ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ പ്രിയപ്പെട്ട സീരീസുകളിൽ ഒന്നാണ് ഫ്രണ്ട്‌സ്. എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ഫ്രണ്ട്സിലെ കഥാപാത്രങ്ങൾ ഇന്ത്യൻ വേഷത്തിൽ എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയാണ്. വിവാഹ വേഷങ്ങളിൽ ആണ് താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്വിൻറ് നിയോൺ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘എന്തിനുവേണ്ടി? അല്ലെങ്കിൽ തന്നെ ലോകം വ്യാജമായിക്കൊണ്ടിരിക്കുകയാണ്’ എന്നൊരാൾ പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. മോണിക്കയും ചാൻഡ്‌ലറുമാണ് കൂടുതൽ ഇഷ്ടമായതെന്ന് മറ്റൊരാൾ കുറിച്ചിട്ടുമുണ്ട്.
1994 മുതൽ തുടങ്ങിയ ഫ്രണ്ട്‌സിന് ഇപ്പോഴും ആസ്വാദകർ ഏറെയാണ്. പത്ത് സീസണുകൾ ഉള്ള സീരീസിൽ 236 എപ്പിസോഡുകൾ ആണുള്ളത്.
സൗഹൃദത്തെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും നർമത്തിലൂടെ അവതരിപ്പിച്ച ഫ്രണ്ട്‌സ് 2004 മെയ് ആറിന് അവസാന എപ്പിസോഡ് പുറത്തുവിട്ടു. പ്രേക്ഷകരെ ഒന്നടങ്കം വിഷമത്തിലാക്കിയ നിമിഷമായിരുന്നു അത്. ശേഷം 2021 ൽ ‘ഫ്രണ്ട്‌സ് ദി റീയൂണിയൻ’ സ്‌പെഷ്യൽ എച്ച്.ബി.ഓ മാക്സിലൂടെ റിലീസ് ചെയ്തു.
മോണിക്ക, ചാൻഡ്ലർ, റെയ്‌ച്ചൽ, ജോയ്, ഫീബി, റോസ് എന്നീ കഥാപാത്രങ്ങളുടെ മീമുകളും ഡയലോഗുകളും പ്രേക്ഷകർ ഇന്നും ഷെയർ ചെയ്യാറുണ്ട്.
എ. ഐ സംവിധാനം ഉപയോഗിച്ചുള്ള രണ്ടാമത്തെ കലാ സൃഷ്ടികളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരുടെ മുഖം ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ് ഫാദർ എന്ന ചിത്രത്തിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
വിനയ് ഫോർട്ട്, സിദ്ദാർഥ് ഭരതൻ എന്നിവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇനി ഇത്തരം വീഡിയോ താന്‍ ഉണ്ടാക്കില്ലെന്ന് വീഡിയോയുടെ സ്രഷ്ടാവായ ടോം ആന്റണി പറഞ്ഞു.
ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്ക് വേണമെങ്കിലും ഇത്തരം വീഡിയോ ഉണ്ടാക്കാമെന്നും വേണമെങ്കില്‍ പോണ്‍ വീഡിയോ ഉണ്ടാക്കാമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ടോം പറഞ്ഞു. വേറെ ഒരാളുടെ മുഖം വെച്ച്, പെര്‍മിഷനില്ലാതെ ഇനി വീഡിയോസ് ഉണ്ടാക്കില്ലെന്നും ടോം കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Friends characters re-imagination through AI