുടര്‍ന്ന് രോഷാകുലനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്മിത്തിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ കളിക്കിടെ ആലോചിക്കാതെ ചെയ്തതാണെന്നായിരുന്നു സ്മിത്ത് ഇതിനു നല്‍കിയ വിശദീകരണം.
2. ആന്‍ഡേഴ്‌സണ്‍- സ്മിത്ത് വാക്‌പോര്
എതിര്‍ താരങ്ങളെ സ്‌ളെഡ്ജ് ചെയ്ത് മത്സരം തങ്ങള്‍ക്കനുകൂലമാക്കുക എന്നത് ഓസീസ് താരങ്ങള്‍ തുടര്‍ന്നുവരുന്ന രീതിയാണ്. ഇതില്‍ ഒട്ടും പുറകിലല്ല സ്റ്റീവന്‍ സ്മിത്ത്. അഡ്‌ലൈഡ് ടെസ്റ്റ് മത്സരത്തിനിടെ വാക്കുകള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയ സ്മിത്തിനെയും ഇംഗ്ലണ്ട് താരം ആന്‍ഡേഴ്‌സണെയും അധികമാരും മറക്കാനിടയില്ല.
ബാറ്റിങ്ങിനിടയില്‍ ആന്‍ഡേഴ്‌സണെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ പ്രയോഗിച്ച സ്മിത്തിനെ അംപയര്‍ അലീം ദാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
3. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ അംപയര്‍മാരോട് മോശമായി പെരുമാറുന്നു
2016 ഫെബ്രുവരിയില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തിനിടെ അംപയര്‍മാരോട് മോശമായി പെരുമാറിയതിനും ഓസീസ് നായകന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നു മാച്ച് ഫീയുടെ 30 ശതമാനമായിരുന്നു സ്മിത്ത് പിഴയൊടുക്കിയത്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഡി.ആര്‍.എസ് വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സ്മിത്തിന്റെ അസഭ്യവര്‍ഷം. എന്നാല്‍ താന്‍ ഇതില്‍ നിന്നും പലതും പഠിച്ചെന്നും ഇംപ്രൂവ് ചെയ്യുമെന്നുമായിരുന്നു സ്മിത്ത് പിന്നീട് പ്രതികരിച്ചത്.
4. ഐ.സി.സിയുടെ അപ്പീല്‍ സിസ്റ്റത്തിനെതിരെ
ഓസീസ് ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ വിവാദമായിരുന്നു റബാഡ-സ്മിത്ത് തര്‍ക്കം. തന്റെ തോളിലുരസിയതിനു റബാഡയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരായിരുന്നു ഓസീസ് നായകന്‍ ഐ.സി.സിയ്‌ക്കെതിരെ തിരിഞ്ഞത്. ഐ.സി.സിയുടെ അപ്പീല്‍ സിസ്റ്റത്തിനെതിരെ സംസാരിച്ച സ്മിത്ത് ഇത് തെറ്റായ കീഴ്‌വഴക്കത്തിന്റെ തുടക്കമെന്നായിരുന്നു വിമര്‍ശിച്ചത്.
ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്മിത്തിന്റെ വിമര്‍ശനം. മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാതിരിക്കുന്ന കീഴ്‌വഴക്കം ഓസ്‌ട്രേലിയ ഇനിയങ്ങോട്ട് പുനപരിശോധിക്കുമെന്നും സ്മിത്ത് പറഞ്ഞു.
റബാഡയെ രണ്ട് മത്സരത്തില്‍ നിന്ന് വിലക്കുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അറിഞ്ഞുകൊണ്ടല്ല തോളില്‍ തട്ടിയതെന്ന റബാഡയുടെ വിശദികരണം ഐ.സി.സി അംഗീകരിച്ച് വിലക്ക് നീക്കുകയായിരുന്നു.
5. പന്തില്‍ കൃത്രിമം കാട്ടിയിട്ടും ന്യായീകരണം
പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ആദ്യം സമ്മതിച്ചില്ലെങ്കിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്സാണെന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്നും സ്മിത്ത് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞിരുന്നു. “രാജിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോഴും ഞാന്‍ കരുതുന്നത്. ഞാന്‍ ഇതിനു അനുയോജ്യനായ വ്യക്തി തന്നെയാണെന്നാണ്.” എന്നായിരുന്നു നായകന്‍ പറഞ്ഞിരുന്നത്.