വിയറ്റ്‌നാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഡ്ജറ്റ് എയര്‍ലൈന്‍ വിയെജെറ്റ് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ഡിസംബര്‍ ആറ് മുതലാണ് വിയെജെറ്റ് ഇന്ത്യയില്‍ നിന്നും വിയറ്റ്‌നാമിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് ന്യൂ ദല്‍ഹിയിലേക്കുള്ള സര്‍വ്വീസുകള്‍ ഉണ്ടാവും. ബാക്കിയുള്ള മൂന്ന് ദിവസങ്ങളില്‍ ഹാനോയിയില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള സര്‍വ്വീസുകളും ഉണ്ടാവും.
ഈ പൂതിയ റൂട്ടുകളിലേക്കുള്ള മൂന്ന് ദിവസത്തെ ബുക്കിംഗ് വിയേജെറ്റ് ആരംഭിച്ചു. പ്രത്യേക ഓഫറുകളാണ് വിയേജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്ത്20 മുതല്‍ 22 വരെയാണ് ബുക്കിംഗ് ഉള്ളത്. ഒമ്പത് രൂപ മുതലുള്ള ഓഫറുകളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. വാറ്റ്, എയര്‍പോര്‍ട്ട് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ 9 രൂപയില്‍ അടങ്ങില്ല.
8000 സീറ്റുകളിലേക്കാണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ 2020 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കാണ് ഇപ്പോല്‍ ബുക്കിംഗ് സ്വീകരിക്കുന്നത്.
വിയേജെറ്റ് എയര്‍ലൈന്‍ നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ബിക്കിനി ധരിച്ച് എയര്‍ഹോസ്റ്റസുമാര്‍ എത്തിയതാണ് വിവാദമുണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് സിവില്‍ എവിയേഷന്‍ അതോറ്റിറ്റി കമ്പനിയില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു.