കൊച്ചി: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്യയുടെ പാര്‍ട്ണര്‍ ജിജുവിനെ വൈറ്റിലയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് അനന്യയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തിന് ശേഷം ജിജു മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് അനന്യയുടെ സുഹൃത്ത് വൈഗ സുബ്രഹ്‌മണ്യം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നും വൈഗ കൂട്ടിച്ചേര്‍ത്തു.
അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനന്യയുടെ മരണത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ഉത്തരവിട്ടിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.
എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തതെന്നും എന്നാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായും അനന്യ ആരോപിച്ചിരുന്നു.
ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.
സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടിരുന്നു.