| Sunday, 5th August 2018, 5:15 pm

ബീഹാര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസില്‍ നടന്നത് പ്രതിപക്ഷപ്പാര്‍ട്ടികളുടെ സൗഹൃദദിനാഘോഷം; നിതീഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ ഷെല്‍ട്ടര്‍ ഹോം ബലാത്സംഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കില്ലെന്ന് ജെ.ഡി.യു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി മാധ്യമങ്ങളോടു പറഞ്ഞു. സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കടുക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ പ്രതികരണം.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ നിതീഷ് കുമാറിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടു വന്നിരുന്നു. കേസില്‍ കുറ്റാരോപിതനായ ബ്രജേഷ് താക്കൂറുമായി നിതീഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്കിടെ തേജസ്വി യാദവ് ആരോപിക്കുകയും ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം മറുപടിയായാണ് മുഖ്യമന്ത്രി രാജിവയ്ക്കില്ലെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കുമെന്നും ജെ.ഡി.യു വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പാടേ തള്ളിക്കളഞ്ഞ ത്യാഗി, ആര്‍.ജെ.ഡിയുടെ പ്രതിഷേധ പരിപാടികളില്‍ രാഹുലടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സംബന്ധിച്ചതിലെ അമര്‍ഷവും അറിയിച്ചു. സംഭവം നടന്നതിനു ശേഷം വളരെ വൈകിയാണ് താന്‍ ഖേദിക്കുന്നുവെന്ന നിതീഷ് കുമാറിന്റെ പ്രതികരണം പുറത്തുവന്നിരുന്നത്.


Also Read: ആക്രമിക്കാന്‍ വേണ്ടി അവസരം കാത്തിരിക്കുകയാണ് പ്രതിപക്ഷം; മുസാഫര്‍പൂര്‍ ബലാത്സംഗക്കേസില്‍ നിതീഷ് കുമാര്‍


സംസ്ഥാനത്തു നടന്ന അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ലജ്ജാവഹവുമായ ഒരു സംഭവത്തില്‍ നിന്നും രാഷ്ട്രീയലാഭം നേടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ സൗഹൃദദിനാഘോഷമാണ് നടന്നതെന്ന് ത്യാഗി കുറ്റപ്പെടുത്തുന്നു.

“എല്ലാവരെയും ഒരുപോലെ ലജ്ജിപ്പിച്ച ഇത്തരമൊരു സംഭവത്തെ എന്‍.ഡി.എ സര്‍ക്കാരിനും നിതീഷ് കുമാറിനുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ എങ്ങിനെയാണ് പ്രതിപക്ഷത്തിനു സാധിക്കുന്നത്. ബീഹാറിലെ നിസ്സഹായരായ ഇരകളുടെ മേല്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.” ത്യാഗി പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തടയപ്പെട്ടിട്ടുള്ള അനധികൃത മണല്‍ ഖനനവും മദ്യക്കടത്തും വീണ്ടും പുനരാരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജിയാവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ആര്‍.ജെ.ഡിയുടെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പങ്കുകൊണ്ടത് ദൗര്‍ഭാഗ്യകരമാണ്. ജെ.എന്‍.യു പ്രസിഡന്റ് ചന്ദ്രശേഖറിന്റെയും പൂര്‍ണിയ എം.എല്‍.എ അജിത് സര്‍ക്കാറിന്റെയും കൊലപാതകങ്ങള്‍ മറന്നുകൊണ്ട് ആര്‍.ജെ.ഡി പ്രതിഷേധത്തില്‍ സീതാറാം യച്ചൂരിയും ഡി.രാജയും പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more