ആസാമില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു
India
ആസാമില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 8:48 am

കൊക്രജാര്‍: ആസാമിലെ സ്ഥിതി വീണ്ടും വഷളാവുന്നു. പ്രദേശത്ത് കഴിഞ്ഞ രാത്രിയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കുണ്ട്. ആയുധധാരിയായ അക്രമകാരി ഗ്രാമത്തിലെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാള്‍ പിന്നീട് അപ്രത്യക്ഷനായി.[]

പ്രദേശത്ത് സുരക്ഷാ സൈനികര്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയശേഷം രാത്രി 11 മണിയോടുകൂടിയാണ് വെടിവെപ്പുണ്ടായത്. ചിരാഗില്‍ തുടരുന്ന അനിശ്ചിതകാല കര്‍ഫ്യൂ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കൊക്രജാറില്‍ കൂടി വ്യാപിപ്പിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കൊക്രജാറിലുണ്ടാവുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. ഞായറാഴ്ച ചിരാഗ്, കൊക്രജാര്‍ ജില്ലകളില്‍ നിന്ന്‌ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു.

ജൂലൈയിലാണ് ആസാമില്‍ ബോഡോകളും മുസ്‌ലീംകളും തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 70ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആസാം കലാപവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍..