‘ഫ്രണ്ട്‌സ്’ എന്ന സിറ്റ്കോമിലൂടെ മലയാളികള്‍ക്കിടയില്‍ പോലും പ്രശസ്തനായ അമേരിക്കന്‍-കനേഡിയന്‍ നടന്‍ മാത്യു പെറിയെ ശനിയാഴ്ച ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 54 വയസ്സുള്ള പെറി 1969 ഓഗസ്റ്റ് 19ന് മസാച്യുസെറ്റ്സിലെ വില്യംസ്ടൗണില്‍ ജനിച്ച് കാനഡയിലെ ഒട്ടാവയിലാണ് വളര്‍ന്നത്.
1987 മുതല്‍ 1988 വരെ ‘ബോയ്സ് വില്‍ ബി ബോയ്സ്’ എന്ന ടി.വി ഷോയില്‍ അദ്ദേഹം ചാസ് റസ്സല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പക്ഷേ 1994ല്‍ എന്‍.ബി.സിയുടെ ഐക്കണിക് സിറ്റ്കോം ആയ ഫ്രണ്ട്സിലൂടെ ചാന്‍ഡലര്‍ ബിംഗ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് പ്രശസ്തി നേടിയത്. 2002ല്‍ പെറിക്ക് എമ്മി നോമിനേഷന്‍ നേടിയിരുന്നു.
ഫ്രണ്ട്‌സ് 10 സീസണുകളിലായി 234 എപ്പിസോഡുകളാണ് ഉള്ളത്. ഫ്രണ്ട്‌സിലെ ചാന്‍ഡലര്‍ എന്ന പെറിയുടെ കഥാപാത്രത്തിന് ലോകമെമ്പാടുമായി ഒരുപാട് ആരാധകരാണുള്ളത്. തന്റെ 24മത്തെ വയസിലാണ് പെറി ഫ്രണ്ട്‌സില്‍ അഭിനയിക്കുന്നത്.
ഒരൊറ്റ സിറ്റ്‌കോമിലൂടെ ലോകപ്രശസ്തനായ അദ്ദേഹം ഒരു സമയത്ത് ഡ്രഗിന് അടിമപെട്ട കാര്യം സ്വയം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സിന്റെ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണുകള്‍ തനിക്ക് ഓര്‍മയില്ലെന്ന് 2016ല്‍ ബ്രിട്ടണിലെ ബി.ബി.സി റേഡിയോയുടെ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഫ്രണ്ട്‌സിന് പുറമെ ‘ബോയ്‌സ് വില്‍ ബി ബോയ്‌സ്,’ ‘ഗ്രോയിംഗ് പെയിന്‍സ്,’ ‘സില്‍വര്‍ സ്പൂണ്‍സ്,’ ‘ചാള്‍സ് ഇന്‍ ചാര്‍ജ്,’ ‘സിഡ്‌നി,’ ‘ബെവര്‍ലി ഹില്‍സ്, 90210,’ ‘ഹോം ഫ്രീ,’ ‘അല്ലി മക്ബീല്‍,’ ‘ദ വെസ്റ്റ് വിംഗ്,’ ‘സ്‌ക്രബ്‌സ്,’ ‘സ്റ്റുഡിയോ 60 ഓണ്‍ ദി സണ്‍സെറ്റ് സ്ട്രിപ്പ്,’ ‘ഗോ ഓണ്‍,’ ‘ദി ഓഡ് കപ്പിള്‍’ തുടങ്ങിയ നിരവധി ടിവി ഷോകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.
Content Highlight: Friends Sitcom Actor Matthew Perry Dead