national news
രാമനെ കുറിച്ച് പറയുകയും നാഥൂറാമിനെ മനസില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് അവര്‍; മോഹന്‍ ഭഗവതിന്റെ രാമക്ഷേത്ര പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 04, 05:59 am
Thursday, 4th October 2018, 11:29 am

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന മോഹന്‍ഭാഗവതിന്റെ പ്രസ്താവനയെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസും രാമക്ഷേത്രനിര്‍മാണ വിഷയം എടുത്തിടും. മഴക്കാലത്ത് ചില തവളകള്‍ പുറത്തിറങ്ങി പ്രത്യേക രീതിയില്‍ കരയും. അതുപോലെയാണ് മോഹന്‍ ഭഗവതിന്റെ ഈ പ്രസ്താവനയും. തെരഞ്ഞെടുപ്പ് അടുക്കുന്നു എന്ന് തോന്നുമ്പോള്‍ അവര്‍ കൃത്യമായി രാമസ്‌നേഹം പുറത്തെടുക്കും. – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.


എന്‍. ചന്ദ്രബാബു നായിഡു കള്ളന്‍, രാജ്യദ്രോഹി; ആഞ്ഞടിച്ച് കെ. ചന്ദ്രശേഖര്‍ റാവു


മോഹന്‍ ഭഗവതിനെയാണ് ഇത്തവണ ഇക്കാര്യം ഇവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിന്റേയും നാല് മാസം മുന്‍പ് ഇവര്‍ക്ക് രാമനെ ഓര്‍മ്മ വരും. ഇതോടെ രാമസ്‌നേഹം നുരഞ്ഞുപൊന്തും. വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ ഇവര്‍ ക്ഷേത്രനിര്‍മാണത്തെ കുറിച്ച് പറയും.

മഴക്കാലത്ത് ഇറങ്ങുന്ന തവളകളെ പോലെ ഓരോ തെരഞ്ഞെടുപ്പ് സമയത്തും ഇവര്‍ പുറത്തിറങ്ങി പറയുന്ന കാര്യങ്ങളില്‍ ഒരു സത്യസന്ധതയും ഇല്ല. അതൊന്നും യാഥാര്‍ത്ഥ്യമാകുകയും ഇല്ല.

രാമന്‍ എല്ലായിടത്തും ഉണ്ട്. കൈകേയി രാമനെ 14 വര്‍ഷത്തെ വനവാസത്തിന് അയച്ചു. എന്നാല്‍ ഇന്നത്തെ കലിയുഗത്തില്‍ കൈകേയിയായ ബി.ജെ.പിയും ആര്‍.എസ്.എസും രാമനെ 30 വര്‍ഷത്തെ വനവാസത്തിന് അയച്ചിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പി രാമനെ നാടുകടത്തും. പിന്നീട് തെരഞ്ഞെടുപ്പ് അടുക്കുന്നതിന് നാല് മാസം മുന്‍പ് അദ്ദേഹത്തെ ഓര്‍ക്കും. എന്താണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സ്വഭാവം? രാമനെ കുറിച്ച് പറയുകയും നാഥൂറാമിനെ മനസില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഇതാണ് യഥാര്‍ത്ഥ ബി.ജെ.പി.

രാംജന്മഭൂമി- ബാബ്‌റി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അത് കോടതി തീരുമാനിക്കേണ്ട കാര്യമാണ്”- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.