| Thursday, 16th November 2023, 7:32 pm

ചാന്‍ഡ്‌ലറിനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് 'ഫ്രണ്ട്‌സ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഫ്രണ്ട്സ്’ സിറ്റ്‌കോമിലെ ചാന്‍ഡ്‌ലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ പോലും പ്രശസ്തനായ അമേരിക്കന്‍-കനേഡിയന്‍ നടനായിരുന്നു മാത്യു പെറി. ഒക്ടോബര്‍ 28നായിരുന്നു അദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ ലോകത്താകമാനമുള്ള മാത്യൂ പെറിയുടെ ആരാധകര്‍ തങ്ങളുടെ ദുഖം പങ്കു വെച്ചിരുന്നു. അതേസമയം ഫ്രണ്ട്സില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരാരും മാത്യു പെറിയുടെ മരണത്തില്‍ പ്രതികരിച്ചിരുന്നില്ല. അതില്‍ അവര്‍ക്കെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഫ്രണ്ട്സിലെ മറ്റ് അഭിനേതാക്കളായ മാറ്റ് ലെബ്ലാങ്ക്, കോര്‍ട്ടെനി കോക്‌സ്, ഡേവിഡ് ഷ്വിമ്മര്‍, ജെന്നിഫര്‍ ആനിസ്റ്റണ്‍, ലിസ കുഡ്രോ എന്നിവര്‍ മാത്യു പെറിയുടെ മരണത്തില്‍ ദുഖമറിയിച്ചു കൊണ്ട് വന്നിരിക്കുകയാണ്.

‘മാത്യു, ഏറെ ഭാരിച്ച ഹൃദയത്തോടെയാണ് ഞാന്‍ വിട പറയുന്നത്. നമ്മള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ്. നീയുമായി വേദി പങ്കിടാനും നിന്നെ എന്റെ സുഹൃത്തെന്ന് വിളിക്കാനും കഴിയുന്നത് എനിക്ക് ഒരു ബഹുമതിയാണ്.

ഞാന്‍ നിന്നെ ഓര്‍ക്കുമ്പോഴെല്ലാം പുഞ്ചിരിക്കും, ഒരിക്കലും മറക്കില്ല. ഒരിക്കലും. ചിറകുകള്‍ വിടര്‍ത്തി പറക്കുക. നീ ഒടുവില്‍ സ്വതന്ത്രനായിരിക്കുകയാണ്,’ എന്നാണ് ഫ്രണ്ട്സില്‍ ചാന്‍ഡ്‌ലറിന്റെ ഉറ്റസുഹൃത്തായ ജോയിയുടെ കഥാപാത്രം ചെയ്ത മാറ്റ് ലെബ്ലാങ്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചു.

ചാന്‍ഡ്‌ലറിന്റെ പങ്കാളിയായ മോണിക്ക എന്ന കഥാപാത്രമായി അഭിനയിച്ച കോര്‍ട്ടെനി കോക്‌സ്, തന്റെ ദുഖം പങ്കുവെച്ചതിനൊപ്പം താനും ചാന്‍ഡ്‌ലറും ആ സീരീസില്‍ പങ്കാളികളായി വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും പറഞ്ഞു.

ഇരുവരും തമ്മിലുള്ള വൈകാരിക നിമിഷങ്ങള്‍ ഒരു എപ്പിസോഡില്‍ മാത്രം കാണിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും, എന്നാല്‍ പ്രേക്ഷക സ്വീകാര്യത കണ്ട് ആ സീരീസിലുടനീളം അവരെ പങ്കാളികളാക്കുകയായിരുന്നെന്നും കോര്‍ട്ടെനി കോക്‌സ് പറയുന്നു.

റേച്ചല്‍ എന്ന കഥാപാത്രം ചെയ്ത ജെന്നിഫര്‍ ആനിസ്റ്റണ്‍ മാത്യു പെറിയുടെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ട് ‘അവന്‍ നമ്മുടെ ഡി.എന്‍.എയുടെ ഭാഗമായിരുന്നു. നമ്മള്‍ എപ്പോഴും 6 പേരായിരുന്നു,’ എന്നും നമ്മള്‍ ഒരു തെരഞ്ഞെടുത്ത കുടുംബമായിരുന്നെന്നും പറഞ്ഞു.

ഡേവിഡ് ഷ്വിമ്മര്‍ മാത്യു പെറിയോടൊപ്പമുള്ള തന്റെ പ്രിയപ്പെട്ട നിമിഷങ്ങളിലെ ഫോട്ടോ പങ്കുവെച്ചു. ഇപ്പോള്‍ ആ ഫോട്ടോ തന്നില്‍ ഒരേ സമയം പുഞ്ചിരിയും സങ്കടവും ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫീബി എന്ന കഥാപാത്രം ചെയ്ത ലിസ കുഡ്രോ മാത്യു പെറിയോട് നന്ദി പറയുന്നതിനോടൊപ്പം ആദ്യമായി കണ്ടുമുട്ടിയതെങ്ങനെയെന്നും അവര്‍ എങ്ങനെ ഒരു കുടുംബമായി മാറിയെന്നും പങ്കുവെച്ചു.

Content Highlight: Friends Cast Share Emotional Tributes For Matthew Perry

We use cookies to give you the best possible experience. Learn more