ന്യൂദല്‍ഹി : അന്തരിച്ച വാര്‍ത്ത അവതാരകന്‍ ഗോപന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. കേരളാ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി നിഷേധിച്ചെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍ പൊതു ദര്‍ശനത്തിന് അനുമതി നിഷേധിച്ചതായാണ് പരാതി.
ഇന്നലെ രാത്രിയാണ് ഗോപന്‍ അന്തരിച്ചത്. രാത്രി തന്നെ പൊതുദര്‍ശനത്തിന് അനുമതി തേടി സുഹൃത്തുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നെന്നാണ് ദല്‍ഹിയിലെ മലയാളി സമാജം ഭാരവാഹികള്‍ പറയുന്നത്.
രാവിലെ എട്ടുമണിയോടെ അനുമതി ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ രാവിലെ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ സമീപിച്ചപ്പോള്‍ പൊതുദര്‍ശനത്തിന് സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്.
വീണ്ടും തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോള്‍ ട്രാവന്‍കൂര്‍ പാലസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കാമെന്ന് അറിയിച്ചു. ഇവിടെ ഇപ്പോള്‍ കാട് കയറിക്കിടക്കുകയാണ്. ഇത് അനാദരവാണെന്നു കണ്ട് പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം കല്‍ക്കാജിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വൈകിട്ട് 4.30 വരെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
അതേസമയം, മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം കേരളാ ഹൗസ് റസിഡന്റ് കമ്മീഷണര്‍ നിഷേധിച്ചു. ആരും രേഖാമൂലം അനുമതി തേടിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.