|

യു.എസ്-ഇന്ത്യന്‍ സൗഹൃദം ആഗോള നന്മക്കായുള്ള പ്രേരക ശക്തി: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിലെ തന്നെ മികച്ചവയിലൊന്നാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചപ്പോള്‍ സാങ്കേതിക പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഇരുരാജ്യങ്ങളും നിരവധി തന്ത്രപ്രധാനമായ കരാറുകളില്‍ ഒപ്പുവെച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗഹൃദങ്ങളിലൊന്നാണ് ഇന്ത്യയും യു.എസും തമ്മിലുള്ളത്. അത് മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തവും അടുപ്പമുള്ളതുമാണ്,’ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

യു.എസും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ആഗോള നന്മക്കായുള്ള പ്രേരക ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ബൈഡന്റെ ട്വീറ്റിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ ബൈഡനോട് യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെ തന്നെയായിരുന്നു മോദിയുടെയും മറുപടി.

‘ഞാന്‍ നിങ്ങളോട് പൂര്‍ണമായും യോജിക്കുന്നു ബൈഡന്‍. നമ്മുടെ സൗഹൃദം ആഗോള നന്മക്കായുള്ള പ്രേരകശക്തിയാണ്. അത് ജീവിതം കൂടുതല്‍ മികച്ചതാക്കും,’ മോദി ട്വിറ്ററില്‍ കുറിച്ചു.

ബൈഡന്റെ ക്ഷണം സ്വീകരിച്ച് ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു.  അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ നടന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുത്തിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്തിരുന്നു. രണ്ട് തവണ ഇത്തരത്തില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാണ് മോദി.

യു.എസിന്റെയും ഇന്ത്യയുടെയും വിദ്യാഭ്യാസ വിനിമയം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യ സുരക്ഷ തുടങ്ങിയവയിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.

Content Highlight: Friendship between india and us is aforce of global good: Modi