2022 ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി നിരീക്ഷിക്കുകയാണെങ്കില്‍ തെന്നിന്ത്യയുടെ ആധിപത്യമാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളെടുക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും മുന്നില്‍ വരുന്നത് ആര്‍.ആര്‍.ആറും കെ.ജി.എഫുമാണ്. വിക്രമാവട്ടെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്താനുള്ള കുതിപ്പിലുമാണ്.
തെന്നിന്ത്യയുടെ കുതിപ്പോടെ പ്രതിസന്ധിയിലായത് ബോളിവുഡാണ്. ഇന്ത്യന്‍ സിനിമയുടെ മുഖവും നമ്പര്‍ വണ്‍ ഇന്‍ഡസ്ട്രിയുമായിരുന്ന ബോളിവുഡിന് ഇപ്പോള്‍ ഈ പദവികളെല്ലാം നഷ്ടമാവുന്ന അവസ്ഥയാണ്. ഇപ്പോള്‍ തന്നെ നെപ്പോവുഡെന്നും റീമേക്ക്‌വുഡെന്നുമൊക്കെയുള്ള ഇരട്ടപ്പേരുകള്‍ ബോളിവുഡിന് വീണിട്ടുണ്ട്. കൂനിന്‍മേല്‍ കുരുവെന്ന പോലെയാണ് ഈ വര്‍ഷം പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്ക് കുത്തിയത്. 2022ല്‍ ബോളിവുഡില്‍ സംഭവിച്ച് ചില സൂപ്പര്‍ ഫ്‌ളോപ്പുകള്‍ പരിശോധിക്കാം.
1. ബച്ചന്‍ പാണ്ഡേ
ഫര്‍ഹാദ് സംജിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനായ ചിത്രമാണ് ബച്ചന്‍ പാണ്ഡേ. മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് നായികമാരായത്. ഹോളി ദിനത്തിലെത്തിയ ചിത്രത്തെ ഒരാഴ്ച കൊണ്ട് തന്നെ പ്രേക്ഷകര്‍ കൈ വിട്ടു. ഇതേ സമയം തന്നെ തിയേറ്ററുകളിലെത്തിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങള്‍ ബച്ചന്‍ പാണ്ഡേയുടെ പരാജയത്തിന് ഒരു കാരണമായിരുന്നു. 165 കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന് 45 കോടി മാത്രമാണ് നേടാനായത്.
2. അറ്റാക്ക്
ലക്ഷ്യ രാജ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ അറ്റാക്കില്‍ ജോണ്‍ എബ്രഹാമാണ് നായകനായത്. രാകുല്‍ പ്രീത് സിങ്ങ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് നായികമാരായത്. അറ്റാക്ക് ഒരു ബോക്‌സ് ഓഫീസ് ഡിസാസ്റ്ററാണെന്നാണ് ക്രിട്ടിക്‌സും ന്യൂസ് പോര്‍ട്ടലുകളും വിശേഷിപ്പിച്ചത്. 100 കോടി മുടക്കുമുതലുള്ള ചിത്രത്തിന് ലഭിച്ചത് വെറും 16 കോടി മാത്രമാണ്.
3. ജേഴ്‌സി
ഗൗതം തിന്നനൂരിയുടെ സംവിധാനത്തിലെത്തിയ ജേഴ്‌സില്‍ നായകനായത് ഷാഹിദ് കപൂറാണ്. 2019ല്‍ നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനായ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേഴ്‌സിയുടെ അതേ പേരിലുള്ള റീമേക്കായിരുന്നു ഷാഹിദ് കപൂറിന്റെ ചിത്രം. തെലുങ്കില്‍ വലിയ വിജയമായ ചിത്രം ഹിന്ദിയിലെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞു. 80 കോടി മുടക്കിയ ചിത്രത്തിന് 20 കോടി പോലും നേടാനായില്ല. ജേഴ്‌സിയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ തരംഗവും ചിത്രത്തെ ബാധിച്ചു.
4. ഹീറോപന്തി 2
അഹ്മദ് ഖാന്റെ സംവിധാനത്തില്‍ ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രമാണ് ഹീറോപന്തി ടു. ടൈഗര്‍ ഷെറോഫ് നായകനായ ചിത്രത്തില്‍ കൃതി സെനോണും താരാ സുതാരിയയുമാണ് നായികമാരായത്. ആക്ഷന്‍ പാക്ക്ഡായെത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് തിയേറ്ററില്‍ സമ്മാനിച്ചത്. 26 കോടിയാണ് ഹീറോപന്തി ടുവിന് ലഭിച്ചത്.
5. ധാക്കഡ്
റസ്‌നീഷ് ഗായിയുടെ സംവിധാനത്തില്‍ മെയില്‍ പുറത്ത് വന്ന ചിത്രമാണ് ധാക്കഡ്. കങ്കണ റണാവത്ത് നായികയായ ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയത്. ഏറെ കൊട്ടിഘോഷിച്ച് തീയറ്ററുകളിലെത്തിയ ചിത്രം റിലീസിന്റെ എട്ടാം നാള്‍ രാജ്യത്ത് മൊത്തം നേടിയ കളക്ഷന്‍ ആകെ അയ്യായിരം രൂപയില്‍ താഴെ മാത്രമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 4420 രൂപ. എട്ടാം നാള്‍ വിറ്റുപോയതാകട്ടെ 20 ടിക്കറ്റുകള്‍ മാത്രവും. സമീപകാലത്ത് കങ്കണയുടെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയിരിക്കുകയാണ് ധാക്കഡ്.
6. സാമ്രാട്ട് പൃഥ്വിരാജ്
ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തി സാമ്രാട്ട് പൃഥ്വിരാജും തിയേറ്ററുകളില്‍ കിതക്കുകയാണ്. നാലാം ദിനത്തില്‍ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയില്‍ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: From Bachchan Pandey to Samrat Prithviraj, Bollywood flops for 2022