| Friday, 13th December 2024, 1:46 pm

2011 ക്രിക്കറ്റ് ലോകകപ്പും പാരീസ് ഒളിമ്പിക്‌സും മുതല്‍ ഗുകേഷ് വരെ; ഇന്ത്യയുടെ വിജയത്തില്‍ ഇയാള്‍ എന്നും നിര്‍ണായക സാന്നിധ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സ്വന്തം ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ് കരുയുദ്ധത്തില്‍ വിജയിച്ച് ചതുരംഗത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. 18ാം വയസില്‍, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യന്‍ എന്ന നേട്ടത്തോടെയാണ് ഗുകേഷ് കിരീടമണിഞ്ഞത്.

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ് കിരീടം തലയില്‍ ചൂടുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് ഗുകേഷ്. നിര്‍ണായകമായ അവസാന മത്സരത്തില്‍ ചാമ്പ്യനാവാന്‍ വേണ്ടിയിരുന്ന ഏഴര പോയിന്റ് ഗുകേഷ് സ്വന്തമാക്കിയാണ് ഡിങ്ങിനെ പരാജയപ്പെടുത്തിയത്.

കായികലോകം ഒന്നാകെ ഗുകേഷിനും അദ്ദേഹത്തിന്റെ പരിശീലകനും വേണ്ടി കയ്യടിക്കുമ്പോള്‍ ഒപ്പം പ്രശംസയര്‍ഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗുകേഷനിന്റെ മെന്റല്‍ കോച്ച് പാഡി അപ്ടണ്‍.

പാഡി അപ്ടണെ ഓര്‍മയില്ലേ! 2011ല്‍ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോകകപ്പുയര്‍ത്തിയപ്പോള്‍ ടീമിന് കരുത്തായ പരിശീലകരില്‍ ഒരാള്‍. കൃത്യമായി പറഞ്ഞാല്‍ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷനിങ് കോച്ച്.

കളിക്കാര്‍ക്ക് മനക്കരുത്ത് നല്‍കാനും അവരുടെ നേതൃപാടവം ഉയര്‍ത്താനും കളത്തിലെ സമ്മര്‍ദത്തെ അതിജീവിക്കാനും സഹായിക്കുന്ന ‘മനശാസ്ത്ര പരിശീലകനാണ്’ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ദക്ഷിണാഫ്രിക്കക്കാരന്‍.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷിനെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു പാഡി അപ്ടണ്‍ വഹിച്ചിരുന്നത്.

പതിനെട്ടുകാരന്റെ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷനിങ് കോച്ചായി ആറുമാസം മുമ്പാണ് അപ്ടണ്‍ ചുമതലയേറ്റത്. പിന്നീടുള്ള ഓരോ ദിവസങ്ങളിലും ചെസ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടുള്ള മാനസികമായ ഒരുക്കങ്ങളായിരുന്നു.

ആദ്യം ആഴ്ചയില്‍ ഒരുതവണ വിശദമായി സംസാരം. വ്യക്തിപരമായ കാര്യങ്ങളും മറ്റ് വിഷയങ്ങളുമായിരുന്നു പ്രധാനം. പിന്നീട് പതിയെ ചെസിനെക്കുറിച്ചും മത്സരത്തെക്കുറിച്ചുമായി. ഇത് ഓരോ സെഷനിലും ഗുകേഷിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

‘ഗുകേഷിന് ആദ്യമേ 14 ഗെയിമുകളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. വ്യക്തമായ പദ്ധതിയും. അതിനനുസരിച്ചായിരുന്നു നീക്കങ്ങള്‍. സാധാരണ ഒരു പതിനെട്ടുകാരനില്‍ കാണാത്ത ആത്മധൈര്യം ഈ കൗമാരക്കാരനുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്,’ ഗുകേഷിന്റെ വിജയശേഷം പാഡി അപ്ടണ്‍ പറഞ്ഞു.

ഈ ചരിത്ര വിജയത്തിന് തൊട്ടുപിന്നാലെ, ഗുകേഷ് തന്റെ സെക്കന്‍ഡ് ടീമിനെ വെളിപ്പെടുത്തുകയും ചരിത്രത്തിലേക്കുള്ള തന്റെ യാത്രയില്‍ പാഡി അപ്ടണ്‍ വഹിച്ച പങ്ക് ഊന്നിപ്പറയുകയും ചെയ്തു.

‘കഴിഞ്ഞ ആറ് മാസമായി പാഡി എനിക്ക് വലിയ, വളരെ വലിയ പിന്തുണയാണ് നല്‍കുന്നത്. എന്റെ ചെസ് ടീമിന്റെ ഭാഗമല്ലെങ്കിലും, ഈ യാത്രയില്‍ അദ്ദേഹം വളരെ പ്രധാനമായിരുന്നു,’ ഗുകേഷ് പറഞ്ഞു.

ഗുകേഷിനും 2011ലെ ലോകകപ്പ് വിന്നിങ് ടീമിനുമൊപ്പം മാത്രമല്ല, 2024 പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമിനൊപ്പവും പാഡി അപ്ടണിന്റെ സാന്നിധ്യമുണ്ടായിരുന്നു.

മനശ്ശാസ്ത്രപഠനത്തില്‍ നാല് സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ പാഡി അപ്ടണ്‍ വിവിധ ക്രിക്കറ്റ് ടീമുകളുടെ പരിശീലകനുമായിരുന്നു.

Content Highlight:  From 2011 World Cup victory to Gukesh’s glory, Who is Paddy Upton?

We use cookies to give you the best possible experience. Learn more